ലോകമെങ്ങും കൊണ്ടാടുന്ന ഒരു ആഘോഷമാണ് ക്രിസ്തുവിന്റെ ജനനപ്പെരുന്നാൾ അഥവാ ക്രിസ്തുമസ്.എങ്കിലും ക്രിസ്തുമസിന്റെ തനതായ കാഴ്ചകൾ കാണണമെങ്കിൽ അധികമൊന്നും ആലോചിക്കാതെ തിരഞ്ഞെടുക്കുവാന്‍ പറ്റിയ കുറെ ഇടങ്ങളുണ്ട്.അതിലൊന്നാണ് ഇസ്രായേൽ.
ലോക രക്ഷകനായി അവതരിച്ച യേശു ക്രിസ്തുവിന്‍റെ ജന്മനാടാണ് ഇത് (ഇന്നത്തെ പാലസ്തീനിലുള്ള ബെത്ലഹേം) ക്രിസ്മസ് കാലത്ത് വിവിധ ഇടങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവിടേക്ക് എത്താറുണ്ട്. രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയെ അതേ സ്ഥലത്ത് കാണുക. അവിടെ ക്രിസ്തുമസ് ആഘോഷിക്കുക എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.
മറ്റൊരു പ്രദേശമാണ് അലാസ്ക.ചുറ്റോടു ചുറ്റു നിറഞ്ഞു കിടക്കുന്ന മഞ്ഞും ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന പര്‍വ്വതങ്ങളും വെട്ടിത്തിളങ്ങുന്ന തടാകവും മഞ്ഞുപാളികളും മഞ്ഞിന്‍റെ നിറമുള്ള പോളാര്‍ ബിയറുകളും എല്ലാം അലാസ്കന്‍ ക്രിസ്തുമസ് സീസണിന്റെ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഘടകങ്ങള്‍ ആയിരിക്കും. വ്യത്യസ്തമായ ക്രിസ്മസ് ആഘോഷങ്ങള്‍ മാത്രമല്ല, അടിപൊളി യാത്രകള്‍ക്കും കാഴ്ചകള്‍ക്കും അവസരമുണ്ടാവുകയും ചെയ്യും അലാസ്കയില്‍.
ഒരിക്കലും മറക്കാനാവാത്ത ക്രിസ്മസ് അനുഭവമാണ് വേണ്ടതെങ്കില്‍ ക്രിസ്മസ് ഐലന്‍ഡ് തിരഞ്ഞെടുക്കാം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചെറു ദ്വീപ് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും 1500 മൈല്‍ അകലെയാണ് ഉള്ളത്. ഒരിക്കല്‍ പോയാല്‍ തിരികെ വരുവാന്‍ തോന്നിപ്പിക്കാത്തവിധം മനോഹരമാണ് ഇവിടം. സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടേക്ക് എത്തിച്ചേരുവാന്‍ എളുപ്പം. ലോകത്തിന്റി വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ ഭാഷ സംസാരിച്ച് ഐക്യത്തില്‍ ജീവിക്കുന്ന ഇവിടം വ്യത്യസ്തമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനുള്ള അവസരം നല്കും.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായി ക്രിസ്മസ് ആഘോഷിക്കുന്ന സ്ഥലമാണ് ഫിന്‍ലന്‍ഡിലെ സാന്‍റാ ക്ലോസ് വില്ലേജ്. സാന്താ ക്ലോസിന്‍റെ നാടായാണ് ഇവിടം അറിയപ്പെടുന്നത്. ക്രിസ്മസ് കാലമായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുട്ടിസഞ്ചാരികളടക്കമുള്ളവര്‍ ഇവിടെ എത്തിച്ചേരും. കഥകളിലൂടെ മാത്രമറിഞ്ഞ ക്രിസ്മസ് അപ്പൂപ്പനെയും അപ്പൂപ്പന്റെ വണ്ടി വലിക്കുന്ന റെയ്ന്‍ഡിയറുകളും മഞ്ഞിലെ സ്കീയിങ് ലൊക്കേഷനുകളും എല്ലാം ഇവിടെ മുതിര്‍ന്ന ആളുകളില്‍ പോലും അതിശയം നിറയ്ക്കും. ക്രിസ്മസ് സമ്മാനങ്ങളുമായെത്തുന്ന സാന്താ ക്ലോസിനെ കാത്ത് കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇവിടെ ക്ഷമാപൂര്‍വ്വം കാത്തിരിക്കും. ക്രിസ്മസ് സമയം മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയായിരിക്കും പ്രദേശം മുഴുവനും.
കത്തോലിക്ക വിശ്വാസികളുടെ ആത്മീയ കേന്ദ്രമായ വത്തിക്കാനിൽ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്രിസ്മസ് പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കുക എന്നത് ഓരോ വിശ്വാസിക്കും ഏറ്റവും പുണ്യമുള്ള കാര്യങ്ങളിലൊന്നായിരിക്കും. എപ്പോള്‍ ചെന്നെത്തിയാലും പ്രത്യേകതകളുള്ള ഇവിടെ ക്രിസ്മസ് കാലമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട !