എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം; വേതനം വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടും അംഗീകരിച്ചില്ല; ഐ.എന്‍.ടി.യു.സി. അടക്കം വഴങ്ങിയിട്ടും ചര്‍ച്ച പൊളിഞ്ഞത് സമരം തുടരണമെന്ന അജന്‍ഡയുടെ ഭാഗമോ?

തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടും സമരത്തില്‍ വിട്ടുവീഴ്ച നടത്താത്ത എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു.
മൂന്നാമത്തെ ചര്‍ച്ചയിലും സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടും പിടിവാശി തുടര്‍ന്നത് എസ്.യു.സി.ഐക്കാരാണ്. തുടര്‍ന്ന് ചര്‍ച്ച പരാജയമാണെന്നും ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നുമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ചര്‍ച്ചയില്‍തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിനു നടപടികള്‍ പൂര്‍ത്തിയാക്കാതെ പ്രഖ്യാപിക്കാനാകില്ലെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഇക്കാര്യത്തില്‍ എസ്.യു.സി.ഐ നേതാക്കള്‍ക്കിടയിലും ആശമാര്‍ക്കിടയിലും ആശങ്കയുണ്ട്.

തീരുമാനം പിന്നീട് അറിയിക്കാമെന്നു പറഞ്ഞു പിരിഞ്ഞവര്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രകോപന പരമായ നിലപാടു സ്വീകരിക്കുകയായിരുന്നു.
മന്ത്രിമാരെക്കൂടാതെ അഡീഷ ണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, എന്‍എച്ച്എം ഡയറക്ടര്‍ വിനയ് ഗോയല്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് എന്നിവരും ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.എസ്. സനില്‍കുമാര്‍, കെ.എന്‍ ഗോപിനാഥ്, പി.പി. പ്രേമ, എം.ബി. പ്രഭാവതി (സിഐടിയു), ആര്‍. ചന്ദ്രശേഖരന്‍, കൃഷ്ണവേണി വി. ശര്‍മ (ഐഎന്‍ടിയുസി), സജിലാല്‍ (എഐടിയുസി), അഡ്വ. എം റഹ് മത്തുള്ള, കെ.എസ്. സലില്‍ റഹ്മാന്‍, ബിന്ദു തിരൂരങ്ങാടി (എസ്ടിയു), കെ.എസ്. സദാനന്ദന്‍, എം.എ.ബിന്ദു, എസ്. മിനി (എസ്.യു.സി.ഐ) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ ആരോഗ്യമന്ത്രിയുമായുള്ള മൂന്നാം വട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട്‌വച്ചത്. എന്നാല്‍ ഓണറേറിയവും പെന്‍ഷന്‍ അനൂകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്.
സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. എന്നാലിപ്പോള്‍ ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നുള്ള നിലപാടാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്. വിവിധ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് എസ്.യു.സി.ഐ. വ്യക്തമാക്കി.