ആറന്മുള
വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ ആരംഭിച്ചു.സാംസ്‌കാരിക വകുപ്പ് മന്ത്രി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ടായിരുന്നു മന്ത്രി ഉദ്ഘടനം നിർവഹിച്ചത്. ആറന്മുളയിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്ഥാപനം എന്നതിലുപരി
വാസ്തുവിദ്യാ ഗുരുകുലത്തെ ഒരു അന്തർദേശീയ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഗുരുകുലവും കേരള ലളിതകലാ അക്കാദമിയും ചേർന്ന് റൂറൽ ആർട്ട് ഹബ് പദ്ധതി വ്യാപകമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മണ്മറഞ്ഞ കലാ സംസ്‌കൃതിയെ വാസ്തുവിദ്യാ ഗുരുകുലം മുഖേനെ പരിപോഷിപ്പിക്കുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നല്ല ടീം വർക്കുള്ള സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ വിഭാവനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി വിസ്മയം സൃഷ്ടിക്കുവാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷയായിരുന്നു.
വാസ്തുവിദ്യാ ഗുരുകുലത്തിന് സ്വന്തമായൊരു കെട്ടിടം ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
മന്ത്രി അഡ്വ. ജി. ആർ. അനിൽ വിശിഷ്ടാതിഥിയായിരുന്നു.
കല, സംസ്കാരം, പരിസ്ഥിതി രംഗങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെയ്ക്കുന്നവർക്കായി പാലക്കാട് വെള്ളിനേഴിയിലെ സംസ്കൃതി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം പ്രൊഫ.പ്രദോഷ്‌കുമാർ മിശ്രയ്ക്ക് ചടങ്ങിൽ സമ്മാനിച്ചു. 50,001 രൂപയും പ്രശ്‌സ്തിപത്രവുമാണ് പുരസ്കാരം.
സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, ചിത്രകാരൻ ബി. ഡി. ദത്തൻ, വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി ശങ്കർ, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ന് (വ്യാഴം )വൈകിട്ട് 5.30 ന് നടക്കുന്ന സെമിനാർ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കളമെഴുത്ത് ചരിത്രവും ശൈലിയും എന്ന വിഷയത്തെക്കുറിച്ച് കെ. യു. കൃഷ്ണകുമാറും ഒഡീഷയുടെ ചുമർ ചിത്രകലാ പാരമ്പര്യം എന്ന വിഷയത്തെക്കുറിച്ച് പ്രൊ. പ്രാദോഷ് കുമാർ മിശ്രയും സെമിനാർ നയിക്കും. ചെട്ടികുളങ്ങര ജയകുമാറിന്റെ കളമെഴുത്തും ഉണ്ടാകും.
ക്യാമ്പ് 15 നു സമാപിക്കും.