KeralaNEWS

ഭാവതീവ്രതയുടെ ഗായകൻ കെ.പി ബ്രഹ്മാനന്ദന് ഇന്ന് ജന്മദിനം, ജയന്‍ മണ്‍റോ

നിര്‍മ്മാല്യം തൊഴുന്നൊരു പ്രതീതി ആലാപനത്തിൽ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഗായകനാണ് കെ.പി ബ്രഹ്മാനന്ദൻ.

തേച്ചുമിനുക്കാത്ത ശബ്ദ സൗര്യഭ്യം തുളുമ്പുന്ന ആലാപനത്തിന്‍റെ മറ്റൊരു തലം ഉണ്ട്. പാട്ടിന്‍റെ വൈകാരിക തലങ്ങളെ വളരെ സ്നിഗ്ദ്ധമായി തലോടുന്ന രീതി. ഭാവമധുരമായ ആലാപനം. രാഘവന്‍ മാഷിന്‍റെ പ്രിയപ്പെട്ട ഗായകന്‍.

Signature-ad

കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്.
യേശുദാസ്, ജയചന്ദ്രൻ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദൻ ഇവർക്കൊപ്പം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.

സംഗീതജീവിതം

1946 ഫെബ്രുവരി 22ന് തിരുവനന്തപുരം ജില്ലയിൽ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കിൽ ജനിച്ച ബ്രഹ്മാനന്ദൻ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി.കെ. ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദൻ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1966ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്‍റെ നാടകങ്ങള്‍ക്കു് പിന്നണിപാടാന്‍ അവസരം ലഭിച്ചു. കെ.രാഘവൻ സംഗീതസംവിധാനം നിർവഹിച്ച ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിനുവേണ്ടി പാടി 1969ൽ ചലച്ചിത്രലോകത്തെത്തി. ഈ സിനിമയ്ക്കുവേണ്ടി ബ്രഹ്മാനന്ദൻ ആലപിച്ച ‘മാനത്തേകായലിൽ…’ എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
തെക്കൻ കാറ്റ് എന്ന ചിത്രത്തിലെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി…’, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ‘താരകരൂപിണീ…’എന്നീ ഗാനങ്ങളും ഈ ഗായകന്റെ സ്വരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ചലച്ചിത്രസംഗീത നിരൂപകനായ വി.ആർ. സുധീഷിന്റെ അഭിപ്രായത്തിൽ ആലാപനശുദ്ധിയും നാടകീയമായ വിസ്തൃതിയും കാമുകത്വവും ഭാവതീവ്രതയുമായിരുന്നു ബ്രഹ്മാനന്ദന്റെ പാട്ടുകളുടെ സവിശേഷതകൾ. മിതഭാഷിയും തന്റേടിയുമായിരുന്ന അദ്ദേഹം അവസരങ്ങൾക്കായി തേടിപ്പോകുന്ന പതിവില്ലായിരുന്നു. കെ. രാഘവൻ, വി. ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, എ.റ്റി. ഉമ്മർ, ആർ.കെ. ശേഖർ എന്നീ സംഗീതസംവിധായകർക്കു കീഴിലാണ് ബ്രഹ്മാനന്ദൻ മിക്ക ഗാനങ്ങളും ആലപിച്ചത്. എന്നാൽ അക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ സംഗീതസംവിധായകനായിരുന്ന ജി. ദേവരാജൻ ബ്രഹ്മാനന്ദനെ നിരന്തരമായി അവഗണിച്ചിരുന്നു എന്നൊരാരോപണവുമുണ്ട്.

മലയാളത്തിനു പുറമേ തമിഴിലും ഏതാനും സിനിമകൾക്കുവേണ്ടി പാടിയിട്ടുണ്ട്. ഇളയരാജാ, ശങ്കർ ഗണേഷ് എന്നീ സംഗീതസംവിധായകരായിരുന്നു തമിഴിൽ ബ്രഹ്മാനന്ദന് അവസരം നൽകിയത്.

‘മലയത്തിപ്പെണ്ണ്’, ‘കന്നിനിലാവ്’ എന്നീ സിനിമകൾക്കുവേണ്ടി ബ്രഹ്മാനന്ദൻ സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഇതിൽ ‘കന്നിനിലാവ്’ തീയേറ്ററുകളിലെത്തിയില്ല. മലയത്തിപ്പെണ്ണിനുവേണ്ടി അദ്ദേഹം ഈണം പകർന്ന് ഉണ്ണിമേനോനും കെ.എസ്. ചിത്രയും ചേർന്ന് ആലപിച്ച ‘മട്ടിച്ചാറ് മണക്കണ്’ എന്ന ഗാനം പ്രസിദ്ധമാണ്.

2004 ആഗസ്റ്റ് 11നു് അന്തരിച്ചു. മകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍ മികച്ച ഒരു പിന്നണി ഗായകന്‍ കൂടിയാണ്.

ബ്രഹ്മാനന്ദന്‍റെ ശ്രദ്ധേയമായ ചില ഗാനങ്ങൾ:

‘നീലനിശീഥിനി…’
‘താരകരൂപിണി…’
‘പ്രിയമുള്ളവളെ…’
‘മാനത്തെക്കായലില്‍…’
‘താമരപ്പൂവോ നാണിച്ചു…’
കനകം മൂലം ദുഃഖം…
‘ഇന്ദുകമലം ചൂടി…’
‘ശ്രീ മഹാദേവന്‍ തന്‍റെ…’
‘ചിരിക്കുമ്പോള്‍ നീയൊരു…’
‘ക്ഷേത്രമെന്തെന്നറിയാത്ത തീര്‍ഥയാത്ര…’
‘കൂവരം കിളിക്കൂട്‌…’
‘മത്തിച്ചാറ് മണക്ക്ണ്…’

Back to top button
error: