കിറ്റെക്സ് കേരളം വിടുമെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചത് കമ്പനിയുടെ ലേബർ ക്യാമ്പിലെ അനാരോഗ്യപ്രവണതകൾ തൊഴിൽവകുപ്പ് റിപ്പോർട്ട് ചെയ്‌തപ്പോൾ. ക്യാമ്പിന്റെ ശോച്യാവസ്ഥയും തൊഴിലാളികളുടെ അരാജകജീവിതവും കമ്പനിയിലെ തൊഴിൽചൂഷണവും റിപ്പോർട്ടിൽ അക്കമിട്ടുപറഞ്ഞിരുന്നു. കമ്പനി രജിസ്‌റ്ററിൽ അതിഥിത്തൊഴിലാളികളുടെ യഥാർഥ എണ്ണം മറച്ചുവച്ചതും കണ്ടെത്തി. കഴിഞ്ഞ ജൂണിലായിരുന്നു ജില്ലാ തൊഴിൽവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പരിശോധന. 11 നിയമലംഘനങ്ങൾ കണ്ടെത്തി ജില്ലാ ദുരന്തനിവാരണസമിതി ചെയർമാൻകൂടിയായ കലക്‌ടർക്ക് പരിശോധനകളുടെ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് കിറ്റെക്‌സിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും കേരളം വിടുകയാണെന്നും സാബു ജേക്കബ് പ്രഖ്യാപിച്ചത്.
ലയങ്ങൾ എന്ന പേരിൽ തകരഷീറ്റ് മേഞ്ഞുണ്ടാക്കിയ ലേബർ ക്യാമ്പിൽ കോവിഡ് വ്യാപനകാലത്തുപോലും തൊഴിലാളികളെ കൂട്ടത്തോടെയാണ് പാർപ്പിച്ചിരുന്നത്. 200 ചതുരശ്ര അടി വിസ്‌തീർണമുള്ള വൃത്തിഹീനമായ മുറികളിൽ 10–12 പേർ ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. ലഹരിപദാർഥങ്ങളുടെ ഉപയോഗവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കമ്പനിയിൽ 15,000 പേർ തൊഴിലെടുക്കുന്നതായാണ് മാനേജ്‌മെന്റ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, 9391 പേരുടെ കണക്കുമാത്രമാണ് ഉദ്യോഗസ്ഥർക്ക് നൽകിയത്. അതുപ്രകാരം മൂന്ന് യൂണിറ്റുകളിലായി 4696 അതിഥിത്തൊഴിലാളികളും 4695 മലയാളികളായ തൊഴിലാളികളുമാണ് ഉള്ളത്. അതിഥിത്തൊഴിലാളികളിൽ 3319 സ്‌ത്രീകളും 1377 പുരുഷന്മാരും. 6700 തൊഴിലാളികളുടെ പേരിൽമാത്രമാണ് തൊഴിലാളി ക്ഷേമനിധിയിൽ വിഹിതം അടച്ചിരുന്നത്.
തൊഴിലാളികൾക്ക് മിനിമം വേതനം നൽകാത്ത കാര്യവും കമ്പനി രേഖകളിൽനിന്നുതന്നെ വ്യക്തമായിരുന്നു. പരിശോധന നടക്കുന്നതിനുമുമ്പുള്ള ആറുമാസത്തെ കണക്കുപ്രകാരം മാത്രം 2,33,18,949 രൂപ കൂലിയിനത്തിൽ കമ്പനി കുടിശ്ശിക വരുത്തിയിരുന്നു. കിറ്റെക്‌സ് ഗാർമെന്റ്‌സ് 1,04,46,876 രൂപയും പ്രോസസിങ് 5,02,948 രൂപയും ചിൽഡ്രൻസ്‌വെയർ 1,23,69,125 രൂപയുമാണ് കുടിശ്ശിക. വേതനസുരക്ഷാ പദ്ധതിപ്രകാരമല്ല തൊഴിലാളികൾക്ക് വേതനം നൽകുന്നത്. ബോണസ് നിയമപ്രകാരം നടത്തിയ പരിശോധനയിൽ, ഭൂരിപക്ഷം തൊഴിലാളികൾക്കും ബോണസ് നൽകുന്നില്ലെന്നും കണ്ടെത്തി. 74 കുറ്റങ്ങൾ അക്കമിട്ടുനിരത്തി, പിഴവുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈയിൽ ജില്ലാ കലക്‌ടർ നോട്ടീസ് നൽകിയെങ്കിലും ഒന്നുപോലും നടപ്പാക്കാൻ കിറ്റെക്‌സ് എംഡി തയ്യാറായില്ല.
പകരം, കിറ്റെക്‌സിനെ തകർക്കുന്നു എന്ന മുറവിളിയോടെ രക്ഷപ്പെടാനായിരുന്നു ശ്രമം. കേരളം വ്യവസായസൗഹൃദമല്ലെന്ന ചർച്ച ഉയർത്തി ഒരുവിഭാഗം മാധ്യമങ്ങളെ ഒപ്പംചേർക്കാനും സാബുവിന് കഴിഞ്ഞു.