പിണറായി: പാഴ്‌വസ്തുക്കൾകൊണ്ട് കളിപ്പാട്ടങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് ഒമ്പതാം ക്ലാസ്സുകാരൻ അൻഷിക്. പാഴ് വസ്തുക്കൾ ചവറ്റുകുട്ടയിൽ വലിച്ചെറിയേണ്ടവയല്ല എന്ന വലിയപാഠം പഠിപ്പിക്കുകയാണ് 14 കാരനായ ഈ വിദ്യാർഥി. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴാണ് കളിപ്പാട്ടങ്ങളുണ്ടാക്കാൻ താൽപര്യമുണ്ടായത്. ആദ്യം യൂട്യൂബിൽ നോക്കി കാർബോർഡ് ഉപയോഗിച്ച് ബൈക്ക് ഉണ്ടാക്കി. വീട്ടുകാരുടെ പ്രോത്സാഹനം ലഭിച്ചപ്പോൾ ബസ്സും ഓട്ടോയും പായ്കപ്പലും വീടുകളും നിർമ്മിച്ചു. ഐസ്ക്രീം സ്റ്റിക്ക്, കടലാസ്, കാർബോർഡ് , പിസ്ത തോട്, പാള, ചിരട്ട, തെങ്ങിന്റെ അല്ലി എന്നിവയെല്ലാം നിർമാണത്തിനുപയോഗിച്ചു.
ചിരട്ടകൊണ്ടുണ്ടാക്കിയ പാവയും പിസ്ത കൊണ്ടുണ്ടാക്കിയ പൂക്കളും പാള കൊണ്ടുണ്ടാക്കിയ ചെരുപ്പുമൊക്കെ ഒന്നിനൊന്ന് വേറിട്ട് നിൽക്കുന്നു.
ആവശ്യക്കാരുണ്ടായതോടെ നിർമാണം കാര്യമായെടുത്തു. വീട് നിറയെ കരകൗശല വസ്തുക്കൾകൊണ്ട് കമനീയമാക്കിയ അൻഷിദ് ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണത്തിനും ഗൃഹപ്രവേശനത്തിനും താൻ നിർമ്മിച്ച വസ്തുക്കളാണ് സമ്മാനമായി നൽകുന്നത്.
ദേശീയ ഉത്സവ് പരിപാടിയിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും പാലയാട് സ്കൂളിലെ ഈ വിദ്യാർഥിക്ക് ലഭിച്ചിട്ടുണ്ട്. തയ്യൽത്തൊഴിലാളിയായ മേലൂരിലെ കുന്നുമ്പ്രത്ത് വീട്ടിൽ സജീവന്റെയും മേലൂർ വായനശാലാ ലൈബ്രേറിയനായ വിജുളയുടെയും മകനാണ്. മകന്റെ കലാ പ്രവർത്തനങ്ങൾക്ക് മാതാപിതാക്കൾ പൂർണ പിന്തുണ നൽകുന്നു. പിണറായി വെസ്റ്റിലെ സി. മാധവൻ സ്മാരക വായനശാലയുടെ ഓൺലൈൻ ആർട്ട് ഗ്യാലറി ചിത്രജാലകത്തിൽ 20ന് അൻഷിക്കിന്റെ കളിപ്പാട്ടങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം ഒരുക്കിയിട്ടുണ്ട്.