വിലങ്ങ് വീഴാൻ നാളുകളെണ്ണി ദിലീപ്, പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി
ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍ വന്നത്. എന്നാൽ, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിൻ്റെ അഭിഭാഷകന് വാദിച്ചു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി വെള്ളിയാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ദിലീപ്, സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച, കേസ് ചൊവ്വാഴ്ചത്തേക്കു പരിഗണിക്കാൻ മാറ്റുകയായിരുന്നു. അതുവരെ അറസ്റ്റിൽ നിന്നു സംരക്ഷണം നല്‍കുകയും ചെയ്തു. അറസ്റ്റ് വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം കേട്ടശേഷമായിരിക്കും വിധി പറയുക.
ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്ശന് എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്സാക്ഷിയാണ് എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറി.
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് ഈ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാൽ, വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചിരുന്നു.
വെള്ളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തുള്ള വിശദമായ സത്യവാങ്മൂലം നൽകും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴികളും കേസിൽ ശേഖരിച്ച തെളിവുകളും മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കും. അതിനിടെ, ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.
അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.