തിരുവല്ല: എടത്വ, തലവടി പ്രദേശങ്ങളിൽ ദിവസത്തിന് ദിവസം മോഷണം പെരുകുന്നു. പക്ഷെ പോലീസ് ഇതൊന്നും അറിഞ്ഞിട്ടില്ല. തലവടി തെക്ക് 2835-ാം നമ്പർ എസ്എൻഡിപി ശാഖാ ക്ഷേത്രം, നിരണം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് കുരിശടി, തലവടി അത്തിപ്പറമ്പ് കുടുംബ ക്ഷേത്രം, തലവടി മുകളടിയിൽ ദാസപ്പന്റെ വീട് എന്നിവിടങ്ങളിലാണ് ഒറ്റരാത്രിയിൽ മോഷണം നടന്നത്. ശ്രീനാരായണ ഗുരു ക്ഷേത്ര കാണിക്ക വഞ്ചിയിൽ നിന്നും ഇത് രണ്ടാമത് തവണയാണ് കാണിക്ക പണം നഷ്ടമാകുന്നത്.
രണ്ടാഴ്ച മുൻപ് ഇവിടെ നിന്ന് ഒരു മോഷ്ടാവിനെ നാട്ടുകാരുടെ സഹായത്താൽ പൊലീസ് പിടികൂടിയിരുന്നു. നഗ്നനായി എത്തിയ മോഷ്ടാവിന്റെ മൊബൈൽ ഫോൺ ലഭിച്ചതാണ് പിടികൂടാൻ സഹായിച്ചത്. പ്രദേശത്ത് നിരന്തരം മോഷണം നടക്കുമ്പോഴും പോലീസിന് അനക്കമില്ലെന്ന് നാട്ടുകാർ പറയുന്നു.