ഒരത്യാവശ്യമില്ലെങ്കിൽ പോലും റോഡിലെ തിരക്കിനിടയിൽ കൂടി നുഴഞ്ഞു കയറുകയും മുന്നില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇടതടവില്ലാതെ ഹോൺ നീട്ടിമുഴക്കുക്കയും സ്വയം പഴി പറയുകയോ, എതിരെ വരുന്നവരെ ചീത്ത വിളിക്കുകയോ ചെയ്യുന്നതാണ് നമ്മളില്‍ പലര്‍ക്കും ശീലം.മുന്നിലുള്ള വണ്ടിക്കാരനോ എതിരെ വരുന്നവനോ സ്വസ്ഥത കൊടുക്കാന്‍ നമ്മള്‍ തയ്യാറുമല്ല.
ബ്ലോക്കുള്ള സമയങ്ങളിലാണെങ്കിൽ, റോഡിനു മധ്യത്തിൽ വരച്ചിരിക്കുന്ന വെള്ള വരയ്ക്കപ്പുറം കടന്ന് തിരക്കിട്ട് വാഹനമോടിച്ച് പോകുന്നതും നമ്മുടെ സ്ഥിരം അഭ്യാസങ്ങളാണ്.ഇതിനെല്ലാം വിരുദ്ധമായി; വലിയ തിരക്കിനിടയിലും റോഡ് നിയമം കൃത്യമായി പാലിച്ച് തങ്ങളുടെ വാഹനം നിര്ത്തിയിട്ടിരിക്കുന്ന ഒരു ജനതയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.
കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ബ്ലോക്കാണ് ദൃശ്യം എന്നാല്‍ ഒരു വശത്ത് കൃത്യമായി അവരവരുടെ ഊഴമനുസരിച്ച്, ആരെയും ഓവര്‍ടേക്ക് ചെയ്യാതെ വാഹനങ്ങളുമായി മുന്നോട്ടുപോകുന്ന യാത്രക്കാരെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക.മിസോറാമാണ് ആ സംസ്ഥാനം. സന്ദീപ് അലാവത് എന്ന ചെറുപ്പക്കാരനാണ് ദൃശ്യം തന്റെ ട്വിറ്ററിലൂടെ ലോകത്തെ കാണിച്ചത്. ‘ഇത്തരത്തിലുള്ള അച്ചടക്കം ഞാന്‍ മിസോറാമില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഇവിടെ ഫാന്‍സി കാറുകളില്ല. വലിയ ഈഗോകളില്ല, റോഡിലെ അടികളോ തെറിവിളിയോ തീരെയില്ല. സമാധാനവും പ്രശാന്തതയും മാത്രം’- സന്ദീപ് കുറിച്ചു.