പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ മോഷണം നടത്തിയ പൊലീസുകാരനെ ആദ്യം പിരിച്ചുവിട്ടു, പിന്നെ തിരിച്ചെടുത്തു
കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്തിനെ ഒരു സുപ്രഭാതത്തിൽ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നു. മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എ.ടി.എം കാര്‍ഡ് അടിച്ചെടുത്ത് അരലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും മോഷ്ടിച്ചു എന്നതായിരുന്നു കേസ്. പക്ഷേ ഇതിനേക്കാൾ മുന്തിയ വീരപ്പന്മാരല്ലേ പൊലീസ് സേനയിൽ നിറയെ എന്ന തിരിച്ചറിവോടെ, പണം കവർന്ന കേസിൽ പിരിച്ചുവിട്ട പൊലീസുകാരനെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു
തളിപ്പറമ്പ്: പൊലീസ് സേനയ്ക്ക് തന്നെ അപമാനമായിരുന്നു കടന്നപ്പള്ളി സ്വദേശി ശ്രീകാന്തിൻ്റെ പ്രവർത്തി.
പൊലീസുകാരനായ ഇയാൾ മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എ.ടി.എം കാര്‍ഡ് സൂത്രത്തിൽ അടിച്ചെടുത്തു. പിന്നെ ആ എ.ടി.എം കാർഡ് ഉപയോഗിച്ച് അരലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും മോഷ്ടിച്ചു. പരാതിയായി, അന്വേഷണമായി. ഒടുവിൽ ഈ പൊലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ ഇതിനേക്കാൾ മുന്തിയ വീരപ്പന്മാരല്ലേ പൊലീസ് സേനയിൽ നിറയെ എന്ന തിരിച്ചറിവോടെ, പണം കവർന്ന കേസിൽ പിരിച്ചുവിട്ട പൊലീസുകാരനെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡാണ് പൊലീസുകാരനായ ശ്രീകാന്ത് സൂത്രത്തിൽ കൈക്കലാക്കി പണം കവര്‍ന്നത്.
തുടർന്ന് പരാതിക്കാരി തന്നെ കേസ് പിൻ പിൻവലിച്ചെങ്കിലും പൊലീസ് മേധാവികൾക്ക് വീര്യം അടങ്ങിയില്ല. അവർ ശ്രീകാന്തിൻ്റെ പണി തെറിപ്പിച്ചു. ക്ലൈമാക്സിൽ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി കണ്ണൂര്‍ ഡി.ഐ.ജി പുതിയ ഉത്തരവിറക്കി.
ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
“ശ്രീകാന്തിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നു. എന്നാല്‍ സേനയില്‍ തുടരാന്‍ അവസരം നല്‍കാവുന്നതായി കാണുന്നു. വരുംകാല വാര്‍ഷിക വേതന വര്‍ധനവ് മൂന്നു വര്‍ഷത്തേക്ക് തടഞ്ഞുവച്ചുകൊണ്ട് സേവനത്തിലേക്ക് തിരച്ചെടുക്കുന്നു. സേവനത്തിനു പുറത്തുനിന്നു കാലയളവ് മെഡിക്കല്‍ രേഖ കൂടാതെയുള്ള ശമ്പളരഹിത അവധിയായി കണക്കാക്കുന്നെന്നു.” ഉത്തരവില്‍ പറയുന്നു.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എന്‍ ശ്രീകാന്ത് അരലക്ഷത്തോളം രൂപ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് കൈക്കലാക്കിയിരുന്നു. ഗോകുല്‍ എന്നയാളെ നേരത്തെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞാണ് ഗോകുലിന്റെ സഹോദരിയില്‍നിന്ന് എ.ടി.എം കാര്‍ഡും പിന്‍ നമ്പരും ശ്രീകാന്ത് വാങ്ങിയത്.
പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാരി തന്നെ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിര്‍ത്തിവച്ചിരുന്നില്ല. ഇതിനൊടുവിലാണ് ശ്രീകാന്തിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്. ഒടുവിൽ കടിച്ച പാമ്പ് തന്നെ വിഷമെടുത്തു. അഗ്നി ശുദ്ധിയോടെ ശ്രീകാന്ത് സർവ്വീസിൽ തിരിച്ചെത്തി.