യുക്രൈന്‍- റഷ്യ സംഘര്‍ഷം ലോകമാകെ ആശങ്ക പരാതിയിരിക്കുകയാണ്. ഈ പ്രതിസന്ധി ഓഹരി വിപണിയെയും കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.അതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നു. ഇന്ധന വിലയും ഉയർന്നേക്കാം
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിന് അടുത്താണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നല്‍കുന്നത്. അതിനാല്‍ തന്നെ യുദ്ധ സമാന സാഹചര്യം ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.
ആറ് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചുയരുന്നത്. 2014 സെപ്റ്റംബറിലെ വര്‍ധനവിന് ശേഷം എണ്ണവില ബാരലിന് 100 ഡോളര്‍ നിലവാരത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഓഹരി വിപണിയെ പുറകോട്ട് വലിച്ചത് യുദ്ധഭീതിയായിരുന്നു. ഇന്ത്യയിലും ഇതിന്റെ ആഘാതം പ്രകടമായിരുന്നു. ക്രൂഡ് ഓയില്‍ വില ഇനിയുമുയര്‍ന്നാല്‍ പെട്രോള്‍ ഡീസല്‍ വില രാജ്യത്ത് വര്‍ധിക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് കരുതപ്പെടുന്നത്. ആഗോള തലത്തില്‍ എണ്ണ ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനം റഷ്യയില്‍ നിന്നാണ്. അതിനാല്‍ യുദ്ധവുമായി മുന്നോട്ട് പോകുന്നത് റഷ്യക്ക് മുകളില്‍ ആഗോള തലത്തില്‍ ഉപരോധം ശക്തിപ്പെട്ടാല്‍ ക്രൂഡ് ഓയില്‍ ലഭ്യത കുറയാനിടവരും.