
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. യുക്തിപരമായ തീരുമാനത്തില്‍ അന്വേഷണം എത്തിച്ചേരണം. ഈ വര്‍ഷത്തെ പൂരം ശരിയായി നടത്തണം. മാനദണ്ഡങ്ങള്‍ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം, ക്രമസമാധാനം ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണം. പൊലീസിനെ കൃത്യമായി വിന്യസിക്കണമെന്നും ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറും എസ് പിയും കാര്യങ്ങള്‍ ഏകോപിപ്പിക്കണമെന്നും നിര്‍ദേശിച്ച കോടതി, പൂരം അലങ്കോലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കി.
അതേസമയം, തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ദില്ലിയിലേക്ക് പോകും. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി ദില്ലിക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കേന്ദ്ര സ്ഫോടക വസ്തു നിയമപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാനായില്ല. ഈ നിയമഭേദഗതിയ്ക്ക് വേണ്ടിയാണ് ദേവസ്വങ്ങള്‍ ശ്രമിക്കുന്നത്.

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മില്‍ 200 മീറ്റര്‍ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയത്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കിക്കൊണ്ട് തൃശൂരിലില്‍ വെടിക്കെട്ട് സാധ്യമല്ല. കഴിഞ്ഞ ജനുവരി മൂന്നിനും അഞ്ചിനും തിരുവമ്പാടി പാറമേക്കാവ് വേലയ്ക്ക് വെടിക്കെട്ട് നടത്താന്‍ കോടതി അനുവാദം നല്‍കിയത് വെടിക്കെട്ട് പുര ഒഴിവാക്കിക്കൊണ്ടായിരുന്നു.