ഈ സുഗന്ധവ്യാപാരി ‘വേദനിക്കുന്ന കോടീശ്വരൻ’, സഞ്ചരിക്കുന്നത് പഴഞ്ചൻ സ്കൂട്ടറിൽ
കണക്കറ്റ സമ്പത്തിൻ്റെ അധിപനാണെങ്കിലും പിയൂഷ് ജെയിൻ പതിവായി സഞ്ചരിച്ചിരുന്നത് ഒരു പഴഞ്ചൻ സ്കൂട്ടറിൽ. ലളിതജീവിതം നയിക്കുന്ന ‘സാധാരണ കച്ചവടക്കാരൻ’ എന്നാണ് ഇദ്ദേഹത്തെക്കുറിച്ച് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത്. പക്ഷേ ജെയിനിന്റെ ‘വേദനിക്കുന്ന കോടീശ്വരൻ’ പ്രതിച്ഛായ നികുതിവകുപ്പിനും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രമാണെന്ന് ഇന്റലിജന്‍സ് വിഭാഗം പറയുന്നു
കാൺപുർ: ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ്, പിയൂഷ് ജെയിനിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് അവസാനിച്ചത് 120 മണിക്കൂറിനുശേഷം. കണ്ടെത്തിയത് കണക്കിൽപ്പെടാതെ സൂക്ഷിച്ചിരുന്ന 280 കോടി രൂപയുടെ നോട്ടുകെട്ടുകൾ. പുറമെ, 25 കിലോഗ്രാം സ്വർണവും 250 കിലോഗ്രാം വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും.
കണക്കറ്റ സമ്പത്തിൻ്റെ അധിപനാണെങ്കിലും പിയൂഷ് ജെയിൻ പതിവായി സഞ്ചരിച്ചിരുന്നത് ഒരു പഴഞ്ചൻ സ്കൂട്ടറിൽ. രണ്ടു കാറുകൾ ഇദ്ദേഹത്തിന്റെ വീടിനുപുറത്ത് പാർക്കു ചെയ്തിട്ടുണ്ട്, ക്വാളിസും മാരുതിയും.
പിയൂഷ് ജെയിനിനെക്കുറിച്ച് നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നത് ലളിതജീവിതം നയിക്കുന്ന ‘സാധാരണ കച്ചവടക്കാരൻ’ എന്നാണ്. ടൗണിലേക്ക് ഇറങ്ങുന്നത് തന്റെ പഴയ സ്കൂട്ടറിലാണെന്നും അവർ പറയുന്നു.
നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്ന വീട്ടിൽ ജോലിക്കാരെ ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. ജെയിനിന്റെ ‘വേദനിക്കുന്ന കോടീശ്വരൻ’ പ്രതിച്ഛായ നികുതിവകുപ്പിന്റെയും നാട്ടുകാരുടെയും കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രമായേ കാണാനാവൂ എന്നാണ് റെയ്ഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നത്.
ചരക്ക്-സേവന നികുതി വെട്ടിച്ചതിനാണ് പിയൂഷ് ജെയിൻ അറസ്റ്റിലായത്. വ്യാജ ഇൻവോയ്സ് ഉപയോഗിച്ചും ഇ വേ ബിൽ എടുക്കാതെയും ചരക്കു കടത്തിയതിലൂടെ വൻവെട്ടിപ്പാണ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. റെയ്ഡ് തുടങ്ങിയപ്പോൾ പിയൂഷ് ജെയിൻ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. തുടർന്ന് കാൺപുരിലേക്ക് വിളിച്ചുവരുത്തി 50 മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് ഇയാളെ അറസ്റ്റുചെയ്തതത്. കാൺപുർ ജില്ലാകോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സുഗന്ധലേപനങ്ങളും മറ്റും നിർമിക്കുന്ന വിദ്യ പഴയകാല കെമിസ്റ്റായിരുന്ന അച്ഛനിൽനിന്നാണ് ജെയിൻ പഠിച്ചെടുത്തത്. തുടർന്ന് രണ്ടു പതിറ്റാണ്ടുമുമ്പ് കാൺപുരിലാണ് നിർമാണം തുടങ്ങിയത്. അത് വൻവിജയമായി.തുടർന്ന് മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ഗൾഫിലേക്കുമൊക്കെ കച്ചവടം വ്യാപിപ്പിച്ചു.
നികുതിവെട്ടിപ്പുകേസിൽ അറസ്റ്റിലായ കാൺപുരിലെ സുഗന്ധവസ്തു വ്യവസായി പിയൂഷ് ജെയിനിന് സമാജ്‍വാദി പാർട്ടിയുമായി അടുത്ത ബന്ധമാണുള്ളതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. ‘സമാജ് വാദി അത്തർ’ എന്ന ബ്രാൻഡിൽ ജെയിൻ സുഗന്ധലേപനം ഇറക്കുന്നുണ്ടത്രേ.