World

ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതയേറുന്നു; വിമാനം പൊട്ടിപ്പിളര്‍ന്നത് ആകാശത്തുവച്ച് ?

ബീജിങ്: 132 പേരുടെ മരണത്തിനിടയാക്കിയ ചൈനീസ് വിമാനാപകടം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കുന്നു. മലയില്‍ ഇടിച്ചു തകരും മുമ്പ് തന്നെ വിമാനത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം കണ്ടെടുത്തു. അപകടം നടന്നയിടത്തു നിന്ന് പത്തു കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റേത് എന്ന് സംശയിക്കുന്ന ഒരു ഭാഗം കണ്ടെത്തിയത്. ഇത് തകര്‍ന്ന വിമാനത്തിന്റേത് തന്നെ എന്ന് അന്വേഷണ സംഘം ഉറപ്പിച്ചാല്‍, മലയിലേക്ക് കൂപ്പു കുത്തും മുമ്പ് ആകാശത്തുവെച്ചു തന്നെ വിമാനം പൊട്ടിപ്പിളര്‍ന്നിരുന്നു എന്ന നിഗമനത്തിലേക്ക് എത്തേണ്ടി വരും. എന്താണ് ഈ കണ്ടെടുക്കപ്പെട്ട ഭാഗം, എപ്പോഴാണ് അത് വിമാനത്തില്‍ നിന്ന് അടര്‍ന്നു വീണത് എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

തകരും മുമ്പ് വിമാനം ശബ്ദവേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. അതോടൊപ്പം അപകടം നടന്ന സ്ഥലത്തുനിന്നും അകന്നുമാറി തകര്‍ന്നുവീണ വിമാനഭാഗം കൂടി കണ്ടെടുത്തതോടെ അപകട കാരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ധിക്കുകയാണ്. തിങ്കളാഴ്ച ചൈനനയിലെ ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 132 പേരും കൊല്ലപ്പെട്ടതായി ചൈനീസ് ഔദ്യോഗിക മാധ്യമം സ്ഥിരീകരിക്കുകയായിരുന്നു. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആരെയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായില്ല. 9 ജീവനക്കാരും123 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്‌സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി നഷ്ടമാവുകയായിരുന്നു. മലമുകളിലേക്ക് വിമാനം കുപ്പുകുത്തി വീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിരുന്നു. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. വിമാനാപകടത്തിന് പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്‍ ചൈനീസ് പ്രസിഡന്റിനെ അനുശോചനം അറിയിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുപ്പതിനായിരം അടി ഉയരത്തില്‍ നിന്നാണ് വിമാനം മലമുകളിലേക്ക് കൂപ്പ് കുത്തിയത്.

മൂന്ന് മിനിറ്റിനുള്ളിലാണ് വിമാനം ആയിരത്തോളം മീറ്റര്‍ താഴ്ചയിലേക്ക് പതിച്ചത്. അപകടമുണ്ടായ മേഖലയിലേക്ക് എത്തിച്ചേരാനുണ്ടായ കാലതാമസവും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. വളരെ ചെറിയ പാതയാണ് മലമുകളിലേക്കുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള വലിയ വാഹനങ്ങള്‍ ഇതിനാല്‍ ഈ മേഖലയില്‍ എത്തിക്കാന്‍ കാലതാമസമുണ്ടായിരുന്നു. നിലത്തേക്ക് വീഴുന്ന സമയത്ത് വിമാനത്തില്‍ നിന്ന് പുകയൊന്നും കണ്ടിരുന്നില്ലെന്നും എന്നാല്‍ കുത്തനെ വീഴുകയായിരുന്നുവെന്നുമാണ് അപകടത്തേക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായ പ്രദേശത്തെ മരങ്ങളില്‍ വിമാനത്തില്‍ നിന്നുള്ള വസ്ത്രങ്ങളും മറ്റും തൂങ്ങിയ നിലയില്‍ കണ്ടുവെന്നും പ്രദേശവാസികള്‍ പ്രതികരിച്ചിരുന്നു.

 

Back to top button
error: