കർഷകർ ആത്മഹത്യയുടെ വക്കിൽ, റബറിനും ഏലത്തിനും കുരുമുളകിനും കാപ്പിക്കും തേങ്ങയ്ക്കും വിലയില്ല
കാർഷികവിളകൾക്ക് വില കുത്തനെ ഇടിഞ്ഞു. ഉത്പാദനം ഗണ്യമായി കുറഞ്ഞു. കാർഷിക രാജ്യമായ ഇന്ത്യയിൽ കർഷകർക്കു വേണ്ടി വാദിക്കാൻ ആരുമില്ല. എന്നാൽ കുത്തകകളുടെ ജിഹ്വയാകാൻ നിരവധി പേരുണ്ട്. ജീവിതം പ്രതിസന്ധിയിലായ കർഷകർ വീണ്ടും ഒരു ആത്മഹത്യയുടെ വക്കിലാണ്
കൊച്ചി: കാർഷികവിളകൾക്കു കുത്തനെ വിലയിടിഞ്ഞത് കർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കി. റബർ, കുരുമുളക്, ഏലം, കാപ്പി, തേങ്ങ വിലകൾ പൊടുന്നനെ കൂപ്പുകുത്തി. 190 രൂപ വരെയെത്തിയ റബർവില പടിപടിയായി കുറഞ്ഞ് 150 നോടടുക്കുന്നു. ഏലം കൃഷിയാണ് ഏറ്റവും ദയനീയം . രണ്ടു വർഷം മുമ്പ് 5000 രൂപ ലഭിച്ചിരുന്ന ഒരു കിലോ ഏലക്കായ്ക്ക് ഇപ്പോൾ 700 രൂപയാണ് വില. എന്നു വച്ചാൽ ഏലംകൃഷി ഭാരിച്ച നഷ്ടമാണെന്ന് സാരം.
കുരുമുളകിന് ഒരു കിലോയ്ക്ക് 750 രൂപ വില ലഭിച്ചിരുന്നു. പക്ഷേ ഇപ്പോൾ 350 രൂപയിൽ താഴെ മാത്രം. മാത്രമല്ല കറുത്ത പൊന്ന് എന്നറിയപ്പെട്ടിരുന്ന കുരുമുളക് കൃഷി പാടെ നശിച്ചു കൊണ്ടിരിക്കുന്നു. കുരുമുളകിന്റെ വിളവെടുപ്പ് കാലമാണ് ഡിസംബർ, ജനുവരി മാസങ്ങൾ. മഴ നീണ്ടുപോയതും കുരുമുളകിനും വിനയായി.
ഇഞ്ചിയുടെ വിലയിടിവും കർഷകരുടെ നട്ടെല്ലൊടിച്ചു. അന്യസംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്തു വന്ന കർഷകർ പ്രതിസന്ധിയുടെ ആഴക്കയത്തിൽ അകപ്പെട്ടിരിക്കുകയാണ്.
കാപ്പി കർഷകരുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. കാപ്പിക്കു വിലയിടിഞ്ഞതോടെ കർഷകർ കാപ്പിക്കുരു പറിച്ചെടുക്കുന്നതേ ഇല്ല. തേങ്ങയുടെ കാര്യവും തഥൈവ. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 38 രൂപ ശരാശരി വില ലഭിച്ചിരുന്നിടത്ത് കുത്തനേ കുറഞ്ഞ് നിലവിൽ 26 രൂപയാണ് വില. ഒരുവേള 40 രൂപയായും തേങ്ങവില ഉയർന്നിരുന്നു.
കൂലിച്ചെലവ് വർദ്ധിച്ചു. വളത്തിന് വില കൂടി. മാത്രമല്ല കാർഷിക വിളകളുടെ ഉൽപ്പാദനം നാമമാത്രമായി. വൻകിട തോട്ടങ്ങളിൽ പണിയെടുത്തു വന്ന തൊഴിലാളികൾക്ക് ജോലിയുമില്ല. ചുരുക്കത്തിൽദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ പ്രതിസന്ധി മൂലം സംജാതമാകുക.
ഉത്പാദനത്തകർച്ചയും രോഗബാധയും വലയ്ക്കുന്നതിന് പുറമെയാണ് വിലയിടിവ് പ്രഹരമായത്. ടാപ്പിംഗ് കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയുമൊക്കെ വൻതോതിൽ വർധിച്ചിരുന്നു.
മഴക്കാലം നീണ്ടുനിന്നതുമൂലം ടാപ്പിംഗ് തുടങ്ങിയത് ഡിസംബറിലാണ്. ഫംഗസ്ബാധമൂലം ഇലകൾ പൂർണമായി കൊഴിഞ്ഞതിനാൽ പാല് ഉത്പാദനം പകുതിയായി. കനത്ത ചൂടും എത്തിയതോടെ ഉത്പാദനം ഇനിയും കുറയും. തൊഴിലാളിക്ഷാമവും വിലയിടിവും കാലാവസ്ഥാവ്യതിയാനവും ഒക്കെയായതോടെ മലയോരമേഖലയിലെ ഒട്ടുമിക്ക തോട്ടങ്ങളും വെട്ടിതെളിക്കാതെ പോലും കിടക്കുകയാണ്.
സബ്സിഡി ലഭിക്കുന്നില്ല
റബറിന്റെ താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ റബർ പ്രൊഡക്ഷൻസ് ഇൻസെന്റീവ് സ്കീം പ്രകാരം താങ്ങുവില വർധിപ്പിക്കുമെന്നായിരുന്നു ബജറ്റിലെ നിർദേശം. 500 കോടി രൂപ ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു. 2021 ഏപ്രിൽ ഒന്നുമുതൽ പുതിയ വില ബാധകമാണ്. എന്നാൽ, 170 രൂപയ്ക്ക് മുകളിൽ വില ലഭിച്ചതിനാൽ ഒരു കർഷകനുപോലും ഇതുവരെ ഈ ആനുകൂല്യം ലഭിച്ചില്ല.
പ്രതിസന്ധിമൂലം കൃഷിവരെ ഉപേക്ഷിച്ച റബർ കർഷകർക്ക് വലിയ ആശ്വാസമായിരുന്നു താങ്ങുവില വർധന. താങ്ങുവില 200 രൂപയാക്കണമെന്നും ആവശ്യമുയർന്നിരുന്നു.
വില കുത്തനേ ഇടിഞ്ഞ സ്ഥിതിക്ക് താങ്ങുവില ലഭ്യമാക്കാനുള്ള നടപടി വേണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.