KeralaNEWS

കുവൈറ്റിൽ 18 അല്ലെങ്കിൽ 20ാം നമ്പർ വിസയിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക്

കുവൈറ്റിലേക്ക്  ഡേകെയർ, വനിതാ കുക്ക്, ഹോസ്പിറ്റൽ ക്ലീനിങ്, സ്കൂൾ ക്ലീനിങ്, വനിതാ പേഷ്യന്റ് കെയർ,  ഹോം നേഴ്സ്, സോഷ്യൽ അഫേഴ്സ്  തുടങ്ങി ഫുഡ് സർവെൻറ് വരെയുള്ള ഒട്ടനവധി വേക്കൻസികൾ ഉണ്ട്. രണ്ടു വർഷത്തെ എഗ്രിമെന്റ് ആണ് 38,000 മുതൽ 85,000 രൂപവരെ സാലറി.ഫുഡ് അക്കോമഡേഷൻ, റിട്ടേൺ ടിക്കറ്റ് മുതലായവ ഫ്രീ ആയി നൽകപ്പെടും. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക ആവശ്യക്കാർ മാത്രം വിളിക്കുക…..
ഇത്രയും കണ്ടപ്പോൾ പരസ്യത്തിൽ ആകൃഷ്ടരായ പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ എത്തപ്പെടുന്നത് ചിലപ്പോൾ ചിലന്തിവലയിൽ ആയിരിക്കും.ഇത്തരം മോഹനവാഗ്ദാനങ്ങൾ കണ്ട് നാട്ടിൽ നിന്നും നിങ്ങൾ കുവൈത്തിലേക്ക് വണ്ടി കയറി വരും. വന്നാൽ അന്നുതന്നെ നിങ്ങളെ മറ്റൊരാൾക്ക് വിൽക്കുകയാണ് ഇവിടെ ചെയ്യുന്നത്. അത് 2500 മുതൽ 3000 കുവൈറ്റി ദിനാർ വരെ വില വാങ്ങിക്കൊണ്ടാണ് ചെയ്യുന്നതും. ( ഇന്ന് ഒരു ദിനാർ വില 246 രൂപയാണ്. അതായത് നിങ്ങളുടെ വില ആറ് ലക്ഷം രൂപ മുതൽ ഏഴര ലക്ഷം വരെയെന്ന്! ) അവിടെ നിങ്ങൾ അടിമപ്പണിയാണ് ചെയ്യേണ്ടിവരുന്നത്. അങ്ങനെ വന്നു പെട്ടാൽ പിന്നെ അവിടെ നിന്നും പുറത്തു ചാടുക ദുഷ്കരവുമാണ്.
നാട്ടിൽ നിന്നും നിന്നും കുവൈത്തിൽ വന്നു കഴിഞ്ഞാൽ ഇവിടുത്തെ ഏജൻസി നിങ്ങളെ രക്ഷിക്കാൻ ഒരിക്കലും താല്പര്യം കാണിക്കില്ല. കുവൈത്തിലെ ഏജൻസി നിങ്ങളെ പറഞ്ഞു വിട്ട വീട്ടിൽ/സ്ഥാപനത്തിൽ നിങ്ങൾക്ക് എന്തു പ്രശ്നമുണ്ടായാലും അവർ ഇടപെടില്ല.കാരണം ഏജൻസി നിങ്ങളുടെ വിലയായി വാങ്ങിയ പണം തിരികെ കൊടുത്തു വേണം നിങ്ങളെ തിരികെ കൊണ്ടുവരാൻ.അതിന് അവർ ഒരിക്കലും തയ്യാറാകുകയുമില്ല.
“നിങ്ങളോട് നാട്ടിൽനിന്ന് എന്തു പറഞ്ഞു എന്ന് ഞങ്ങൾക്ക് അറിയില്ല, അറിയേണ്ട ആവശ്യവുമില്ല.നിങ്ങൾ ഞങ്ങൾ അയച്ചുതന്ന വിസ വായിച്ചുനോക്കണമായിരുന്നു.അതിൽ കൃത്യമായി എഴുതിയിട്ടുണ്ട്”- എന്നായിരിക്കും അവരുടെ മറുപടി.
 ഹോസ്പിറ്റൽ ക്ലീനിംഗ് ജോലി, സ്കൂൾ ഹെൽപ്പർ ജോലി, ഡേ കെയർ, – ഒക്കെ വിസ 18 നമ്പരിൽ പെടും.അതായത്-സ്വകാര്യ മേഖലയിൽ! വീട്ടുജോലി(House Maid) 20ാം നമ്പരും.പക്ഷെ നിങ്ങൾക്ക് നാട്ടിൽ കിട്ടുന്ന വിസയുടെ കോപ്പിയിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് നിങ്ങൾക്ക് വായിക്കാൻ കഴിയില്ല.നാട്ടിൽ എത്രപേർക്ക് അറബി വായിക്കാൻ അറിയാം ?  ചില ആളുകൾക്ക് അറബി വായിക്കാൻ അറിയാമെങ്കിലും വിസയിൽ എഴുതിയിരിക്കുന്നത് വായിച്ചാൽ കൃത്യമായി മനസ്സിലാകണമെന്നില്ല.അപ്പോൾ കുവൈത്തിൽ പരിചയമുള്ള ആർക്കെങ്കിലും നിങ്ങളതിന്റെ കോപ്പി അയച്ചുകൊടുക്കുക അവരിത് ഏത് വീസാ ആണെന്ന് വല്ല ടൈപ്പ് ചെയ്യുന്ന ആളുകളുടെയും അടുത്തുകൊണ്ടു കൊടുത്തു അന്വേഷിക്കും അപ്പോൾ നിങ്ങൾക്ക് ലഭിച്ചത് ഇരുപതാം നമ്പർ വിസ ആണെങ്കിൽ സുഹൃത്തുക്കളെ ഒരുകാരണവശാലും നിങ്ങൾ കയറി വരരുത്.വീട്ടുജോലി ചെയ്യാൻ ആണെന്ന് കൃത്യമായി പറഞ്ഞു കൊണ്ടുവരുന്ന ആളുകളുണ്ട്. വിസായിൽ അതിനായി തന്നെ എന്നു നിങ്ങൾ അറിഞ്ഞിട്ട് എന്തും സഹിക്കാൻ തയ്യാറായി വന്നാൽ കുഴപ്പമില്ല.നാട്ടിൽ നിന്നും തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവരുന്നവർ ഇവിടെ വന്നു കുടുങ്ങിയാൽ നിങ്ങളെ രക്ഷിക്കാൻ ആരും വരില്ല കാരണം നിങ്ങൾക്ക് രക്ഷപ്പെടാൻ ആരെ സമീപിക്കണമെന്ന് അറിയാത്തവരാണ്. അങ്ങനെ ഇവിടെ വന്നു കുടുങ്ങിയവർ ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട് അങ്ങനെ ചെയ്യുമ്പോഴും നഷ്ടം അവർക്കും അവരുടെ കുടുംബത്തിനും മാത്രം.വല നെയ്ത് ഇരപിടിക്കാൻ കാത്തിരിക്കുന്ന ചിലന്തികൾ അടുത്ത ഇരയെ തേടി അപ്പോഴും വലവിരിച്ചു തന്നെയിരിക്കും. ഇവിടെ വന്ന പലരും ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാതെ കുഞ്ഞുങ്ങളുടെ മുഖം ഓർത്ത് എല്ലാം  സഹിച്ചു കഴിഞ്ഞു പോകുന്നു. ഇവിടെ കൊണ്ടു വരുന്ന ഏജൻസിയുടെ ആളുകളെ ഇത്തരം സാഹചര്യത്തിൽ നിങ്ങൾ വിളിച്ചാൽ അവർ പറയുന്ന മറുപടി നിങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല.ചിലപ്പോൾ തെറിയും ഭീഷണിയും ആയിരിക്കും മറുപടി.പരാതി പറഞ്ഞതിന്റെ പേരിൽ ഉപദ്രവവും നേരിടേണ്ടി വന്നേക്കാം.കള്ളക്കേസിൽ അകപ്പെടാം.കാരണം അവർ നിങ്ങളെ വിറ്റുകഴിഞ്ഞതാണ്.ഒരാൾക്ക് വില വാങ്ങി വിറ്റു കഴിഞ്ഞാൽ പിന്നെ അവർ നിങ്ങളെ രക്ഷിക്കാൻ വരികയില്ല.കാരണം അവർ നിങ്ങളുടെ വിലയായി വാങ്ങിയ പണം തിരികെ കൊടുക്കേണ്ടിവരും അങ്ങനെ കൊടുക്കാൻ അവർ ഒരിക്കലും തയ്യാറാകുകയുമില്ല.നാട്ടിൽ നിന്ന് കയറ്റി വിടുന്ന ആൾക്ക് ഒരു ലക്ഷം രൂപയും ഒന്നര ലക്ഷം രൂപയും ഇതിൽ നിന്നും പങ്കു കിട്ടിയിട്ടുണ്ടാവും എന്നതിനാൽ അയാളും കൈമലർത്തും.
 ഇവിടെ വരുന്നതിനു വിസയ്ക്ക് 15000 രൂപയിൽ താഴെയാണ് ചിലവ്. 20,000 രൂപയ്ക്ക് അകത്താണ് വിമാന ടിക്കറ്റിന് ചിലവ് വരുക മുഴുവൻ ചിലവ് 35000 രൂപ.പക്ഷെ നിങ്ങൾക്കു മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ടാൽ മൂന്നു-നാലു ലക്ഷത്തിൽ കുറയാതെ തിരികെ നൽകേണ്ടി വരും.(നിങ്ങൾക്ക് അത്രയും പണമുണ്ടായിരുന്നെങ്കിൽ കുവൈത്തിൽ വന്ന് ഈ കുടുക്കിൽ അകപ്പെടുക ഇല്ലായിരുന്നല്ലോ!)
 അതുകൊണ്ടുതന്നെ ഒരിക്കൽ കൂടി പറയുകയാണ്, ഇത്തരം ചതിക്കുഴിയിൽ പെട്ടു ജീവിതം നരകതുല്യം ആക്കരുത്.ഇവിടെ വന്നു പെട്ടാൽ ഒരുപക്ഷേ നിങ്ങൾക്ക് തിരിച്ചുപോകാൻ കഴിഞ്ഞെന്നുവരില്ല. അതുപോലെയുള്ള കൊടിയ പീഡനങ്ങൾ നിങ്ങൾക്ക് ഏൽക്കേണ്ടിവരും.നിങ്ങൾ കരുതും ഇവിടെ എട്ടു മണിക്കൂർ മാത്രമാണ് ജോലി എന്ന്.ഇത്തരം ഇരുപതാം നമ്പർ വിസയിൽ വരുന്ന നിങ്ങൾക്ക് ജോലിക്ക് പ്രത്യേക സമയമില്ല എന്നുകൂടി മനസ്സിലാക്കുക ജോലിക്ക് എത്തിപ്പെട്ട വീട്ടുകാരുടെ താൽപര്യമാണ് നിങ്ങളുടെ ഒഴിവ് സമയങ്ങൾ.ഖദ്ദാമ്മ ആയിട്ട് വരുന്ന നിങ്ങളുടെ ഒരു താല്പര്യവും ഇവിടെ നടക്കില്ല.ചിലരെങ്കിലും നിങ്ങൾക്ക് വിശ്രമിക്കാനുള്ള സമയം തരും. എന്നാൽ ബഹുഭൂരിപക്ഷവും അങ്ങനെയല്ല എന്ന് മനസ്സിലാക്കുക.
ഇത്തരം വിസയിൽ വരാൻ ആഗ്രഹിക്കുന്നവർ ഏജൻസി വഴിയല്ല വരേണ്ടതെന്നും ഓർമ്മിപ്പിക്കട്ടെ.നിങ്ങളുടെ സുഹൃത്തുക്കൾ ബന്ധുക്കൾ സ്നേഹിതരായവർ നാട്ടുകാർ അങ്ങനെയുള്ള ആരെങ്കിലും കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ അവരിലൂടെ നിങ്ങൾക്ക് വിസ ലഭിക്കുമെങ്കിൽ അവരോടൊപ്പം ജോലിയെങ്കിൽ  നിങ്ങൾക്ക് തീർച്ചയായും കടന്നു വരാം.കാരണം നിങ്ങൾക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ നാട്ടിൽ അവർ നിങ്ങളുടെ വീട്ടുകാരോട് സമാധാനം പറയേണ്ടിവരും.അതുകൊണ്ട് അവർ നിങ്ങളെ ചതിയിലൂടെ കൊണ്ടുവരില്ല. അവർ ആരിൽനിന്നും പണം വാങ്ങുന്നുമില്ല.അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ തിരികെ പോകുവാൻ ആർക്കും പണം കൊടുക്കേണ്ടതില്ല.അല്ലാതെ ഏജൻസി വഴി വന്നാൽ നിങ്ങളെ രക്ഷിച്ചെടുത്തു നാട്ടിൽ വിടാൻ ചിലപ്പോൾ ആർക്കും കഴിയാതെ വരും അതുകൊണ്ട് ഇത്തരം ചിലന്തിവലയിൽ പെട്ടുപോകാതെ സൂക്ഷിച്ചാൽ നല്ലത്.
ഇങ്ങനെ വരുന്നവർ കാരണം ഇന്ത്യൻ എംബസിയുടെ ഷെൾട്ടറുകൾ നിറയുകയാണ് അതുകൊണ്ട് ഇത്തരം ചതിയിൽ എത്തിപ്പെടാതിരിക്കാൻ സൂക്ഷിക്കുക.മറ്റൊന്ന്: ഇത്തരം ജോലി ഒഴിവുകൾ പറയുന്നത് മുഴുവൻ സ്ത്രീകൾക്കായിട്ടുള്ളതാണ്.ഇത്തരം ഏജൻസികൾക്ക് നിങ്ങളെ അവിടെ നിന്ന് കയറ്റി വിട്ടാൽ പിന്നെ നിങ്ങളുടെ കാര്യം അവർക്ക് അറിയേണ്ടതില്ല. അതുകൊണ്ട് സഹോദരിമാർ പ്രത്യേകം സൂക്ഷിക്കുക.
കുവൈത്തിൽ ഇഷ്യൂ ചെയുന്ന വിസ 4 തരത്തിൽ ഉണ്ട്. ഒന്ന് – എമ്പ്ലോയ്മെന്റ് വിസ (Article No.18)Private Sector (ഷൂൺ വിസ എന്ന് അറിയപ്പെടുന്നു.സ്വകാര്യ മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യുന്നതിനു ഈ വിസയാണു അനുവദിക്കുന്നത് ) ; രണ്ട് – ഹൗസ് വിസ (Article No. 20) ( ഖാദിം വിസ എന്ന് അറിയപ്പെടുന്നു. വീട്ടുജോലിക്കാർക്ക് ആണു ഈ വിസ അനുവദിക്കുന്നത്.); മൂന്ന് – ഫാമിലി വിസ (Article No.22) ( ഭർത്താവിന്റെ സ്പോൺസർ ഷിപ്പിൽ ഭാര്യക്കും മക്കൾക്കുമാണു ഈ വിസ അനുവദിക്കുന്നത്. മാതാപിതാക്കൾക്കും ഈ വിസ അനുവദിക്കുന്നു ) ; നാല് – ഗവണ്മെന്റ് സെക്ടറിൽ ജോലി ചെയുന്നവർ (Article No.17).

Back to top button
error: