BusinessNEWSWorld

റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ; ക്രൂഡ് ഓയിലിനായി കൂടിയാലോചനകൾ

തിരുവനന്തപുരം: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണിപ്പോൾ രാജ്യങ്ങൾ.

യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയും. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന 1,222 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ, റഷ്യയുടെ ഗ്യാസ്പ്രോമാണ് പദ്ധതിക്ക് പിന്നിലെ പ്രധാനി. പണിയൊക്കെ ഏകദേശം പൂർത്തിയായതായിരുന്നു. എന്നാൽ യുക്രൈനിലേക്ക് റഷ്യൻ പട നീങ്ങിയതിന് പിന്നാലെ പദ്ധതിക്ക് തൽക്കാലം അംഗീകാരം നൽകാനാകില്ലെന്ന് ജർമ്മനി നിലപാടെടുത്തു. ഇപ്പോൾ കോടികൾ മുടക്കിയ പദ്ധതി അനിശ്ചിതത്വത്തിലാണ്. നടത്തിപ്പ് കമ്പനി കടങ്ങൾ തിരിച്ചടക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ജീവനക്കാരെ മുഴുവൻ പിരിച്ചുവിട്ടു കഴിഞ്ഞു.

വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് യൂറോപ്പ് നീങ്ങുമെന്ന ആശങ്കക്കിടെ ബദൽ സാധ്യതകൾ തേടുകയാണ് രാജ്യങ്ങൾ. ആഫ്രിക്കയാണ് പ്രതീക്ഷയുടെ ഒരു തുരുത്ത്. പ്രകൃതി വാതക നിക്ഷേപം ധാരാളമുള്ള ടാൻസാനിയയും, നൈജീരയയുമെല്ലാം യൂറോപ്പ്യൻ വിപണിയിൽ കണ്ണുവയ്ക്കുന്നു. എന്നാൽ ഭൗതിക സാഹചര്യങ്ങളുടെ കുറവ് വെല്ലുവിളിയാണ്. അൽജീരിയ വരെ നീളുന്ന വമ്പൻ പൈപ്പ്ലൈൻ പദ്ധതി നൈജീരിയ സ്വപ്നം കാണുന്നു എന്നാൽ 1970കൾ മുതൽ പറഞ്ഞ് കേൾക്കുന്ന പദ്ധതി എന്ന് യാഥാർത്ഥ്യമാക്കാനാകുമെന്നതാണ് ചോദ്യം.

യുക്രൈൻ പ്രതിസന്ധി തുടങ്ങിയ ശേഷം അറുപത് ശതമാനത്തോളമാണ് പ്രകൃതിവാതക വില കൂടിയത്. പ്രതിസന്ധികാലം കഴിഞ്ഞാലും റഷ്യക്കപ്പുറമുള്ള ഊർജ്ജ സാധ്യതകളെ പറ്റി ഗൗരവമായി ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു യൂറോപ്പ്.

Back to top button
error: