NEWS

‘ചന്ദ്രികയിൽ അലിഞ്ഞ ചന്ദ്രകാന്ത’മായി സേതുമാധവൻ ചിത്രങ്ങളിലെ ഗാനങ്ങൾ

മലയാളിയുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന അസംഖ്യം അനശ്വര ഗാനങ്ങൾ സേതുമാധവൻ ചിത്രങ്ങളിലൂടെ പിറന്നു വീണു. അഭയദേവും വയലാറ്റും തുടങ്ങി ഗാനങ്ങളെ കാവ്യത്തോടടുപ്പിച്ച പ്രതിഭകൾ ആ ചിത്രങ്ങൾക്കായി തുലിക ചലിപ്പിച്ചു. പ്രണയവും ഭക്തിയും നർമവും തുടങ്ങി സമസ്ത വികാരങ്ങളു അലയടിക്കുന്ന ആ ഗാനങ്ങൾ ഏതു കാലത്തും മലയാളി ഏറ്റുപാടും

‘മിണ്ടാത്തതെന്താണ് തത്തേ’ അടക്കം ഹിറ്റ് ഗാനങ്ങളുമായിട്ടാണ് സേതുമാധവൻ 1961-ൽ രംഗപ്രവേശം ചെയ്‌തത്‌. ചിത്രം ജ്ഞാനസുന്ദരി. ഗാനങ്ങൾ അഭയദേവ് എഴുതി. ദക്ഷിണാമൂർത്തിയുടെ സംഗീതം. ‘കന്യാമറിയമേ തായേ എനിക്കെന്നാളും ആശ്രയം നീയേ’ എന്ന ഭക്തിഗാനവും ജ്ഞാനസുന്ദരിയുടെ സമ്മാനമാണ്. ക്രിസ്ത്യൻ വീടുകളിൽ സന്ധ്യാപ്രാർത്ഥനയുടെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയ ‘ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ’ നാടൻ പെണ്ണ് എന്ന സേതുമാധവൻ ചിത്രത്തിലേതാണ്. ‘ദൈവപുത്രന് വീഥിയൊരുക്കുവാൻ’ (അരനാഴികനേരം), ‘യെരുശലേമിലെ സ്വർഗദൂതാ’ (ചുക്ക്) എന്നീ പാട്ടുകളും നമുക്ക് തന്നത് സേതുമാധവനാണ്.
ഒട്ടേറെ ചിത്രങ്ങളിൽ അദ്ദേഹവുമായി സഹകരിച്ച വയലാർ-ദേവരാജന്മാരുടേതാണ് ഈ പാട്ടുകൾ.

സേതുമാധവൻ സംവിധാനം ചെയ്‌ത അമ്പതിൽപ്പരം ചിത്രങ്ങളിലൂടെ അനേകം അനശ്വര ഗാനങ്ങൾ പിറന്നു. വയലാർ കണ്ണും കരളും എന്ന ചിത്രത്തിന് വേണ്ടി എഴുതിയത് പോലെ ‘വളർന്നു വളർന്നു നീയൊരു വസന്തമാകണം’ അന്വർത്ഥമായി സേതുമാധവന്റെ സിനിമകളും സ്വർണ്ണച്ചാമരം വീശിയെത്തിയ പോലെ അവയിലെ പാട്ടുകളും.

പ്രണയത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഉപമ വയലാർ നമുക്ക് തന്നത് ഒരു സേതുമാധവൻ ചിത്രത്തിലൂടെയാണ്. ചിത്രം: ഭാര്യമാർ സൂക്ഷിക്കുക. ‘ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗനക്ഷത്ര കണ്ണുകൾ ചിമ്മി’ എന്നതാണ് ഗാനം.
ഈ ചിത്രത്തിലേതാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനവും.

ഇടയകന്യകേ പോവുക നീ, അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ ഗാനങ്ങളുമായാണ് മണവാട്ടി (1964) വന്നത്. ആകാശഗംഗയുടെ കരയിൽ അശോകവനിയിൽ ആരെയാണ് തേടി വന്നതെന്ന് ഓമനക്കുട്ടനിലെ നായകൻ ചോദിക്കുന്നുണ്ട്. കുരുവിപ്പെട്ടിക്കും കടുവാപ്പട്ടിക്കും വോട്ടില്ല എന്ന് അടൂർഭാസി പാടി സ്ഥാനാർത്ഥി സാറാമ്മയിൽ.
അനുരാഗനർമ്മദാ തീരത്ത് നിൽക്കുന്ന അജ്ഞാതസഖിയെക്കുറിച്ചാണ് ‘ഒള്ളത് മതി’യിലെ നായകൻ പാടിയത്. കണ്ണുനീർമുത്തുമായി കാണാനെത്തിയ കതിരുകാണാക്കിളി ഞാൻ എന്ന് ‘നിത്യകന്യക’യിലെ നായകനും, കറുത്ത പെണ്ണേ, കരിങ്കുഴലീ, നിനക്കൊരുത്തൻ കിഴക്കുദിച്ചു എന്ന് ‘അന്ന’യിലെ സത്യനും പാടി. പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കും എന്ന് ‘തോക്കുകൾ കഥ പറയുന്നു’ എന്ന ചിത്രത്തിലെ നായകൻ പാടി. ഈ ചിത്രത്തിലേതാണ് പാരിജാതവും പൂവും പ്രസാദവും എന്നീ ഗാനങ്ങളും.

കാറ്റിൽ ഇളം കാറ്റിൽ ഒഴുകി വരുന്ന ഗാനം (ഓടയിൽ നിന്ന്), ഏകാന്തകാമുകാ നിൻവഴിത്താരയിൽ ഏകാകിനിയായ് വരുന്നു ഞാൻ (ദാഹം), ഇന്ദ്രനീല യവനിക, തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി (കൂട്ടുകുടുംബം), താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ (അടിമകൾ), കസ്‌തൂരിതൈലമിട്ട് മുടി മിനുക്കി, ഉജ്ജയിനിയിലെ ഗായിക (കടൽപ്പാലം), അദ്വൈതം ജനിച്ച നാട്ടിൽ (ലൈൻ ബസ്), പൂന്തേനരുവി (ഒരു പെണ്ണിന്റെ കഥ), പ്രവാചകന്മാരേ പറയൂ (അനുഭവങ്ങൾ പാളിച്ചകൾ), മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (അച്ഛനും ബാപ്പയും), പ്രേമഭിക്ഷുകി (പുനർജ്ജന്മം), കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച (പണി തീരാത്ത വീട്) അങ്ങനെ ഒത്തിരിയൊത്തിരി പാട്ടുകൾ സേതുമാധവൻ ചിത്രങ്ങളിലൂടെ പിറന്നു.

‘സാമ്യമകന്നൊരു ഉദ്യാന’മായി സേതുമാധവൻ ചിത്രങ്ങളിലെ പാട്ടുകൾ എന്നും നമ്മോടൊപ്പമുണ്ടാവും.

തയ്യാറാക്കിയത്: സുനിൽ കെ ചെറിയാൻ

Back to top button
error: