ദുബായ്: ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ കൊള്ളയടിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള തിരിച്ചുയാത്ര സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കും. പല വിമാനക്കമ്പനികളും മൂന്നിരട്ടിയോളമാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായ ഈ വിലവര്‍ധനയില്‍ വെട്ടിലായിരിക്കുകയാണ് പ്രവാസികള്‍. പലരും കൊറോണ സമയത്ത് മാറ്റി വെച്ച യാത്രയാണ് ഇത്.അവരെല്ലാം നാട്ടിലേക്ക് എത്തിയ സമയത്തു തന്നെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് കൊള്ളലാഭം മുന്നില്‍ക്കണ്ടാണ്.
സംസ്ഥാനത്ത് നിന്നുള്ള എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കും നിരക്ക് കൂട്ടിയിട്ടുണ്ട്. ശരാശരി മുപ്പതിനായിരം രൂപയാണ് ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇത് വലിയ തോതില്‍ വര്‍ധിച്ചു. ചില വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്ക് 77 ആയിരം രൂപ വരെ ഇടാക്കുന്നുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-ദുബായ് സര്‍വ്വീസിനായി ഈടാക്കുന്നത് 34500 രൂപയാണ്.തിരുവനന്തപുരം-മസ്കറ്റ് യാത്രയ്ക്ക് ഏതാണ്ട് 60000 രൂപ അടുത്തു വരും ഇപ്പോൾ. യൂറോപ്പ്,അമേരിക്ക തുടങ്ങി യാത്രക്കാര്‍ കൂടുതലുള്ള മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.