Breaking NewsWorld

റഷ്യ യുദ്ധം തുടങ്ങി; തിരിച്ചടിച്ച് യുക്രൈന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ചടുല നീക്കവുമായി റഷ്യന്‍ സൈന്യം യുക്രൈനിലേക്ക് ഇരച്ചുകയറി. ബഹുമുഖ ആക്രമണമാണ് റഷ്യന്‍ സൈന്യം യുക്രൈനെതിരേ അഴിച്ചുവിടുന്നത്. കര, വ്യോമ, നാവിക സേനകളുടെ സംയുക്തമായ ആക്രമണത്തിനാണ് യുക്രൈന്‍ ഇന്ന് രാവിലെ ഇരയായത്. ജനങ്ങളെ ആക്രമിക്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ബോംബ് വര്‍ഷവും മിസൈല്‍ ആക്രമണവും പല നഗരങ്ങളേയും തകര്‍ത്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രൈനും ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിക്കുന്നത്.

Signature-ad

യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് തിരിച്ചടിയുമായി യുക്രൈന്‍. റഷ്യയില്‍ യുക്രൈന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ സ്ഫോടനം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കീവില്‍ സ്‌ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു.

നേരത്തെ യുക്രൈനോട് പ്രതിരോധത്തിന് ശ്രമിക്കരുതെന്നും കീഴടങ്ങണമെന്നും റഷ്യന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ പ്രതിരോധിക്കുമെന്ന് തന്നെ പ്രഖ്യാപിച്ചുകൊണ്ട് പ്രത്യാക്രമണത്തിനൊരുങ്ങുകയാണ് യുക്രൈന്‍. പ്രതിരോധിക്കാന്‍ നില്‍ക്കരുതെന്നും കീഴടങ്ങണമെന്നുമുള്ള റഷ്യന്‍ ഭീഷണികള്‍ അവഗണിച്ച് അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയില്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈന്‍ പറഞ്ഞു. തലസ്ഥാന നഗരമായ കീവ് ഇപ്പോള്‍ പൂര്‍ണമായും യുക്രൈന്‍ പട്ടാളത്തിന്റെ കീഴിലാണ്. എല്ലാവരോടും വീടുകളില്‍ തന്നെ തുടരണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അതേസമയം റഷ്യ-യുക്രൈന്‍ സംഘര്‍ഷം അതീവ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് ഇന്ത്യ പറഞ്ഞു. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരും. സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടണ്ട്. 18,000 ഇന്ത്യാക്കാരാണ് നിലവില്‍ യുക്രൈനിലുള്ളത്.

 

Photos Credit: Twitter/Reuters

Back to top button
error: