നെയ്യ് നമ്മുടെയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാണ്. ചൂട് ചോറിൽ നെയ്യ് ഒഴിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ദോശ ചുടുമ്പോൾ ഒരല്പം നെയ്യ് മുകളിൽ തൂവുന്നത് രുചി വർധിപ്പിക്കും. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും രുചിയും മാത്രമല്ല നെയ്യ് എന്ന് തന്നെ പറയേണ്ടി വരും. നെയ്യ് ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയിലും നെയ്യ് ഉപയോഗിക്കാറുണ്ട്. അത് മുടിക്ക് ഉത്തമമാണ്.
നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരത്തിന് രോഗശാന്തി നൽകുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മങ്ങിയതും വരണ്ടതും കേടായതുമായ മുടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഈർപ്പത്തിന്റെ അഭാവം. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ ശിരോചർമ്മത്തെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.
മുടിയിലും ശിരോചർമ്മത്തിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിക്ക് കൂടുതൽ മിനുസവും തിളക്കവും നൽകുകയും മുടിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും. മങ്ങിയ മുടിയും പരുപരുത്ത മുടിയും ചികിത്സിക്കാൻ നെയ്യ് സഹായിക്കും.മുടിക്ക് ഡീപ് കണ്ടീഷനിംഗ് ചികിത്സയായും നെയ്യ് ഉപയോഗിക്കാം. ചെറുചൂടുള്ള നെയ്യ് മുടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് ആരോഗ്യം മാത്രമല്ല, ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം ഉത്തേജിപ്പിക്കുകയും ചെയ്യും.
വിറ്റാമിൻ എ, ഡി, കെ2, ഇ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ നെയ്യ് മുടിയുടെ അറ്റം പിളരുന്ന പ്രശ്നത്തിന് ഗുണം ചെയ്യും. പടിയുടെ അറ്റം പിളരുന്നതിനെ ഒരു പ്രധാന കാരണം പോഷകാഹാര കുറവാണ്. നെയ്യ് മുടിയുടെ പരുപരുത്ത അവസ്ഥ അകറ്റുക മാത്രമല്ല, മുടിയിഴകളെ മിനുസപ്പെടുത്തുകയും മുടിക്ക് അധിക തിളക്കവും ഉള്ളും നൽകുകയും ചെയ്യുന്നു.
ഇതിനായി, സാധാരണയായി ഹെയർ ഓയിൽ ഉപയോഗിച്ച് ചെയ്യുന്നത് പോലെ ഒരു സ്പൂൺ നെയ്യ് ചൂടാക്കി ശിരോചർമ്മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യുക. നിങ്ങളുടെ തലമുടിയിൽ നെയ്യിന്റെ എല്ലാ ഗുണങ്ങളും ലഭിക്കാൻ ഒരു ചൂടുള്ള ടവൽ നിങ്ങളുടെ തലയിൽ പൊതിയുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.മായം ചേരാത്ത നെയ്യ് തന്നെ ഉപയോഗിക്കുന്നതാവും നല്ലത്.