LIFENewsthen Special

ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി 

ട്ടപ്പന: പച്ചക്കറി കൃഷിയിലും തൈവിപണനത്തിലും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയാണ് കട്ടപ്പന വലിയതോവാള ഉള്ളാട്ട് മാത്യുവിന്‍റെ ഭാര്യ മഞ്ജു (35).രണ്ടുവര്‍ഷത്തെ ലോക്​ഡൗണ്‍ കാലത്ത്​ മാത്രം മഞ്ജു വിറ്റത് 50 ലക്ഷത്തിന്‍റെ പച്ചക്കറി.
പച്ചക്കറി ഉല്‍പാദിപ്പിച്ചും നഴ്​സറി തൈകള്‍ വിപണനം ചെയ്തും ഈ യുവ കര്‍ഷക ചുരുങ്ങിയ കാലത്തില്‍​ സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടി. 2016ല്‍ സംസ്ഥാനത്തെ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ്‌ മഞ്ജുവിനായിരുന്നു. കൃഷി വകുപ്പിന്‍റെ ആത്മ അവാര്‍ഡും കുടുംബശ്രീയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
കുടിവെള്ളംപോലും ലഭ്യമല്ലാതിരുന്ന അഞ്ചുമുക്കില്‍ കുടുംബസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലത്തും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും വിശ്രമമറിയാതെ അധ്വാനിച്ചാണ്​ യുവതി നേട്ടങ്ങള്‍ കൊയ്തത്. വീട്ടില്‍ സ്വന്തമായി നിര്‍മിച്ച നഴ്സറിയിലാണ്‌ വിവിധതരം പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കുന്നത്​. പഞ്ചായത്തുകള്‍ വഴിയും കൃഷിവകുപ്പ് വഴിയുമാണ്​ വിപണനം. കുരുമുളക്, വാഴ, ചേന, മരച്ചീനി തുടങ്ങിയവക്കൊപ്പം മഴമറ നിര്‍മിച്ച്‌​ പയര്‍, പാവല്‍, പച്ചമുളക്, കോളിഫ്ലവര്‍, ബ്രോക്കോളി, മാലിമുളക്​, ബജി മുളക്, കാപ്‌സിക്കം, വഴുതന, കോവല്‍, കത്രിക്ക, പടവലം തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യുന്നു.
പശു, ആട്, കോഴി എന്നിവയെയും മഞ്ജു വളര്‍ത്തുന്നുണ്ട്. പച്ചക്കറികള്‍, കച്ചവടക്കാര്‍ കൃഷിസ്ഥലത്തുനിന്ന് നേരിട്ട് വാങ്ങിക്കൊണ്ടുപോകുകയാണ്​. മത്സ്യകൃഷിക്കായി രണ്ട് വലിയ പടുത കുളങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്​. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത്​ കുഴല്‍ക്കിണറും പടുത കുളവും നിര്‍മിച്ചാണ് കൃഷിക്ക് ജലസേചന സ്വകര്യം ഒരുക്കിയത്.
ജൈവ കൃഷി രീതിയാണ് അവലംബിക്കുന്നത്. ജൈവ വളങ്ങള്‍ ഉല്‍പാദിപ്പിച്ച്‌​ വില്‍ക്കുന്നുമുണ്ട്. ഭര്‍ത്താവ് മാത്യുവും വിദ്യാര്‍ഥികളായ മക്കള്‍ അഞ്ചിത്, അഞ്ജു, ആല്‍ബിന്‍ എന്നിവരും മഞ്ജുവിന്റ സഹായത്തിന് കൂടെയുണ്ട് . 2020-21ല്‍ സംസ്ഥാനത്തെ മികച്ച കര്‍ഷക സ്കൂള്‍ വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് മകള്‍ അഞ്ജുവിന് ലഭിച്ചിരുന്നു.

Back to top button
error: