മാവും പ്ലാവും പൂക്കാനും കായ്ക്കാനും ചില കുറുക്കുവഴികൾ
പോയ വർഷം കോവിഡും പ്രകൃതിദുരന്തങ്ങളും ദുരിതം വിതച്ചിട്ടും വറുതിയെയും ദാരിദ്യത്തെയും നാം പ്രതിരോധിച്ചു. ചക്കയും മാങ്ങയും ചേനയും ചേമ്പുമൊക്കെ കേരളത്തിൻ്റെ അടുക്കളകളെ സമൃദ്ധമാക്കി. ഈ വർഷം മാവും പ്ലാവുമൊക്കെ കാര്യമായ വിള തരാതെ മന്ദീഭവിച്ചു നിൽക്കുന്നു. മാവുകൾ പൂക്കാനും പ്ലാവുകൾ കായ്ക്കാനും പച്ചക്കറികൾ ഫലം തരാനുമൊക്കെ ചില ‘അത്ഭുതവിദ്യകൾ’ ഇതാ
കഴിഞ്ഞ സീസണിൽ മലയാളിയുടെ അടുക്കളയെ സമൃദ്ധമാക്കിയത് ചക്കയും മാങ്ങയും ചേനയും ചേമ്പുമൊക്കെയാണ്. കോവിഡും പ്രകൃതിദുരന്തങ്ങളും ദുരിതം വിതച്ചിട്ടും വറുതിയെയും ദാരിദ്യത്തെയും നമ്മൾ പ്രതിരോധിച്ചു നിന്നു.
പക്ഷേ ഈ വർഷം മാവും പ്ലാവുമൊക്കെ കാര്യമായ വിള തരാതെ മന്ദീഭവിച്ചു നിൽക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാവാം കാരണം. ഈ സീസണിലും പഴയപോലെ നിറയെ കായ്ക്കുമെന്ന് കരുതിയെങ്കിലും മാവും പ്ലാവും നിരാശപ്പെടുത്തി.
പക്ഷേ അടുത്ത സീസണിൽ നിരാശപ്പെടേണ്ടിവരില്ല. പ്രതിവിധിയുണ്ട്.
വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് മരുന്നുകളുണ്ടാക്കി പ്രയോഗിച്ചാൽ ഫലവൃക്ഷങ്ങൾ അത്ഭുതകരമായി വിളവ് തരും. മാവുകൾ പൂക്കാനും പ്ലാവുകൾ കായ്ക്കാനും പച്ചക്കറികൾ ഫലം തരാനുമൊക്കെ പണ്ട് കാലത്ത് പ്രയോഗിച്ചിരുന്ന ചില ‘അത്ഭുതവിദ്യ’കൾ പഠിച്ചു വയ്ക്കുന്നത് നല്ലതാണ്.
ഫലവൃക്ഷങ്ങൾ കായ്ക്കാൻ
ഉലുവാ കഷായം
ഫലം ലഭിക്കാത്ത നമ്മുടെ കാർഷിക വിളകൾ സമൃദ്ധമായി കായ്ക്കാൻ ഉലുവാ കഷായം ഉത്തമമാണ്.
ഉലുവ 500 ഗ്രാം 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക. വെള്ളം തണുത്ത ശേഷം വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക. രണ്ട് ദിവസത്തിന് ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും ഉലുവ തിളപ്പിച്ച് ഫലവൃക്ഷ ചുവട്ടിൽ ഒഴിച്ചാൽ ഗുണം ചെയ്യും.
പണ്ട് ആളുകൾ പ്ലാവിന് പാവാട അണിയിക്കുന്ന പതിവുണ്ടായിരുന്നു. മഴക്കാലത്തിന് മുമ്പ് പ്ലാവിൽ ചാണകം തേച്ച് പഴയ തുണി കൊണ്ട് കെട്ടി വെക്കുന്ന രീതിയും പരീക്ഷിച്ചിരുന്നു. നമ്മുടെ കയ്യെത്തും ദൂരത്ത് ചക്ക ഉണ്ടാവാനുള്ള വഴി ഇതാണ്.
പച്ച ചാണകം എടുത്തു തുണിയിൽ കിഴികെട്ടി കിഴിയാക്കി പ്ലാവിന് ചുറ്റിലും വരിഞ്ഞ് കെട്ടണം. ആദ്യം ഒരു കോട്ടൺ തുണി എടുത്തു അതിൻ്റെ ഇരുവശവും ചേർത്ത്അടിക്കുക. അതായത് തുണി കുഴൽ പോലെ ഇരിക്കണം. പ്ലാവിന്റെ പകുതി വരെയെങ്കിലും തുണി എത്തണം. ഈ തുണിയുടെ രണ്ടറ്റത്തും ചെറിയ ചരട് കൂട്ടി യോജിപ്പിക്കണം.
കുഴൽ പോലെ തയ്യാറാക്കിയ തുണിയിൽ മുഴുവനായും പച്ച ചാണകം നിറയ്ക്കണം. അതിന് ശേഷം ഈ തുണി കൊണ്ട് പ്ലാവ് മുഴുവനായി വരിഞ്ഞു കെട്ടണം
മഴയത്ത് ഒലിച്ചു പോകാതിരിക്കാൻ ആണ് തുണി ഇങ്ങനെ അടിച്ചു കെട്ടുവാൻ പറയുന്നത്. അതല്ലെങ്കിൽ മരത്തടിയിൽ അല്പം തൊലികളഞ്ഞ് പച്ചച്ചാണകം ഉരുളയായി എടുത്ത് തടിയുടെ പകുതിയോളം ഒട്ടിച്ച് തുണിയോ ചാക്കോ വെച്ച് നന്നായി വരിഞ്ഞ് കെട്ടിയാലും മതി.
നാട്ടിൻപുറങ്ങളിൽ ഈ പ്രയോഗം ചെയ്യാറുണ്ട്. നവംബർ മാസാവസാനത്തോട കൂടിയോ ഡിസംബർ ആദ്യവാരമോ ആണ് കർഷകർ പ്ലാവിൽ കൂടുതൽ ഫലം ലഭിക്കാൻ ഈ പ്രയോഗം ചെയ്യുന്നത്. പ്ലാവിന്റെ ചുവട്ടിൽ ചക്ക കായ്ക്കുന്നതിന് ഇത് ഉപകരിക്കും. ചെറിയ പ്ലാവിന് ചുവട്ടിൽ, കമുങ്ങിന്റെ പോള ഇട്ട് മൂടാം.
ചില ഫല വൃക്ഷങ്ങൾക്ക് മോതിര വളയം ഇടുന്നതും എളുപ്പത്തിൽ കായ്ഫലം ലഭിക്കുന്നതിന് കാരണമാകുമെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. ഫലവൃക്ഷങ്ങൾക്ക് മോതിര വളയം ഇട്ട് കൊടുക്കാറുണ്ട്. തടിയിൽ നിന്നും ഒരിഞ്ച് തൊലി വട്ടത്തിൽ ചീകി കളയുന്നു. നെല്ലിയും, പ്ലാവും ഒഴികെയുള്ള വൃക്ഷങ്ങൾക്ക് ഇത് ഫലപ്രദമാണ്. എന്നാൽ രണ്ട് ഇഞ്ചിൽ കൂടുതൽ ആഴത്തിൽ ഇങ്ങനെ ചെയ്താൽ അവ ദോഷകരമായി ബാധിക്കും.
ഏറെ വർഷങ്ങൾ ആയിട്ടും കായ് ഫലം തരാത്ത തെങ്ങുകൾക്ക് പണ്ട് കാലത്ത് ആണി അടിക്കുമായിരുന്നു. തുടർന്ന് ഇത്തരം തെങ്ങുകൾ കായ്ച്ചിട്ടുമുണ്ട്.
മുരിങ്ങയ്ക്കും മാവിനും അതിന്റെ തടത്തിൽ ഉമിയിട്ട് മൂടുന്ന രീതി പലരും ചെയ്യാറുണ്ട്. ഇവ പൂക്കുമ്പോള്‍ മരത്തിന്റെ ചുവട്ടിൽ വറ്റല്‍ മുളകിട്ട് പുകയ്ക്കുന്നതും പഴമക്കാർ ചെയ്തിരുന്നു.
നാരകത്തിന്റെ ചുവട്ടിൽ മുടി കുഴിച്ചിട്ടാൽ അവ നല്ല ഫലം തരുമെന്നും പഴമക്കാർ പറയുന്നു.
ചെടികൾ പൂക്കാൻ
ഫലവൃക്ഷങ്ങൾക്ക് പുറമെ, പൂന്തോട്ടത്തിൽ റോസാപ്പൂക്കൾ പൂത്ത് തളിർക്കാൻ, ഉപയോഗിച്ച് കഴിഞ്ഞ തേയില ശേഖരിച്ച് റോസാച്ചെടിയുടെ ചുവട്ടിൽ ഇടുന്ന കൃഷിരീതിയും പണ്ട് കർഷകർ പരീക്ഷിച്ചിരുന്നു. മുട്ടത്തോട് പൊടിച്ചതും മുട്ട പുഴുങ്ങിയ വെള്ളം തണുത്ത ശേഷം രണ്ടും കൂടി ചേർത്ത് റോസയ്ക്ക് ഒഴിച്ചാൽ നന്നായി പൂക്കും. പഴത്തൊലിയും മുട്ടത്തോടും ഉണക്കിപ്പൊടിച്ച് വച്ച് കുറെശ്ശേ വളമായിടുന്നതും ചെടികൾ പൂക്കുന്നതിന് നല്ലതാണ്.ആട്ടിൻ കാഷ്ഠം ബൊഗൈൻ വില്ലയിലും അഡീനിയത്തിലും നിറയെ പൂക്കളുണ്ടാക്കാൻ ഒന്നാന്തരം വളമാണ്
പച്ചക്കറിച്ചെടികൾ കായ്ക്കാൻ
വളരാതെ മുരടിച്ച് പോകുന്ന പച്ചക്കറി സസ്യങ്ങൾക്ക് പഴങ്കഞ്ഞി വെള്ളം ഒഴിച്ചു കൊടുത്താൽ തഴച്ചു വളരും. പച്ചക്കറികള്‍ വേവിക്കുന്ന വെള്ളം തണുത്ത ശേഷം അത് പച്ചക്കറികള്‍ക്ക് തന്നെ ഒഴിച്ചു കൊടുക്കുന്നതും ചെടികള്‍ തഴച്ചു വളരുന്നതിനും കായ് ഫലം കൂടാനും സഹായിക്കും. ഏത്തയ്ക്കാത്തൊലി അരിഞ്ഞ് വെള്ളത്തിലിട്ട് രണ്ടു മൂന്ന് ദിവസം വച്ചതിനുശേഷം ആ വെള്ളത്തോടൊപ്പം ഇരട്ടി സാധാരണ വെള്ളം കൂടി ചേർത്ത് പച്ചക്കറികൾക്ക് ഒഴിച്ചുകൊടുത്താൽ നന്നായി കായ്ഫലമുങ്ങാക്കും.
ബാക്കി വരുന്ന തൊലിയും ചെടിയുടെ മൂട്ടിൽ ഇട്ടു കൊടുക്കാം.