KeralaNEWS

ആഹാരമാണ് ഔഷധം, മുരിങ്ങയില കഴിക്കൂ രോഗങ്ങളെ പ്രതിരോധിക്കൂ. കൊളസ്ട്രോൾ കുറയ്ക്കും ഓര്‍മശക്തി വർദ്ധിപ്പിക്കും, കരളിനെ സംരക്ഷിക്കും

ഹാരമാണ് ഔഷധം എന്ന ചൊല്ല് സാർത്ഥകമാക്കുകയാണ് മുരിങ്ങയില. പലർക്കും ഇതിൻ്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. നിരവധി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമായത്. മുരിങ്ങയുടെ എല്ലാ ഭാഗവും ആരോഗ്യത്തിന് ഉത്തമമാണെന്ന് ആയുർവേദ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവക്കു പുറമെ ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ മറവിരോ​ഗം വരാതിരിക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താൻ ഉത്തമമാണ് മുരിങ്ങയില.

എല്ലാ ദിവസവും മുരിങ്ങയിലയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വഴറ്റി കഴിച്ചാല്‍ പ്രമേഹ സാധ്യത പൂര്‍ണമായും ഇല്ലാതാക്കാം. സ്ത്രീകള്‍ മുരിങ്ങയില മഞ്ഞള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് മാസമുറ സമയത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും. ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനയും മറ്റ് അസ്വസ്ഥതകളും അകറ്റാൻ ഏറ്റവും മികച്ചതാണ് മുരിങ്ങയില. മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്.

അന്നജം, മാംസ്യം, കൊഴുപ്പുകൾ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തിൽ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങൾ നിയന്ത്രിക്കുന്നു. മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉണ്ട്. ഇവ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. ഇവയിൽ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും.

കൊളസ്ട്രോൾ കുറയ്ക്കുന്നു

ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ നിലകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാർഡിയോവാസ്കുലാർ രോഗങ്ങൾക്ക് (cardiovascular diseases) കാരണമാകുന്നു. അതിനാൽ കൊളസ്‌ട്രോൾ ഉള്ളവർ അവരുടെ ഭക്ഷണത്തിൽ മുരിങ്ങയില സ്ഥിരമായി ഉൾപ്പെടുത്താൻ ശ്രമിക്കണം.

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ

മുരിങ്ങയിലെ ഐസോതയോസയനേറ്റുകളുടെ (Isothiocyanates) സാന്നിധ്യം മനുഷ്യന്റെ ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷനുകൾക്ക് പരിഹാരമാണ്. മുരിങ്ങ ഇലകളിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ക്യാൻസർ, ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ നിരവധി ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ പ്രധാന കാരണം ശരീരത്തിനുള്ളിലെ വീക്കമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

മുരിങ്ങയിലെ ഐസോതയോസയനേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ശരീര അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു.

കരളിനെ സംരക്ഷിക്കുന്നു

ക്ഷയ രോഗത്തിന് കഴിക്കുന്ന മരുന്നുകളുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കുന്നതിനാൽ ക്ഷയരോഗം ബാധിച്ച ആളുകൾ മുരിങ്ങ ഇലകൾ കഴിക്കുന്നത് വളരെയധികം പ്രയോജനകരമാണ്. ഇത് മാത്രമല്ല, മുരിങ്ങ ഇലകൾ കരൾ കോശങ്ങളെ നന്നാക്കുകയും കരളിനെ മറ്റ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

മുരിങ്ങയുടെ ഔഷധ ഗുണങ്ങൾ മൂലം എത്രയോ വർഷങ്ങളായി മനുഷ്യർ അത് വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നു. ഇടയ്ക്കെങ്കിലും മുരിങ്ങയിലെ കായും പൂവും ഇലകളുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്.

മുരിങ്ങയിലയിൽ സിങ്ക്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി 1 (തയാമിൻ), മഗ്നീഷ്യം, ബി 2 (റൈബോഫ്ലാവിൻ), ബി 3 (നിയാസിൻ), ബി-6, പൊട്ടാസ്യം, ഫോളേറ്റ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി), ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാണ് ഇവ. യാതൊരു ചിലവുമില്ലാതെ വീട്ടിൽ തന്നെ മുരിങ്ങ വളർത്തി ആഹാരത്തിന്റെ ഭാഗമാക്കാവുന്നതേ ഉള്ളു. അതുകൊണ്ട് മുരിങ്ങ വിഭവങ്ങൾ പതിവായി കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ.

ഡോ. മഹാദേവൻ

Back to top button
error: