KeralaLead NewsNEWS

ലഹരിപാര്‍ട്ടിക്കിടെ പൊലീസെത്തി; എട്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്

തൃക്കാക്കര: മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ പൊലീസിനെ ഭയന്ന് 8-ാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുലിനാണ് (22) പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലാണ് സംഭവം. പൊലീസിനെ കണ്ട് ഭയന്ന യുവാവ് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ബാല്‍ക്കണിയില്‍ നിന്ന് ചാടിയ അതുല്‍ ഫ്‌ളാറ്റിന്റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിന്റെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫ്‌ളാറ്റിലെ എട്ടാം നിലയിലെ മുറിയില്‍ ലഹരി പാര്‍ട്ടി നടക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.

Back to top button
error: