തൊടുപുഴ:ആർഎസ്എസ്, ബിജെപി നേതാക്കള്‍ അടക്കമുള്ളവരെക്കുറിച്ചു പോലീസ് ശേഖരിച്ചിരുന്ന വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ.അനസിനെ സസ്‌പെൻഡ് ചെയ്തു . ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമിയാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.
പോലീസ് ഇന്‍റലിജന്‍റ്സ് ശേഖരിച്ച നിരവധി പേരുടെ വിവരങ്ങള്‍ ഇയാള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ടുകാരനു ചോര്‍ത്തി നല്‍കിയതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അനസിന് റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയതു സംബന്ധിച്ച റിപ്പോര്‍ട്ട് തൊടുപുഴ ഡിവൈഎസ്പി കെ.സദന്‍ ഈ മാസം 16നാണ് എസ്പിക്കു കൈമാറിയത്.തുടർന്നാണ് സസ്പെൻഷൻ.ഇയാൾക്കെതിരെ വകുപ്പുതല നടപടികൾക്കും ശുപാർശ ചെയ്തിട്ടുണ്ട്.
പ്രവാചകനെക്കുറിച്ചു പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു എന്നാരോപിച്ചു കഴിഞ്ഞ മൂന്നിനു കെഎസ്ആര്‍ടിസി കണ്ടക്ടറെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മര്‍ദിച്ചിരുന്നു. ബസില്‍ കയറി മകളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദനം. ഈ കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവര്‍ പോലീസില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആരോപണത്തിന് കൂടുതൽ ശക്തിപകരുന്നതാണ് ഇടുക്കി ജില്ലയില്‍ നടന്ന ഈ സംഭവം.