NEWS

സുധീര്‍ കരമന പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് തിരികെ എത്തുന്നു

വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സുധീര്‍ കരമന അധ്യാപകനായി ചേര്‍ന്നത് 1998ലാണ്. പിന്നീട് 2003ല്‍ പ്രിന്‍സിപ്പലായി. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പ്രിന്‍സിപ്പല്‍ പദവിയിലേക്ക് മടങ്ങുകയാണ് സുധീര്‍ കരമന. പക്ഷേ അഭിനയ രംഗത്തും സജീവമായി ഉണ്ടാകും

നീണ്ട ഇടവേളക്ക് ശേഷം വേങ്ങന്നൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തേക്ക് തിരികെ എത്തുകയാണ് നടന്‍ സുധീര്‍ കരമന.

ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപന ജോലിയില്‍ നിന്ന് 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയ താരം 1998-ലാണ് വെങ്ങാനൂര്‍ സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. പിന്നീട് 2003-ല്‍ സ്കൂൾ പ്രിന്‍സിപ്പലായി ചുമതല ഏറ്റു. കഴിഞ്ഞ 17 വര്‍ഷമായി ഇതേ പദവിയില്‍ തുടരുകയായിരുന്നു.

ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രിന്‍സിപ്പല്‍ പദവിയിലേക്ക് മടങ്ങുകയാണെങ്കിലും അഭിനയ രംഗത്തും ശക്തമായ സാന്നിധ്യമായി സുധീര്‍ കരമനയുണ്ടാകും.
അടുത്തിടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വോട്ട് നേടിയായിരുന്നു താരത്തിന്റെ വിജയം. ഇപ്പോള്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥിരാജ് ചിത്രം ‘കടുവ’യിലെ ഒരു പ്രധാനകഥാപാത്രമായി സ്ക്രീനിലെത്താനുള്ള ഒരുക്കങ്ങളിലാണ് സുധീര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദം, ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് വിദ്യാഭ്യാസ ബിരുദം എന്നിവ നേടിയ സുധീര്‍ തിരുവനന്തപുരത്ത് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 1993-ല്‍ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ അധ്യാപകനായി ചുമതലയേറ്റു. പിന്നീട് ഖത്തറിലേക്ക്. അവിടെ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലും അധ്യാപന വൃത്തി.

നടന്‍ കരമന ജനാര്‍ദനന്‍ നായരുടെയും ജയയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനായി തിരുവനന്തപുരം കരമനയിലാണ് ജനനം. 2006-ല്‍ പത്മകുമാര്‍ ഒരുക്കിയ വാസ്തവത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള സുധീര്‍ കരമനയുടെ ചുവടുവെപ്പ്

Back to top button
error: