ലക്‌നൗ: ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിയ യുവതിയെ അനുവാദമില്ലാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ റെയില്‍വേ ആശുപത്രിയിലാണ് 30 വയസ്സുകാരിക്ക് വന്ധ്യംകരണം നടത്തിയത്. റെയില്‍വേ സുരക്ഷാ സേനയിലെ ജീവനക്കാരനായ യോഗേഷ് ബാഗേലിന്റെ ഭാര്യയെയാണ് മുന്‍കൂട്ടി അനുമതി വാങ്ങാതെ വന്ധ്യംകരണത്തിന് വിധേയയാക്കിയത്. യോഗേഷ് പൊലീസില്‍ പരാതി നല്‍കി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആഗ്ര ഡിവിഷന്‍ റെയില്‍വേ അഡ്മിനിസ്ട്രേഷന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കി.
യുവതി മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു പതിവായി പരിശോധന നടത്തിയിരുന്നത്. അടുത്തിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് ഇല്ലെന്നും ഗര്‍ഭഛിദ്രം നടത്താനും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ ആശുപത്രിയിലും പരിശോധന നടത്തി. അവിടെയും ഡോക്ടര്‍മാര്‍ ഇതേ നിര്‍ദേശം മുന്നോട്ടുവച്ചു. ഇതനുസരിച്ചായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ യുവതിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭഛിദ്രത്തിനൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിയെന്ന് വ്യക്തമായത്. സംഭവം ഒളിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചതായും അപമര്യാദയായി പെരുമാറിയതായും യോഗേഷ് ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തെ രോഗിയുടെ ഫയല്‍ കാണിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും യോഗേഷ് പറഞ്ഞു. സംഭവത്തില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.