KeralaNEWS

അറേബ്യയുടെ അലങ്കാരമായി മണലാരണ്യത്തിലെ ഈന്തപ്പനകൾ

ന്തപ്പനകളില്‍ മധുപൊഴിയുന്ന കാലമാണിത്.നടന്നുപോയാല്‍ കാല്‍പ്പാദം പോലും വേകുന്ന  മണ്ണില്‍ വേരിറക്കി മധുവൂറും ഫലം നല്‍കുന്ന മറ്റൊരു വൃക്ഷവും ലോകത്തില്ലെന്നു തന്നെ പറയാം.മരുഭൂമിയിലെ ചൂടില്‍ ചുട്ടുപൊള്ളുന്ന തീക്കാറ്റേറ്റാണ് ഇത് പഴുത്തുപാകമാകുന്നത്.പരുക്കനും മുള്ളുകളാൽ മൂര്‍ച്ചയേറിയ തടിയും ഓലകളുമുള്ള മരത്തിലാണ് ഈ തേനൂറുന്ന കനികള്‍ കായ്ക്കുന്നത്.ശൈത്യകാലം ഏറെക്കുറെ വിട്ടുപോകാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ഈന്തപ്പഴം പൂക്കാന്‍ തുടങ്ങുന്നത്.
നാരുള്ള ഭക്ഷ്യവസ്തു എന്ന നിലയില്‍ ആരോഗ്യത്തിന് ഏറെ യോജിച്ചതാണ് ഈന്തപ്പഴം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉല്‍പ്പെടെയുള്ള പല വ്യാധികള്‍ക്കും അനാദികാലം മുതല്‍ ഈന്തപ്പഴം മരുന്നായി ഉപയോഗിച്ചു വരുന്നു.അറേബ്യന്‍ മരുഭൂമിയുടെ വിദൂര പ്രദേശങ്ങളില്‍ ബാഹ്യലോകവുമായി പറയത്തക്ക ബന്ധങ്ങളൊന്നുമില്ലാതെ കഴിയുന്ന ബദുക്കള്‍(തനത് ഗോത്രസംസ്‌കാരത്തില്‍ ജീവിക്കുന്ന അറബികള്‍) ഉയര്‍ന്ന പ്രതിരോധ ശേഷി നേടിയെടുക്കുന്നത് മരുഭൂമിയുടെ ദാനമായ ഈന്തപ്പഴത്തില്‍ നിന്നും ഒട്ടകപ്പാലില്‍ നിന്നുമായിരുന്നു.
മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ ഈന്തപ്പന.മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌.ഡേറ്റ് പാം എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്‌.15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു.ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്നതിനോടൊപ്പം അറബ്‌ നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്‌.
വേനല്‍ച്ചൂടെത്തുമ്പോഴാണ് ഓരോ വര്‍ഷവും ഈന്തപ്പഴം പഴുത്ത് പാകമാവുന്നത്.വിവിധ തരത്തിലും വര്‍ണങ്ങളിലുമുള്ള ഈന്തപ്പഴക്കുലകള്‍ അലങ്കാരമാക്കി റോഡിന് വശങ്ങളിലും ഉദ്യാനങ്ങളിലും പാര്‍ക്കുകളിലുമെല്ലാം ഈന്തപ്പനകള്‍ ഭംഗിയേറിയ കാഴ്ചയാവുമ്പോള്‍ പെട്രോളിനും പെട്രോഡോളറിനും മുമ്പുള്ള മരുഭൂമിയിലും മരുപ്പച്ച നിര്‍മിച്ച ഒരു കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകളിലേക്കും അത് നമ്മെ കൊണ്ടെത്തിക്കുന്നു.

മുത്തുവാരലും മത്സ്യബന്ധനവും ഈന്തപ്പനകൃഷിയുമെല്ലാം ജീവിതത്തിന്റെ ഭാഗമായിരുന്ന പഴയകാലം സമ്പന്നമായിരുന്നുവെന്ന് ഓര്‍ത്തെടുക്കുന്ന പഴയതലമുറ ഇപ്പോഴും ഇവിടങ്ങളിലുണ്ട്.അവര്‍ പറഞ്ഞുതരുന്ന കഥകള്‍ കേട്ടാല്‍ ഈന്തപ്പനകള്‍ ഒരുനാടിന്റെ ജീവിതത്തിലും സംസ്‌കാരത്തിലുമെല്ലാം എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് നാം തിരിച്ചറിയും.

ഈന്തപ്പനകള്‍ക്ക് തടമെടുക്കലും പനയുടെ കൊരള്‍ വൃത്തിയാക്കലും എല്ലാമടങ്ങുന്ന പരിപാലനമെന്നത് ദൈനംദിന കര്‍മമായിരുന്നുവെന്ന് പഴമക്കാര്‍ ഓർക്കുന്നു.ഈന്തപ്പനയുടെ ഓലകള്‍ ചേര്‍ത്തുകൊണ്ട് പഴയകാലത്ത് വീടുകള്‍ മേഞ്ഞതും പനയുടെ ഓരോഭാഗങ്ങള്‍ കൊണ്ടും സ്ത്രീകള്‍ വിവിധതരം കരകൗശല വസ്തുക്കള്‍ നിര്‍മിച്ചതുമെല്ലാം പറഞ്ഞുകേള്‍ക്കുമ്പോള്‍ ദേശമേതായാലും പ്രകൃതിയുമായി പണ്ടുകാലത്ത് മനുഷ്യര്‍ എത്രയും ചേര്‍ന്ന് നിന്നാണ് ജീവിച്ചിരുന്നതെന്ന തിരിച്ചറിവുണ്ടാകുന്നു.ഈന്തപ്പഴവും ഒട്ടകവുമെല്ലാം മരുഭൂമിയിലെ ജീവിതവഴികളുടെ അടയാളങ്ങളായി ഇന്നും നിലനിൽക്കുന്നു.
ഇന്ന് മിക്ക അറബ് രാജ്യങ്ങളിലും കൃഷിസ്ഥലങ്ങളിലായി ഈന്തപ്പനക്കൃഷി വന്‍ ഉത്പാദനം ലക്ഷ്യംവെച്ച് വ്യാപകമായി നടക്കുന്നുണ്ട്.ഇതോടൊപ്പം പഴമയെ ചേര്‍ത്ത് നിര്‍ത്താനുള്ള ഗവണ്മെന്റ് തലത്തിലുള്ള ശ്രമങ്ങളും  നടക്കുന്നതിന്റെ ഭാഗമായാണ് ഉദ്യാനങ്ങളിലും നിരത്തുവക്കുകളിലുമുള്ള ഈന്തപ്പന വെച്ചുപിടിപ്പിക്കല്‍.

Back to top button
error: