KeralaNEWS

അമിതകോപം നിങ്ങളെ അലട്ടുന്നുവോ,ഇതാ പരിഹാരമാർഗ്ഗങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്ത ആരും കാണില്ല.പക്ഷെ ദേഷ്യം അമിതമാകുകയും അത് നിയന്ത്രണാതീതമാവുകയും ചെയ്താൽ അത് മറ്റുപല കുഴപ്പങ്ങളിലേക്കും നയിക്കും.ദേഷ്യത്തിന് കാരണം പലതാണ്.
  • കുറഞ്ഞ പ്രതിരോധശേഷി
  • ഉറക്കമില്ലായ്മ
  • പാരമ്പര്യം
  • ഉയർന്ന രക്തസമ്മർദ്ദം
  • ഉത്കണ്ഠയും വിഷാദവും
  • മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദീർഘകാല ഉപയോഗം.
വഴക്കിടുന്ന സമയത്ത് അമിത ദേഷ്യം വരുമ്പോൾ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവരാണ് നമ്മളിൽ മിക്കവരും.പക്ഷേ, ഒരിക്കലെങ്കിലും നിങ്ങളുടെ ദേഷ്യം കാരണം വരാൻ സാധ്യതയുള്ള അനന്തര ഫലങ്ങളെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒരുപക്ഷേ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
ദേഷ്യം വരുമ്പോള്‍ കൂടുതൽ സംസാരിച്ച് പ്രശ്നം വഷളാക്കാൻ നിൽക്കാതെ അവിടെ നിന്നും എഴുന്നേറ്റു നടക്കാന്‍ പോവുക.കുറച്ച് സമയം ശുദ്ധവായു ശ്വസിച്ചു നടക്കുന്നത് നിങ്ങളുടെ ദേഷ്യം നിയന്ദ്രിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും.
നിങ്ങൾക്ക് ദേഷ്യം വരാൻ പോകുന്നുവെന്ന് മനസ്സിലായിക്കഴിഞ്ഞാൽ ഉടൻ തന്നെ കുറച്ച് മാറി നിന്ന് ദീർഘമായി ശ്വാസോച്ഛാസം ചെയ്യുക.ഇത് നിങ്ങളുടെ മനസ്സിനെ തീർച്ചയായും ശാന്തമാകും.അതേപോലെ നിങ്ങളുടെ ശരീരത്തിലും മനസ്സിലുമുള്ള പിരിമുറുക്കവും അസ്വസ്ഥതയും നീക്കംചെയ്യാൻ.യോഗ സഹായിക്കും.
മുന്നോട്ടുള്ള ജീവിതം ശാന്തിയും സമാധാനവുമായിട്ട് കൊണ്ടുപോകാന്‍ കോപം നിയന്ത്രിക്കേണ്ടതുണ്ട്.മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുകവഴി നിങ്ങള്‍ക്ക് വേഗത്തില്‍ മനസ്സിനെ കീഴ്‌പ്പെ ടുത്തുവാന്‍ സാധിക്കും.ജീവിതത്തെ പ്രസാദാത്മകമായി കാണുന്നവര്‍ക്കും നര്‍മ്മ ബോധമുള്ളവര്‍ക്കും ഇത് വളരെ എളുപ്പമാണ്.

ഗുരുതരമായ പ്രശ്‌നങ്ങളെപ്പോലും  ലാഘവത്തോടെ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും.ഒരല്പം ദേഷ്യം തോന്നിയാലും അത് വളര്ത്തിയെടുത്തു പ്രശ്‌നങ്ങള്‍ വഷളാക്കാതിരിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്.ശാന്തമായി പ്രതികരിക്കുവാനും പ്രകോപനത്തിനടിമപ്പെടാതിരിക്കുവാനും കഴിഞ്ഞാൽ മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരമാകും.അതേപോലെ ദേഷ്യത്തോടെ ഇരിക്കുമ്പോൾ ഒരിക്കലും തീരുമാനങ്ങളെടുക്കുകയോ മറ്റ് പരിഹാരമാർഗ്ഗങ്ങളെപ്പറ്റി  ചിന്തിക്കുകയോ ചെയ്യരുത്.

 

 

അനിയന്ത്രിതമായ കോപത്തിന്റെ പൊട്ടിത്തെറിയാണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണം.പക്ഷെ നല്ല രീതിയിൽ പ്രാർത്ഥനയുള്ള വീട്ടിൽ ഇതൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും.അതെ പലപ്പോഴും പ്രാർത്ഥന നല്ലൊരു മരുന്നാണ്.മനസ്സിനെ സംഘർഷങ്ങളുടെ ചുഴിയിൽ നിന്നും രക്ഷിച്ചുനിർത്താൻ പ്രാർത്ഥനയ്ക്ക് കഴിയും.

 

ദുർബലമായ വ്യക്തിത്വത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും ബഹിർസ്ഫുരണമാണ് കോപം.ഒരു വികാരജീവിയായി ക്ഷിപ്രകോപത്തിന് അടിമപ്പെടാതെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർ ജീവിതവിജയം നേടും.വികാരത്തിന് അടിമപ്പെടുന്നവർ തലതിരിഞ്ഞു നിൽക്കുന്നവരെപ്പോലെയാണ്.എല്ലാം തലതിരിഞ്ഞു മാത്രമേ കാണുകയുള്ളൂ.
പ്രാർത്ഥന പോലെ മറ്റൊന്നാണ് ചിരി. ശരീരത്തിന്റെ ഹാനികരമായ സംഘർഷങ്ങളെയും സമ്മർദ്ദങ്ങളെയും അതിജീവിക്കാൻ ചിരിപ്രയോഗം വളരെ ഫലപ്രദമാണ്.നല്ല വ്യായാമം,നല്ല ഭക്ഷണം,നല്ല വായു,നല്ല പുസ്തകം,നല്ല മനോഭാവം പ്രാർത്ഥന…ഇവ നമ്മളെ സമ്പന്നരാക്കും.
അടുത്തത് സ്നേഹമാണ്. സ്നേഹമില്ലായെങ്കിൽ നമ്മൾ ഏതുമില്ല എന്നോർക്കണം (without love we are nothing).പരസ്പരം സ്നേഹിച്ചും സഹിച്ചും ക്ഷമിച്ചും പങ്ക് വച്ചും നീളേണ്ട ഒരു യാത്രയാണ് ജീവിതം.സ്നേഹവും സമാധാനവും പ്രാർത്ഥനയുമുള്ള കുടുംബങ്ങളിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്നുമോർക്കുക.
ഒരു വാക്കു കേട്ട് കുപിതനാകാൻ തക്കവണ്ണം നമ്മൾ നിസ്സാരരാകരുത്.കോപിക്കാൻ എല്ലാവർക്കും കഴിയും.എന്നാൽ ക്ഷമിക്കാൻ ചിലർക്കേ കഴിയുവെന്നതും മറക്കാതിരിക്കുക.പ്രാർത്ഥന, ചിരി, സ്നേഹം.. ഇത് ജീവിതത്തെ മാറ്റിമറിക്കുക തന്നെ ചെയ്യും, ആത്മാർത്ഥമായി ശ്രമിച്ചാൽ !

ഇനി കഴിയാവുന്ന മാർഗ്ഗങ്ങളൊക്കെ പരീക്ഷിച്ചിട്ടും നിങ്ങൾക്ക് കോപം നിയന്ത്രിക്കുവാനാകുന്നില്ലെങ്കിൽ വിദഗ്ദോപദേശം തേടുന്നത് സഹായകമായിരിക്കും.ഒരു കൗണ്‍സിലിംഗ് കൊണ്ട് മാറാവുന്ന പ്രശ്നങ്ങളേ ചിലപ്പോൾ നിങ്ങൾക്ക് ഉണ്ടാവൂ.ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കിൽ അതിൽ നിന്നും മോചനം നേടുന്നതും നല്ലതായിരിക്കും.

 

 

ഓർക്കുക: മുൻകോപം ഒന്നിനും പരിഹാരമാകുന്നില്ല.അത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും കൂടുതൽ പ്രശ്നങ്ങളിലേക്ക് തള്ളി വിടുക മാത്രമാണ് ചെയ്യുന്നത്.

Back to top button
error: