വ്യാജമായി നിർമ്മിച്ച് വിൽപ്പനയ്ക്ക് വച്ചിരുന്ന ഒരു ലക്ഷം രൂപയുടെ കൊതുകുതിരികൾ പൊലീസ് പിടികൂടി. പയ്യന്നൂർ ടൗണിൽ സെൻട്രൽ ബസാറിൽ പ്രവർത്തിക്കുന്ന കെ.എ. സ്റ്റോറിലാണ് സംഭവം.പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ. നായർ, എസ്.ഐമാരായ കെ.പി. അനിൽ ബാബു, മുരളി, എ.എസ്.ഐ എം. ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വ്യാജ കൊതുകു തിരികൾ പിടികൂടിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അഷി കാസ് സ്ലീപ്പ് വെൽ കമ്പനിയുടെ ഉൽപന്നമായ കൊതുകുതിരിയാണ് വ്യാജമായി നിർമിച്ച് കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന വിധം കവറിനു മുകളിൽ പേരും ട്രേഡ്മാർക്കും വച്ച് വിൽപന നടത്തിയത്. ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥനായ എം. നാഗേശ്വർ റാവു ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.