KeralaNEWS

ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് അറിയില്ലായിരുന്നുവെന്ന് അലോഷി; ഗായകനെ പ്രതിയാക്കിയത് അട്ടിമറിക്കോ? കടയ്ക്കലില്‍ വിപ്ലവഗാന പ്രതിസന്ധി തുടരുന്നു

കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കിയത് വിവാദത്തില്‍. ഈ നടപടി കേസിനെ ദുര്‍ബലപ്പെടുത്താനെന്ന് പരാതിക്കാരന്‍ വിഷ്ണു സുനില്‍ പന്തളം പ്രതികരിച്ചു. ക്ഷേത്ര മുറ്റത്ത് അലോഷി പാടിയ പാട്ട് ഹൈക്കോടതി നിയമത്തിന്റെ ലംഘനമാണ്. എന്നാല്‍ ക്ഷേത്ര ഉപദേശക സമിതിയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയുമാണ് ആദ്യം പ്രതിയാക്കേണ്ടത്. അവരുടെ പേരു പോലും എഫ്ഐആറില്‍ ഇല്ലെന്നതാണ് വിവാദത്തിന് കാരണം. കടയ്ക്കല്‍ സിഐയ്ക്ക് താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുത്ത് കേസെടുക്കണം. ഡിജിപിക്ക് ഇക്കാര്യം ആവശ്യപെട്ട് പരാതി നല്‍കിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിഷ്ണു സുനില്‍ പറഞ്ഞു.

വിപ്ലവഗാന വിവാദത്തില്‍ ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയാക്കി കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. കടയ്ക്കല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചോദിച്ചിരുന്നു. കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകന്‍ അലോഷി പറഞ്ഞു . പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയില്‍ പാട്ട് പാടുന്നത് .

Signature-ad

ക്ഷേത്രോത്സവത്തില്‍ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി പറഞ്ഞു. ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍, ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നിവരെ കൂടി പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം നിയന്ത്രണത്തില്‍ ഉള്ള ക്ഷേത്രത്തില്‍ ഉപദേശക സമിതി അംഗങ്ങളെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് വിഷ്ണു സുനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലാണ് കടയ്ക്കല്‍ ദേവീ ക്ഷേത്രം. മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയിലാണ് പാര്‍ട്ടി ഗാനം ആലപിച്ചത്. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: