IndiaNEWS

കോവിഡാനന്തര രോഗങ്ങൾ ഗുരുതരം, ജാഗ്രത പാലിക്കുക

കോവിഡ് -19 മൂലം പ്രതിരോധശേഷി കുറയുകയും പലവൈറസുകളെയും നേരിടാൻ ശരീരത്തിന് കഴിയാതെ വരുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് വിവിധ അണുബാധകൾ കണ്ടെത്തിയിട്ടുള്ളത്

മുംബൈ: ഗുരുതരമായ പല രോഗങ്ങളും കോവിഡ് ഭേദമായവരെ കാത്തിരിക്കുന്നതായി വിദഗ്‌ധ ഡോക്ടർമാരുടെ മുന്നറിയിപ്പ്. മൂന്നാംതരംഗത്തിൽ കോവിഡ് ബാധിച്ച്‌ ഭേദമായവരിൽ വിവിധ ചർമ, സന്ധി രോഗങ്ങൾ കണ്ടുവരുന്നതായി റിപ്പോർട്ടുകളുണ്ട്.

കോവിഡ് ബാധ മൂലം പ്രതിരോധശേഷി കുറയുന്നതാണ് ദ്വിതീയ അണുബാധകൾക്ക് കാരണമാവുന്നതെന്നും ഡോക്ടർമാർ പറയുന്നു.

ഹെർപസ് സോസ്റ്റർ, സന്ധിവേദന (ആർത്രാൽജിയ) എന്നിവയാണ് കൂടുതലായും കണ്ടുവരുന്നത്. ചിക്കൻ പോക്‌സ് ബാധിച്ച്‌ ഭേദമായ ചിലരിൽ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ കണ്ടുവരുന്ന വ്രണസമാനമായ രോഗമാണ് ഹെർപസ് സോസ്റ്റർ.

കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളിൽ മുതിർന്ന പൗരന്മാരെയാണ് ദ്വിതീയ അസുഖങ്ങൾ കൂടുതലായും ബാധിച്ചിരുന്നതെങ്കിലും ഇത്തവണ 40 വയസിന് താഴെയുള്ളവരെയാണ് ഇവ ബാധിക്കുന്നതെന്ന് പല ഡോക്ടർമാരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധശേഷി കുറയുന്നതിനാൽ കോവിഡിന് ശേഷം വിവിധ അണുബാധകൾ കണ്ടെത്തിയിട്ടുള്ളതായി എൽ.എച്ച് ഹിരനന്ദനി ആശുപത്രിയിലെ ഡോ. നീരജ് തുലാര പറഞ്ഞു.

ഹെർപസ് സോസ്റ്റർ, മോളസ്‌കം കോണ്ടാഗിയോസം, അരിമ്പാറ തുടങ്ങിയ നിരവധി വൈറൽ ചർമ രോഗങ്ങൾ രണ്ടാം തരംഗത്തിൽ ഗണ്യമായി ഉയർന്നതായി നാനാവതി മാക്‌സ് സൂപെർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡെർമറ്റോളജി സീനിയർ കൺസൾടന്റ് ഡോ. വന്ദന പറയുന്നു.

“ഇപ്പോൾ കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ചർമരോഗങ്ങളിൽ 30 ശതമാനവും ഇത്തരത്തിലുള്ളവയാണ്. ഈ പ്രവണതയുടെ പ്രധാന കാരണം കോവിഡ് -19 മൂലം പ്രതിരോധശേഷി കുറയുന്നതും ഈ വൈറസുകളെ നേരിടാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മയുമാണ്…”
ഡോക്ടർമാർ പറയുന്നു.

“ഹെർപസ് സോസ്റ്റർ സാധാരണഗതിയിൽ ഞരമ്പുകളിൽ പ്രവർത്തനരഹിതമായി കാണപ്പെടാറുണ്ട്. നല്ല പ്രതിരോധശേഷി ഉള്ളപ്പോൾ ഇത് ഒരു പ്രശ്നവും ഉണ്ടാക്കില്ല. എന്നാൽ, കോവിഡിന് ശേഷം പ്രതിരോധശേഷി ദുർബലമാകുമ്പോൾ ചുണ്ട്, മൂക്ക്, കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഹെർപസ് സോസ്റ്ററിന്റെ വകഭേദങ്ങളായ ഷിംഗിൾസ്, ഹെർപസ് എന്നിവ പ്രത്യക്ഷപ്പെടുന്നു… ”
ഡോ. നീരജ് തുലാര പറഞ്ഞു.

കോവിഡ് ഭേദമായിട്ടും ചിലരിൽ സന്ധിവേദന തുടരുന്നതും നേരത്തെ രോഗമുള്ളവർക്ക് വേദന കൂടുതൽ അനുഭവപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതിനാലാണ്. പകർച്ചവ്യാധി മൂലമുള്ള സമ്മർദം കുറയ്ക്കുന്നതിന് ദിവസവും വ്യായാമം ശീലമാക്കണമെന്ന് അപ്പോളോ സ്‌പെക്‌ട്ര മുംബൈയിലെ ഓർതോപീഡിക് സർജൻ ഡോ. സഫിയുദ്ദീൻ നദ്‌വി പറഞ്ഞു.

Back to top button
error: