KeralaNEWS

മൂന്നാറിലുമുണ്ട് ഒരു താജ്മഹൽ

മൂന്നാറിന്റെ വശ്യതയിൽ മറഞ്ഞിരിക്കുന്ന പ്രണയ കുടീരം…
മൂന്നാറിന്റെ താജ്മഹൽ … ഇതിനേക്കാൾ മനോഹരമായ മറ്റൊരു വിശേഷണവുമില്ല ഈ ശവക്കല്ലറയ്ക്ക്…
           ബ്രീട്ടിഷ് അധീനതയിൽ ഉണ്ടായിരുന്ന തേയില തോട്ടങ്ങളുടെ ആദ്യത്തെ ജനറൽ മാനേജറായിരുന്ന ഹെന്റി മാൻസ്ഫീൽഡ് നൈറ്റിന്റെയും ഭാര്യ എലേനർ ഇസബെൽ മേയുടെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സ്മാരകമായ ഈ കല്ലറ മൂന്നാർ ടൗണിനോട് ചേർന്നുള്ള  സി. എസ് ഐ ചർച്ചിന്റെ സെമിത്തേരിയിലാണ് ഉള്ളത്.ഒരു പക്ഷേ ക്രൈസ്തവ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കണം ഒരു സെമിത്തേരിയെ പ്രതിനിധാനം ചെയ്ത് ഒരു പള്ളി ഉയർന്ന് പൊങ്ങിയത്.
         1894  നവംബറിലാണ്  ദീർഘനാളത്തെ പ്രണയത്തിന് ശേഷം ഇംഗ്ലണ്ടിൽ വെച്ച് വിവാഹതിരായ ഹെൻറിയും പ്രിയതമ എലേനറും  മധുവിധു ആഘോഷത്തിനായി മൂന്നാറിലേക്ക് തിരിച്ചത് … മൂന്നാറിന്റെ മനോഹാരിത പ്രിയതമനായ ഹെന്റിയുടെ വാക്കുകളിലൂടെ അറിഞ്ഞ എലേനറുടെ നിർബന്ധമായിരുന്നു മൂന്നാറിൽ ഹെന്റിയോടോപ്പം ശിഷ്ടകാലം ചെലവഴിക്കണം എന്ന തീരുമാനം.
            കപ്പൽ മാർഗ്ഗം ശ്രീലങ്ക വഴി ഇന്ത്യയിൽ എത്തിയ ഇരുവരും തിരുച്ചിറപ്പിള്ളിയിൽ നിന്ന് പട്ടാളക്കാരുടെ അകമ്പടിയോടെ ബോഡിനായ്ക്കന്നൂരിൽ കുതിര വണ്ടിയിൽ എത്തി . അവിടെ നിന്ന് ബോഡിമേട് ചുരം വഴി കുതിരപുറത്തേറി നീലക്കുറിഞ്ഞി  പൂത്തു നിൽക്കുന്ന മലമേടുകളിലൂടെ , മഞ്ഞ് നിറഞ്ഞ താഴ്‌വരയിലൂടെ    മൂന്നാറിലെത്തി.
     ഇംഗ്ലണ്ടിൽ ജനിച്ച് വളർന്ന എലേനർക്ക് പുതുമയും സ്വർഗ്ഗീയ ആനന്ദവും നൽകുന്നതായിരുന്നു മൂന്നാറിലെ മധുവിധു ദിനങ്ങൾ . മഞ്ഞിൻ പട്ട് പൊതിഞ്ഞ തേയിലത്തോട്ടങ്ങളിലൂടെയും , വരയാടുകൾ നിറഞ്ഞ, നീലക്കുറിഞ്ഞി കൾ പൂത്ത  താഴ്‌വരകളിലൂടെയും പാറി പറന്ന് നടന്ന എലേനർ  തന്റെ പ്രിയതമന്റെ നെഞ്ചിൽ തല ചേർന്ന് അസ്തമയ സൂര്യനെ സാക്ഷിയാക്കി  മെല്ലെ പറഞ്ഞു ”  ഞാൻ മരിക്കുമ്പോൾ എന്റെ മുതദേഹം ഈ സ്വർഗ്ഗത്തിൽ അടക്കം ചെയ്യണം”
      മൂന്നാറിന്റെ വശ്യസുന്ദരമായ ഭംഗി ആസ്വദിച്ച് ചുറ്റിനടന്ന ഏലോനർക്ക് പക്ഷെ വിധി കാത്തുവെച്ചത് മറ്റൊരു ദുരന്തമായിരുന്നു. വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ്സിനായി കാത്തിരുന്ന എലേനർക്ക്  കോളറ ബാധിച്ചു. പ്രിയപ്പെട്ടവനോടോന്നിച്ച് ക്രിസ്തുമസ് ആഘോഷിക്കാൻ കാത്തിരുന്ന എലേനർ ക്രിസ്തുമസിന് രണ്ട് ദിവസം മുമ്പ് 1894 ഡിസംബർ 23 തിയതി  ഹെന്റിയുടെ മടിയിൽ കിടന്നു തന്നെ തന്റെ 24ാം വയസ്സിൽ ഈ ലോകത്തിൽ നിന്ന് മറയപ്പെടുകയും ചെയ്തു.
         എലേനറുടെ പിതാവും ബന്ധുക്കളും മകളുടെ മൃതദേഹം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാൻ  ശ്രമിച്ചെങ്കിലും ആ എതിർപ്പുകൾ എല്ലാം അവഗണിച്ച് , എലേനർ ആഗ്രഹിച്ച സ്ഥലത്ത് – മുതിരപ്പുഴയാറിന്റെ തീരത്തെ മഞ്ഞ് പുതഞ്ഞ കുന്നിൽ മുകളിൽ ഹെന്റി തന്റെ പ്രിയതമക്ക് വേണ്ടി കുഴിമാടം ഒരുക്കാൻ തീരുമാനിച്ചു.
അങ്ങനെ 1894 ഡിസംബർ 24ാം തിയതി തന്റെ ജീവന്റെ  പാതിയെ  കുന്നിൻ മുകളിലെ കല്ലറയിൽ അടക്കി .ജീവിതത്തിലെ പ്രണയവും മുഴുവനും എലേനർക്ക് പകർന്ന് നൽകിയ ഹെന്റി ശിഷ്ടകാലം ജോലി കഴിഞ്ഞുള്ള ഏറെസമയവും ഇവിടെ ചെലവഴിച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഹെന്റി അവിടെ വെച്ചാണ് മരിച്ചത്.
          പിന്നീടും നിരവധി വിദേശികളെ അടക്കിയ ഈ സ്ഥലത്ത് ദേവലായം വേണമെന്ന ആവശ്യം ഉയർന്ന് വരികയും 1900 – ഏപ്രിൽ 15 ന് കുന്നിൻ മുകളിലെ പ്രദേശം സെമിത്തേരിയായി പ്രഖ്യാപിക്കുകയും എലേനർ  ഒന്നാം നമ്പർ ആയി ഒരു മരണ രജിസ്റ്റർ തുറക്കുകയും ചെയ്തു. അതേ വർഷം ഡിസംബറിൽ എലേനർക്ക് വേണ്ടിതന്നെ വിക്ടോറിയ രാജ്ഞി വക പ്രത്യേക പ്രാർത്ഥനകളും അർപ്പിക്കുകയുണ്ടായി. പിന്നീട് 1910 മാർച്ച്-10 തിയതി തറക്കല്ല് ഇട്ട ദേവാലയം 1911- മാർച്ചിൽ പൂർത്തിയാകുകയും 1911 – ഏപ്രിൽ 16 ഈസ്റ്റർ ദിനത്തിൽ ആരാധനക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.

Back to top button
error: