KeralaNEWS

തുളസിയുടെ എണ്ണിയാലൊടുങ്ങാത്ത ഔഷധ ഗുണങ്ങൾ

ലോകത്തുള്ള എല്ലാ ചെടികൾക്കും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗമുണ്ടെന്നതാണ് സത്യം.അത്തരത്തിലൊന്നാണ് തുളസി.മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി.നല്ല സുഗന്ധവും അതിലേറെ ഔഷധ ഗുണവുമുള്ള ഒരു സസ്യം.രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതും, ബാക്ടീരിയ, വൈറൽ അണുബാധുകളെ നേരിടാനും വിവിധ മുടി, ചർമ്മ രോഗങ്ങളെ ​പ്രതിരോധിക്കാനും തുളസി സിദ്ധൗഷധമാണ്​.ആയുർവേദം, പ്രകൃതി ചികിത്സ എന്നിവയ്ക്ക് തുളസി പ്രധാനമാണ്​.

പ്ളാനേറ്റെ സാമ്രാജ്യത്തിലെ ഒസിമം ജനുസ്സിൽപ്പെട്ട ലാമിയേസിയേ കുടുംബക്കാരനാണ് ഒസിമം സാങ്റ്റം എന്ന ശാസ്ത്രനാമമുള്ള നമ്മുടെ തുളസി. സംസ്കൃതത്തിൽ സുരസ, ഗ്രാമ്യ, ഗൗരി, ഭുത്ഘനി, സുലഭ, ബഹുമഞ്ജരി, എന്നിങ്ങനെ ഒട്ടേറെ പേരുകളിൽ വിളിക്കപ്പെടുന്ന തുളസി ഹിന്ദിയിൽ തുലസി, തെലുങ്കിൽ തുളുചി, തമിഴിൽ തുളചി എന്നിങ്ങനെ പറയപ്പെടുന്നു.

 

രണ്ടുതരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലർന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലർന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും.ഈ രണ്ടിനം തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു.ബംഗളൂരുവിലെ ബയോളജിക്കൽ സയൻസസിന്റെ ദേശീയകേന്ദ്രം 2014ൽ നടത്തിയ ഗവേഷണങ്ങൾ തുളസിയെന്ന ചെടിയുടെ അദ്ഭുതസിദ്ധികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് ലഭ്യമാക്കി. ആന്റി ബാക്ടീരിയലായി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റി ഓക്സിഡന്റ്, ആന്റിഫംഗൽ, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും കൂടാതെ കാൻസറിനെ പ്രതിരോധിക്കുകയെന്ന ഗുണവും തുളസിച്ചെടിക്കുണ്ടെന്ന് ഇതോടെയാണ് തെളിഞ്ഞത്.തുളസിയിൽ കർപ്പൂരത്തോട് സാമ്യമുള്ള ബാസിൽ കാംഫർ എന്ന തൈലം അടങ്ങിയിരിക്കുന്നു.

 

ആയിരക്കണക്കിന് കൊല്ലം മുമ്പുതന്നെ ആയുർവേദ ഭിഷഗ്വരന്മാർക്ക് തുളസിച്ചെടിയിലെ അമൂല്യമായ ഔഷധങ്ങളെക്കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലും  പരാമർശമുണ്ട്.പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചുവരുന്നു. ലിനോലിക് ആസിഡ്, റോസ് മാരിനിക് ആസിഡ്, ഇഗുനോൾ, കർവാക്കോൾ, ലിനാലോൾ, കാരിയോഫൈലിൻ തുടങ്ങിയ രാസവസ്തുക്കളടങ്ങിയിരിക്കുന്നു. ഇ-കോളി ബാക്ടീരിയയ്ക്കെതിരെ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി.തുളസിനീര് മികച്ച കൊതുകു നശീകരണിയായ ഒരു ലേപനവുമാണ്.

 

തൊണ്ടവേദന, ചുമ, ഉദരരോഗങ്ങൾ, എന്നിവയ്ക്ക് മികച്ച മരുന്നുകൾ തുളസിയിൽ നിന്ന് ഉണ്ടാക്കുന്നുണ്ട്.ത്വക്ക് രോഗങ്ങൾ, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താൽ മതി.പത്തുമില്ലി തുളസിനീര് സമം തേനിൽച്ചേർത്ത് കുടിക്കുക. വസൂരിശമനത്തിന് പണ്ടുമുതലേ ഇത് ഉപയോഗിച്ചു വന്നിരുന്നു.

 

നല്ലൊരു വിഷഹാരിയാണ് തുളസി.മഞ്ഞൾ, തഴുതാമയില, തുളസിയിലയും പൂവും എന്നിവ അരച്ച് വിഷമേറ്റഭാഗത്ത് തേച്ചുപിടിപ്പിക്കുകയും 6 ഗ്രാം വീതം നിത്യേന അകത്തുകഴിക്കുകയും ചെയ്താൽ വിഷം ശമിക്കും.

 

തുളസിയില തിരുമ്മി മണത്താൽ പകർച്ചപ്പനി തടയാൻ സാധിക്കും. തുളസിയിലയിട്ട വെള്ളം രണ്ടുതുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണിന് ശമനമുണ്ടാകും.എട്ടുകാലി വിഷത്തിന് പച്ചമഞ്ഞൾ തുളസിനീരിൽ അരച്ചു പുരട്ടിയാൽ മതി.വയറുകടി, മഞ്ഞപ്പിത്തം, മലേറിയ എന്നിവയുടെ ശമനത്തിന് അതിരാവിലെ ഒരു ടീസ്പൂൺ കുടിക്കുന്നത് നല്ലതാണ്.ഇത്രയുമല്ല.ഇതിലുമെത്രയോ ഗുണങ്ങളുള്ളതാണ് തുളസി.അതിന്റെ പ്രധാന്യം കണ്ടറിഞ്ഞ് കൃഷി വ്യാപകമാക്കിയില്ലെങ്കിലും മുറ്റത്ത് ഒന്നോരണ്ടോ മൂട് നട്ടുപിടിപ്പിക്കാവുന്നതേയുള്ളൂ.

 

1. ശരീരത്തിനകത്തും പുറത്തും വിഷംശം നീക്കാനും ശുദ്ധീകരിക്കാനും കഴിയുന്ന ഏജൻറായി തുളസി പ്രവർത്തിക്കുന്നു.
2. വിവിധ തരം ചൊറി ഉൾപ്പെടെയുള്ള ത്വക്ക്​ രോഗങ്ങളെ പ്രതിരോധിക്കുന്നു.
3. ചർമത്തിന്​ സൗന്ദര്യം നൽകുകയും ചെയ്യുന്നു.
4. സംസ്​ക്കരിച്ചും അല്ലാതെയും പൗഡർ, പേസ്​റ്റ്​ തുടങ്ങിയ ആയൂർവേദ വസ്​തുക്കളിൽ ഉപയോഗിക്കുന്നു.
5  ആന്‍റിബയോട്ടിക്, ആൻറി വൈറൽ, ആൻറി ബാക്ടീരിയൽ, കാർസിനോജനിക് ഏജൻറുകൾ അടങ്ങിയിരിക്കുന്നു.
6. പനി, തലവേദന, തൊണ്ട വേദന,ജലദോഷം, ചുമ, പനി, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
7. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയവയ്ക്ക് ഇത് ഗുണം ചെയ്യും.
8. മാനസിക പിരിമുറുക്കം ഒഴിവാക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ശരിയായ ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
9 ഫൈറ്റോന്യൂറിയന്‍റ്, അത്യാവശ്യ എണ്ണകൾ, വിറ്റാമിൻ എ, സി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
10. പ്രതിദിന തുളസി ഉപഭോഗം ശാരീരിക പ്രക്രിയകൾ സന്തുലിതമാക്കുന്നതിനും ക്രമീകരിക്കുന്നതിനും സഹായിക്കും.
11. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ചുനിർത്താൻ സഹായിക്കുന്നു.
12. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും അതുവഴി വൃക്കയിലെ കല്ല് വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
13. മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന കോർടിസോൾ ഹോർമോണി​ന്‍റെ അളവ്​ നിയന്ത്രിക്കാൻ തുളസി സഹായിക്കുന്നുവെന്ന്​ ലഖ്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്​റ്റിറ്റ്യൂട്ടി​ന്‍റെ പഠനത്തിൽ പറയുന്നു.
14. ഫ്രീ റാഡിക്കലുകളുടെ ഹാനികരമായ ഫലങ്ങളെ തടയാൻ കഴിയും.
15. ദന്ത ആരോഗ്യത്തിന്​ സഹായകം.
16. കീടങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനും  പ്രാണികളുടെ കടിയേൽക്കു​മ്പോള്‍ ചികിത്സിക്കാനും സഹായകം.
17. ഹെപ്പറ്റൈറ്റിസ്, മലേറിയ, ക്ഷയം, ഡെങ്കി, പന്നിപ്പനി തുടങ്ങിയവയുടെ  ചികിത്സയിൽ ഗുണം ചെയ്യുന്നു.
18. വിഷാംശത്തെ സ്വാംശീകരിക്കാൻ ക​ഴിവുള്ള ചെടിയായും ഇതിനെ കരുതുന്നു.

19.ഈച്ചയെ അകറ്റാന്‍ ഏറ്റവും മികച്ച പ്രതിവിധിയാണ് തുളസി.ദിവസവും രണ്ട് നേരം തുളസിയിട്ട് തിളപ്പിച്ച വെള്ളം വീട്ടില്‍ തളിച്ചാല്‍ ഈച്ചയെ എളുപ്പം ഓടിക്കാം.

20.തുളസിനീര് മികച്ച ഒരു കൊതുകു നശീകരണിയായ ലേപനവുമാണ്

Back to top button
error: