KeralaNEWS

സൈബർ കുറ്റകൃത്യങ്ങളുടെ ബലിയാട് ഇന്ദുവിൻ്റെ കഥ: പ്രവീൺ ഇറവങ്കര

സുധീഷ് ഒരു ഹീറോ പരിവേഷത്തോടെ ഇന്ദുവിന്റെ മനസ്സിൽ കയറിപ്പറ്റി. ഒപ്പം രമേശന്റെ പ്രൈമറി ക്ലാസിലെ ഇല്ലാത്ത പ്രണയം വരെ അവൻ അവളെ പറഞ്ഞു കേൾപ്പിച്ചു. ദിവസവും ലക്ഷങ്ങൾ ചാരിറ്റി നടത്തുന്ന എൻജിനീയർ സുധീഷ്, ക്വാളിറ്റി കൺട്രോളിംഗും കഴിഞ്ഞ് നഗരത്തിരക്കിലൂടെ കാറോടിച്ച് ക്ഷീണിതനായി രാത്രി വീട്ടിലെത്തുന്ന രമേശനെക്കാൾ എന്തുകൊണ്ടും മുകളിലാണെന്ന് ഇന്ദുവിന് തോന്നി.       സൗഹൃദത്തിന്റെ അനന്ത സാധ്യതകൾ തുറന്നു തരുന്ന സോഷ്യൽ മീഡിയ ഒരുക്കുന്ന ചതിക്കുഴികളെക്കുറിച്ച്...

പംക്തി – നല്ല നടപ്പ്

2014 മാർച്ചിലെ ഒരു പൊള്ളുന്ന പകൽ.
ഡൽഹിയിൽ നിന്ന് ആത്മസുഹൃത്ത് രമേശന്റെ കോൾ:
“അളിയാ ഇന്ദു പോയി…”
ഫോൺ കയ്യിലിരുന്നു വിറച്ചു.
കൂടുതലൊന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു.
പിറ്റേന്ന് കാലത്ത് അവിടെ അടുത്തൊരു ശ്മശാനത്തിലാണ് അടക്കമെന്നു പറഞ്ഞ് അവൻ ഫോൺ വെച്ചു.
ഓർമ്മകൾ അടുക്കും ചിട്ടയുമില്ലാതെ തിക്കിത്തിരക്കി കയറി വന്നു.
രമേശന്റെയും ഇന്ദുവിന്റെയും (പേരുകൾ യഥാർത്ഥമല്ല) കല്ല്യാണം മുതൽ ഈ നിമിഷം വരെ ഒരു കാലിഡോസ്കോപ്പിൽ എന്റെ കൺമുന്നിൽ കറങ്ങിത്തിരിഞ്ഞു.
അവൻ അവിടെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ക്വാളിറ്റി കൺട്രോൾ ഹെഡ്ഡാണ് ഇപ്പോൾ. ഇന്ദു നൃത്താദ്ധ്യാപികയും ഉത്തമ കുടുംബിനിയും.
രണ്ട് പെൺമക്കളും സ്ക്കൂളിൽ മിടുക്കരായി പഠിക്കുന്നു.
ഈശ്വരാ.. ഓർക്കാപ്പുറത്ത് എന്താവും ഇന്ദുവിന് സംഭവിച്ചിട്ടുണ്ടാവുക…?
അസുഖമോ അതോ ആകസിഡന്റോ…?
അവളില്ലാതെ അവനും മക്കളും അവിടെ…!
ചിന്തിച്ചപ്പോൾ തന്നെ ഉള്ള് വെന്തു.
മുമ്പ് എത്രയോ ഡൽഹി യാത്രകളിൽ അവരുടെ അതിഥിയായി ആ കുടുംബത്തിന്റെ സ്നേഹതാളം നേരിൽ കണ്ട് ആനന്ദിച്ചതാണ്.

Signature-ad


രണ്ടാം പക്കം എം.പി ക്വാട്ടയിൽ റിസർവേഷൻ തരപ്പെടുത്തി പുറപ്പെട്ടു.
വരുന്ന കാര്യം രമേശനെ അറിയിച്ചിരുന്നില്ല.
അടക്കം കഴിഞ്ഞു.
പിന്നെ തിടുക്കപ്പെട്ടിട്ടു കാര്യമില്ലല്ലോ.
അല്ലെങ്കിലും ഇന്ദുവിന്റെ അടഞ്ഞ കണ്ണുകൾ വേണ്ട, ചിരിക്കുന്ന കണ്ണുകൾ മതി കണ്ണടയുവോളം ഇനി എന്റെ മനസ്സിൽ.
എന്നെ കണ്ടപ്പോൾ രമേശൻ ഒന്നും പറയാതെ ഒത്തിരി നേരം നോക്കിയിരുന്നു.
നാവനക്കാൻ ഞാനും ഭയപ്പെട്ടു.
മക്കളെ അവൻ അടുത്ത ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു.
നാട്ടിൽ നിന്നു വന്ന അപൂർവ്വം ബന്ധുക്കളും ഇപ്പോൾ അവിടെയാണ്.
ഇന്ദു ഉറങ്ങുന്ന ശ്മശാനത്തിലേക്കു നടക്കുമ്പോൾ വിശേഷങ്ങൾ ഓരോന്നായി അവൻ പറഞ്ഞു.
ഒടുക്കം അതും:
“ആത്മഹത്യയായിരുന്നു…!”
അലറി വിളിച്ചില്ലെന്നേയുളളു. അതിലും വലിയ ഞെട്ടലിലായിരുന്നു ഞാൻ.
ഞങ്ങൾ അപ്പോൾ അവൾ ചാമ്പലായ മൺകൂനയ്ക്കു മുന്നിലായിരുന്നു.
അവിടെ അങ്ങനെയാണ്. കുഴി അന്നു തന്നെ മൂടും. മൂന്നാം നാൾ കലശം പവിത്രഘട്ടിൽ ഒഴുക്കും.
അതെ, ഇന്ദു രമേശനെയും മക്കളെയും അനാഥരാക്കി പവിത്രതയുടെ ഓളക്കെട്ടിൽ ഒഴുകിയൊഴുകി മറഞ്ഞിട്ട് ഒരു രാത്രി പിന്നിട്ടിരിക്കുന്നു…!
പക്ഷേ ഇന്ദു എന്തിനതു ചെയ്തു ?
“അറിയില്ല…”
ഞാൻ ചോദിക്കും മുമ്പ് രമേശൻ പറഞ്ഞു:
“ഒന്നുമെനിക്കറിയില്ല…”
അവൻ എന്റെ തോളിൽ വീണു പൊട്ടിക്കരഞ്ഞു.

വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും ഒരു കലഹം ഇല്ലാത്ത വീട്.
സസുഖം ജീവിക്കാനുള്ള സർവ്വ സാഹചര്യങ്ങളും.
പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത കുടുംബസ്നേഹിയായ രമേശൻ.
അയാളെ ജീവനു തുല്യം സ്നേഹിച്ച ഇന്ദു.
പിന്നെ എന്താവും എവിടെയാവും പാളീച്ച സംഭവിച്ചിട്ടുണ്ടാവുക…?
മൂന്നാം നാൾ തിരികെ പോരാൻ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പൊഴും ഞാൻ എന്നോടു തന്നെ ചോദിച്ചു കൊണ്ടിരുന്നു.
എന്നെ യാത്രയാക്കാൻ രമേശനൊപ്പം വന്ന അവന്റെ കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കി. അവിടെയും അമ്പരപ്പിന്റെ ശൂന്യതയായിരുന്നു.

ഞാൻ തേടിയ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നെ തേടി വന്നത് പിന്നെയും ആറു മാസം കഴിഞ്ഞാണ്.
ഇന്ദു ഉപയോഗിച്ച മൊബൈൽ ഫോണും അവൾ ബാക്കിയാക്കിപ്പോയ കഥകളുമായി എന്നെ കാണാൻ രമേശൻ നാട്ടിലെത്തിയപ്പോൾ.
അവൻ പറഞ്ഞ സത്യങ്ങൾ ആദ്യമൊന്നും എനിക്ക് ഉൾക്കൊളളാനായില്ല.
കുറ്റബോധം കൊണ്ടാണത്രെ ഇന്ദു…!!!
അവനറിയാതെ അവൾ നടത്തിയ ചില ചാറ്റുകൾ.
അതിൽ കുരുങ്ങിവീണ ഇരയുടെ അവിശ്വസനീയക്കാഴ്ചകൾ.
അവളെ കുരുക്കി ഫോൺ സെക്സ് വരെ കാര്യങ്ങളെത്തിച്ച തെമ്മാടിയെപ്പറ്റി രമേശൻ പറഞ്ഞപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.
അത് ഒരു സുധീഷായിരുന്നു.
രമേശനോടൊപ്പം പ്രൈമറി സ്കൂൾ ക്ലാസിൽ പഠിച്ച സുധീഷ്!
റബ്ബർ വെട്ടുകാരനായ മാധവന്റെ മകന്, പഠിക്കാൻ മിടുക്കനും വക്കീലിന്റെ മകനുമായ രമേശനോടു തോന്നിയ അസൂയ… അകാരണ പക!

പത്താം ക്ലാസ് തോറ്റ അവൻ ഇപ്പോൾ ഗൾഫിലാണത്രെ!
(ബോംബെയിൽ നിന്നും സംഘടിപ്പിച്ച കള്ള സർട്ടിഫിക്കറ്റിന്റെ ബലത്തിൽ) എൻജിനീയർ ആണത്രെ!
സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന മാന്യനും ചാരിറ്റി രാജാവും കോടീശ്വരനുമാണത്രെ!
ഇതൊക്കെ ഇന്ദുവിന്റെ ഫോൺ അവളുടെ മരണശേഷം രമേശനോടു പറഞ്ഞ കാര്യങ്ങളാണ്.
ഏറ്റവും വലിയ രസം നാലാം ക്ലാസ് ജയിച്ച് രമേശൻ പട്ടണത്തിലെ പുതിയ സ്ക്കൂളിലേക്കു മാറിയ ശേഷം അവർ തമ്മിൽ ഒരിക്കൽ പോലും പരസ്പരം കണ്ടിട്ടില്ല.
രമേശൻ അവനെപ്പറ്റി ഓർക്കുക കൂടി ചെയ്തിട്ടില്ല.
പക്ഷേ സുധീഷ് ഓർത്തു.
ഓർക്കുക മാത്രമല്ല.
ഒരിക്കലും മറക്കാതെ അവന്റെ ഓരോ വിശേഷങ്ങളും തേടിപ്പിടിച്ചു കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ സോഷ്യൽ മീഡിയയുടെ സുരഭിലകാലത്ത് സുധീഷ്, അൽ.സുധീഷായി സേവനത്തിന്റെ രാജകുമാരനായി ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും കയറിക്കൂടി.
തിരഞ്ഞു പിടിച്ച് രമേശന് റിക്വസ്റ്റ് അയക്കുന്നു.
രമേശനുമായി, അവൻ പോലും മറന്ന പഴയ സൗഹൃദം പതിന്മടങ്ങായി പുതുക്കിപ്പണിയുന്നു.
ഇന്ദുവിന് ആൻഡ്രോയ്ഡ് ഫോൺ വാങ്ങിക്കൊടുത്തതും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് എടുത്തു കൊടുത്തതും രമേശനാണ്.
താൻ ഓഫീസിലും മക്കൾ സ്ക്കൂളിലും പോയി കഴിഞ്ഞാൽ ഭാര്യ ഒറ്റയ്ക്കിരുന്നു ബോറടിക്കെണ്ടെല്ലോ!
“ആരാ ഈ അൽ.സുധീഷ് പുങ്ക്?”
ഓഫീസിലേക്കു പോകാൻ തിടുക്കപ്പെട്ടിറങ്ങുന്ന രമേശനോട് അന്നൊരു ദിവസം ഇന്ദു ഓടി വന്നു ചോദിച്ചു.
“ഓ അതോ.. എന്റെ പഴയ ഒരു ക്ലാസ്മേറ്റാ..എന്താടീ ?”
“എനിക്ക് ഒരു റിക്വസ്റ്റ് വന്നിട്ടുണ്ട്”
“അതിനെന്താ നീ അക്സെപ്റ്റ് ചെയ്തോ. പാവത്താനാ. ഞാൻ പോലും മറന്ന ബന്ധമാ. പക്ഷേ അവന് എല്ലാം ഓർമ്മയുണ്ട്.”
(അതെ. അവന് എല്ലാം ഓർമ്മയുണ്ട്.
ഒന്നാം ക്ലാസ്സിലെ ഒന്നാം ദിവസം രമേശ് ഇട്ടു കൊണ്ടു വന്ന വെള്ള ഷർട്ടിൽ സാറിന്റെ മഷിക്കുപ്പി കമഴ്ത്തിയതിന് തന്നെ കൈകാൽ നിറയെ ചൂരലഭിഷേകം നടത്തി ഇറക്കി വിട്ടതു മുതൽ താൻ നോക്കി നിൽക്കുമ്പോൾ തുമ്പത്ത് സേമ്യാപ്പീര വെച്ച പാൽ ഐസ് രമേശൻ ഒറ്റയ്ക്കു തിന്നതു വരെ)
ഒന്നും മറക്കാത്ത സുധീഷ് മെല്ലെമെല്ലെ ഒരു ഹീറോ പരിവേഷത്തോടെ ഇന്ദുവിന്റെ മനസ്സിലേക്ക് കയറിപ്പറ്റി.
ഒപ്പം രമേശന്റെ പ്രൈമറി ക്ലാസിലെ ഇല്ലാത്ത പ്രണയം വരെ അവൻ അവളോട് പറഞ്ഞുകൊടുത്തു.
ദിവസവും ലക്ഷങ്ങൾ ചാരിറ്റി നടത്തുന്ന എൻജിനീയർ സുധീഷ്, ക്വാളിറ്റി കൺട്രോളിംഗും കഴിഞ്ഞ് നഗരത്തിരക്കിലൂടെ കാറോടിച്ച് ക്ഷീണിതനായി ഏറെ വൈകി വീട്ടിലെത്തുന്ന രമേശനെക്കാൾ എന്തുകൊണ്ടും മുകളിലാണെന്ന് ഇന്ദുവിന് തോന്നി.
പോരാത്തതിന് കുടിപ്പളളിക്കൂടം മുതൽ പ്രണയരോഗിയായി നടക്കുന്ന ഭർത്താവിനോട് പെട്ടെന്നു തോന്നിയ അകൽച്ചയും.
എല്ലാം കൂടി ഒത്തു വന്നപ്പോൾ സുധീഷ് എന്ന മാനസികരോഗി കേറിയങ്ങ് അർമാദിച്ചു.
ഒടുക്കം നേരിൽ കാണാം ഗൾഫിൽ നിന്ന് താൻ നേരെ ഡൽഹിക്കു വരാമെന്നു അവൻ പറഞ്ഞപ്പൊ ഇന്ദു പേടിച്ചു.
പറ്റില്ലെന്നു പറഞ്ഞു.
അപ്പൊ അവൻ തന്റെ തനിനിറം പുറത്തെടുത്തു.
സേവ് ചെയ്തു വെച്ച സ്വകാര്യ വീഡിയോ ചാറ്റുകൾ ഉൾപ്പെടെ സകലതും പുറത്തു വിടുമെന്ന് അവളെ ഭീഷണിപ്പെടുത്തി.
ആത്മഹത്യ അല്ലാതെ അവൾക്കു വേറെ വഴിയില്ലായിരുന്നു…!

‘അവനെ കൊല്ലണ്ടേ?’ എന്നു ഞാൻ ചോദിച്ചില്ല.
പക്ഷേ രമേശൻ പറഞ്ഞു:
“കൊന്നേനേം. എന്റെ ഇന്ദുവിനെ ഓർത്താ. അവൾ പാവമാരുന്നു. നല്ലവളാരുന്നു. നാളെ മറിച്ചൊന്ന് എന്റെ മക്കളും നാട്ടുകാരും അറിയാനിടയാവരുത്…!”

ഇതൊരു കഥയാണെന്നു തോന്നാം. ഒരിക്കലുമല്ല.
കഥയെഴുതുന്ന ആളിന്റെ എഴുത്തായതുകൊണ്ട് ആ മണമടിച്ചതാവാം.
ഈ പറഞ്ഞ സുധീഷിനെ ഞാൻ ഇന്നോളം കണ്ടിട്ടില്ല.
ഇനി കാണുകയുമില്ല.
പക്ഷേ സോഷ്യൽ മീഡിയ നിറയെ ഇത്തരം സുധീഷുന്മാരുടെ ഘോഷയാത്രയാണ്.
അതിന് കൂടെ പഠിക്കണമെന്നോ മുൻ പരിചയം വേണമെന്നോ ഇല്ല.
സോഷ്യൽ മീഡിയ തുറന്നു വെയ്ക്കുന്നത് സൗഹൃദത്തിന്റെ അനന്ത സാധ്യതകളാണ്.
ഫേസ്ബുക്കും ഇൻസ്റ്റയും
ഐ.എം.ഓയും വാട്ട്സ്ആപ്പും ക്ലബ്ബ് ഹൗസും എന്നുവേണ്ട സർവ്വ ചപ്പും ചവറും വാതിൽ തുറക്കുന്നത് ഹൃദയങ്ങളിലേക്കു തന്നെയാണ്.
കരുതിയിരുന്നാൽ കുരുതിപോകാതെ കഴിഞ്ഞുപോകാം…!

പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി 2000 ജൂൺ 9 ന് രാഷ്ട്രപതി ഒപ്പുവെച്ച നമ്മുടെ സൈബർ നിയമാവലി അഥവാ വിവര സാങ്കേതികവിദ്യാ വകുപ്പ് (Information technology Act), സൈബർ കുറ്റകൃത്യങ്ങൾ ഏറി വരികയും ചിന്തിക്കാൻ പോലും കഴിയാത്തത്ര വൈചിത്ര്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ പുന:പരിശോധിക്കുകയും വിപുലീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
സൈബർ പൂച്ചയ്ക്ക് മണികെട്ടുന്ന കഥ ഇവിടെ തീരുന്നില്ല.
കുടപ്പനക്കുന്നിലെ ദൂരദർശൻ ഭൂതലസംപ്രേക്ഷണ കേന്ദ്രത്തിൽ നിന്ന്, ഓരോ വീട്ടിലും ഒന്നിലേറെ യൂ റ്റൂബ് ചാനലുകളുള്ള അത്ഭുതകാലത്തിലേക്ക് നാം ചേക്കേറിയ കഥകളുടെ അറിയാപ്പുറങ്ങളുമായി അടുത്ത ഞായറാഴ്ച വീണ്ടും കാണാം.

Back to top button
error: