കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം.
ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ സൗകര്യം അല്ലെങ്കിൽ ഹോം ഡെലിവറി മാത്രമാക്കി പ്രവർത്തിക്കാം. മരുന്നു കടകൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസമില്ല. ആശുപത്രിയിൽ പോകുന്നവർക്കും വാക്സിനേഷനു പോകുന്നവർക്കും വിലക്കില്ല. യാത്രക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം.
മതപരമായ ആരാധനകൾ ഓൺലൈനായി മാത്രമേ നടത്താവൂ. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. വർക്ക് ഷോപ്പുകൾ അടിയന്തര സാഹചര്യത്തിൽ തുറക്കാൻ അനുമതിയുണ്ട്. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങളുള്ളതിനാൽ കർശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.