പത്തനംതിട്ട:അത്യുല്‍പാദന ശേഷിയുള്ള പ്ലാവു നട്ടുപിടിപ്പിച്ച കര്‍ഷകര്‍ക്ക് ഇത്തവണ മികച്ച വരുമാനം.ചക്ക കിലോയ്ക്ക് 20 മുതല്‍ 35 വരെ വിലയ്ക്കാണ് മൊത്തവ്യാപാരികൾ ശേഖരിക്കുന്നത്.വിയറ്റ്നാം ഏര്‍ളി വിഭാഗത്തില്‍പെടുന്ന ഒരു ചക്ക ശരാശരി 6- 8 കിലോ വരും.പച്ചയ്ക്കും പഴുപ്പിച്ചും കഷണങ്ങളാക്കി വില്‍ക്കുകയാണു ചെയ്യുന്നത്.വലുപ്പം അനുസരിച്ചാണ് വില. പള്‍പ്പ്, സ്ക്വാഷ് നിര്‍മാണ കമ്ബനികളും വിളഞ്ഞ ചക്ക ശേഖരിക്കുന്നുണ്ട്.
കിലോയ്ക്ക് ശരാശരി 50 – 60 രൂപ നിരക്കിലാണ് മൊത്തവ്യാപാരികൾ മാർക്കറ്റിൽ ചക്ക വില്‍പന നടത്തുന്നത്.5 കിലോഗ്രാം വരെയുള്ള ഇടിച്ചക്കയ്ക്കും നല്ല ഡിമാന്‍ഡാണുള്ളത്.കോഴഞ്ചേരി, പിറവം, കോതമംഗലം മേഖലകളിലെ ചക്ക പ്രോസസിങ് യൂണിറ്റുകളും ഇടിച്ചക്ക ശേഖരിക്കുന്നുണ്ട്.കിലോയ്ക്ക് 25 മുതല്‍ 30 രൂപ വരെ നിരക്കിലാണ് ഇവര്‍ വാങ്ങുന്നത്.
പതിവില്ലാതെ സംസ്ഥാനത്ത് ഇക്കൊല്ലം നീണ്ടുനിന്ന മഴ ചക്കക്കൊതിയൻമാർക്കിട്ട് നൽകിയത് എട്ടിന്റെ പണി തന്നെയാണ്.ചക്കയുടെ മാത്രം സ്ഥിതിയല്ലിത്.മാവിലും കശുമാവിലും ഒരു കുല പൂവ് പോലുമില്ല.ഇടവിടാതെ പെയ്ത മഴ,ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് ഇത്തവണ നൽകിയത്.മാങ്ങയും പേരയും ചാമ്പയും കൈതചക്കയും വാളൻപുളിയും ജാതിയും കപ്പയും ശീമച്ചക്കയും കമ്പളി നാരകവുമെല്ലാം ഈ കൂട്ടത്തിൽ വരും.
വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകും എന്നാണ് കാർഷിക രംഗത്തുള്ളവർ പോലും പറയുന്നത്.കൊവിഡ് കാലത്ത് അന്നമൂട്ടിയ പ്ലാവും മാവും ഈ സീസണിൽ പൂക്കാൻ മറന്നു.പൂത്തതാകട്ടെ മഴയിൽ പൊഴിഞ്ഞും പോയി.കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ ഇടവിട്ട് പെയ്ത മഴയാണ് കേരളത്തിലെ കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്.