ചെങ്കുത്തായ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു . കഴിഞ്ഞ രാത്രി താഴെനിന്നു കയറിയ സംഘം പാറക്കെട്ടിൽ കുടുങ്ങിയിരിക്കുന്ന ബാബുവിന് വിളി കേൾക്കാൻ കഴിയുന്ന ഭാഗത്തേക്ക് എത്തിയിരുന്നു.
എന്നാൽ, അവിടെനിന്നു ബാബുവിനെ രക്ഷിക്കാൻ കഴിയില്ലെന്നു മനസിലാക്കിയതോടെ പാറക്കെട്ടിനു മുകളിലേക്കു കയറിയ ശേഷം താഴേക്ക് ഇറങ്ങി വരാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോപ്പ് ഇപ്പോൾ ബാബുവിന് അടുത്തുവരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ആദ്യം വെള്ളവും ഫസ്റ്റ് എയ്ഡും കൊടുത്തിട്ടാകും ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ബാബുവിന് മുകളിലേക്ക് പിടിച്ചുകയറാനുള്ള ആരോഗ്യസ്ഥിതിയില്ലെന്ന വിലയിരുത്തലിലാണ് രക്ഷാ സംഘം. കാലിൽ പരിക്കേറ്റിട്ടുണ്ട് മാത്രമല്ല, രണ്ടു ദിവസമായി വെള്ളം പോലും കുടിക്കാതെയാണ് ഇരിക്കുന്നത്. ഒന്നുകിൽ റോപ്പിൽ ബന്ധിപ്പിച്ചശേഷം ബാബുവിനെ മുകളിലേക്കു വലിച്ചുകയറ്റുകയോ അല്ലെങ്കിൽ താഴേക്കു ഇറക്കുകയോ ചെയ്യേണ്ടി വരും.
വളരെ അപകടകരമായ സാഹചര്യത്തിലാണ് ബാബു ഇരിക്കുന്നത്. അതുകൊണ്ടു റോപ്പിൽ കെട്ടി വലിച്ചെടുക്കുക എന്നതു വളരെ ദുഷ്കരമായിരിക്കുമെന്നാണ് കരുതുന്നത്. സാഹസികമായ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തു പരിചയ സമ്പന്നരായ സംഘമാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകുന്നത്. വെയിൽ ശക്തമാകുന്നതിനു മുൻപ് രക്ഷാദൗത്യം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. ബാബു ഇപ്പോൾ ഇരിക്കുന്ന സ്ഥലത്ത് ഒരാൾക്ക് ഇരിക്കാനുള്ള പരിമിതമായ സ്ഥലം മാത്രമാണ് ഉള്ളത്.