KeralaNEWS

എരിക്കിന്റെ ഔഷധഗുണങ്ങൾ

ട്ടനവധി ഔഷധസസ്യങ്ങളുടെ കലവറയാണ് കേരളം.യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ കൂടുതൽ ഫലം തരുന്ന ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ മണ്ണിൽ തഴച്ചു വളരുന്നുണ്ട്.അത്തരത്തിൽ ഏറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് എരിക്ക് (giant calotrope). എന്നാൽ ഇതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് യാതൊരു തരത്തിലുള്ള അറിവും ഇല്ല എന്നതാണ് വാസ്തവം. എരിക്കിൻ്റെ പൂവും, ഇലയും, കറയും എല്ലാം ഔഷധയോഗ്യം തന്നെ. പ്രമേഹമടക്കമുള്ള പല രോഗങ്ങളേയും തടയാനുള്ള സവിശേഷ കഴിവുണ്ട് ഇതിന്.
എരിക്ക് രണ്ടുതരമുണ്ട്.ചുവന്ന പൂവോട് കൂടി കാണുന്ന ചിറ്റെരിക്കും വെളുപ്പും നീലയും കൂടിയ നിറമുള്ള വെള്ളെരിക്കും.ഇതിൽ വെള്ളെരിക്കിനാണ് ഔഷധ ഗുണങ്ങൾ കൂടുതലുള്ളത്. ഇന്ത്യയിലുടനീളം ഈ ഔഷധസസ്യത്തെ നമുക്ക് കാണാവുന്നതാണ്.വിയർപ്പിനെ ഉണ്ടാക്കുന്ന ഔഷധം എന്നാണ് ചരകസംഹിതയിൽ ഈ സസ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
       തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്. എരിക്കിന്റെ (erikk) കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും.എരിക്കിൻ കറ പുരട്ടിയാൽ പാലുണ്ണി, അരിമ്പാറ എന്നിവ മാറിക്കിട്ടും.സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിന്റെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി. എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്.മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻ്റെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതുപോലെ ഇതിൻ്റെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻ്റെ പഴുത്ത ഇല  മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചുട്ടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം. മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി.പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും.
എരിക്കിൻ്റെ ഇലയിട്ട് തിളപ്പിച്ച  വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും.നടുവേദന മാറുവാനായി എരിക്കിൻ ഇല ചെറുതായി മുറിച്ച് വേപ്പെണ്ണയിലിട്ടു കാച്ചി കൂടെ നാരങ്ങ, തേങ്ങാപ്പീര, മഞ്ഞൾ പൊടി, വെളുത്തുള്ളി, ഇന്ദുപ്പ്, ശതകുപ്പ എന്നിവ ചേർത്ത് കിഴി കെട്ടി പിടിച്ചാൽ മതി.തേങ്ങാപ്പാലും എരുക്കിന്റെ നീരും ചേർത്ത് വെയിലത്തിട്ട് വറ്റിച്ച് എടുത്ത സത്ത് ത്വക്കിൽ പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ മാറും.എരിക്കിന്റെ  ഇലയിട്ട്  തിളപ്പിച്ചാറ്റിയ വെള്ളം തടി കുറയ്ക്കുവാൻ നല്ലതാണ്. ഇതിന് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഉള്ള സവിശേഷ കഴിവുണ്ട്. മാത്രമല്ല ശരീരത്തിൽ കാണപ്പെടുന്ന ടോക്സിനുകൾ നീക്കം ചെയ്യാനും ഈ പ്രയോഗം ഫലവത്താണ്.ഈ വെള്ളം നിത്യേന സേവിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ  ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി.വെള്ളെരിക്കിന്റെ  പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്. കൈ കഴപ്പ്, കൈ തരിപ്പ്, വേദന തുടങ്ങിയവ മാറാൻ രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരിക്കിന്റെ ഇലയും കല്ലുപ്പും അരച്ചു നല്ലെണ്ണയിൽ ചേർത്തു കിഴി പിടിക്കുന്നത് ഗുണകരമാണ്. എരിക്കിൻ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും.അതേസമയം എരിക്കിന്റെ ഇലയ്ക്ക് വിഷവീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്.അതിനാൽ ഒരു വൈദ്യന്റെ നിർദ്ദേശപ്രകാരം മാത്രം ഇത് ഉപയോഗിക്കുക.

Back to top button
error: