മുംബൈ: ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്‌പേപ്പറുകളില്‍ പൊതിഞ്ഞ് നല്‍കുന്നതിന് വിലക്ക്. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ന്യൂസ്‌പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശം ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കി.
വട പാവ്, പോഹ, മധുരപലഹാരങ്ങള്‍, ഭേല്‍ മുതലായവ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞാണ് സാധാരണയായി മഹാരാഷ്ട്രയില്‍ നല്‍കുന്നത്. ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
2016ല്‍ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് നല്‍കരുതെന്ന നിര്‍ദേശം ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നിര്‍ദേശത്തിന് ശേഷവും പല ഭക്ഷ്യസ്റ്റാളുകളും ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും ഉത്തരവിറക്കിയത്.