ക്രിസ്‌മസ്- പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് കേരളത്തിലേക്ക് വ്യാപകമായി മാരക മയക്കുമരുന്നുകളും കഞ്ചാവും ഒഴുകുന്നു, കൊച്ചിയിലും കോട്ടത്തും തിരുവനന്തപുരത്തും അറസ്റ്റ്
കേരളം മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയിരിക്കുന്നു. ചെറുപ്പക്കാരാണ് ഈ അധോലോക വ്യാപാരത്തിൻ്റെ ഇര. കിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേണ്ടി ഇപ്പോൾ സംസ്ഥാനത്ത് ഉടനീളം വ്യാപകമായി കഞ്ചാവും മാരക മയക്കുമരുന്നുകളും ഒഴുകുന്നു. ഇന്നലെ കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിൽ വച്ചാണ് ലഹരിക്കടത്ത് സംഘം അറസ്റ്റിലായത്
കൊച്ചി: അങ്കമാലിയിൽ രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്സ് അയ്യമ്പ്രാത്ത് വീട്ടിൽ മുഹമ്മദ് അസ്ലാം (23), തൃശൂർ പട്ടിക്കാട് പാത്രക്കടയിൽ വീട്ടിൽ ക്ലിന്റ് സേവ്യർ (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. എൽ.എൽ.ബി വിദ്യാർഥിയായ അസ്ലം ബാംഗ്ലൂരിൽനിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഓയിൽ കടത്തിക്കൊണ്ടുവന്നത്.
മയക്കുമരുന്ന് വാങ്ങാൻ അങ്കമാലി സ്റ്റാൻഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസിന്റെ പിടിയിലാകുന്നത്. വാങ്ങുന്നതിന് പണം മുടക്കിയതും ഇയാളാണ്. കിസ്മസ് -ന്യൂ ഇയർ ആഘോഷങ്ങൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചിട്ടുള്ളത്. പൊതുവിപണിയിൽ ഇതിന് കോടികൾ വിലവരും. ആന്ധ്രയിലെ പഡേരുവിൽനിന്നാണ് അസ്ലം ഓയിൽ വാങ്ങിയത്. അവിടെനിന്നു ട്രയിനിൽ ബെംഗളൂരുവിലെത്തിച്ചു. ബെംഗളൂരുവിൽനിന്ന്ണ് ടൂറിസ്റ്റ് ബസിൽ കയറിയത്.
രണ്ടു ബാഗുകളിലായി പ്രത്യേകം പാക്കു ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും നടത്തിയ പരിശോധനയിൽ രാവിലെ ഏഴ് മണിയോടെയാണ് കഞ്ചാവ് ഓയിൽ പിടികൂടിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയിൽ വാങ്ങാൻ അങ്കമാലി ബസ്സ് സ്റ്റാൻഡിലെത്തുകയായിരുന്നു ക്ലിന്റ്.
പോലീസ് പിടികൂടുമെന്നായപ്പോൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്. നേരത്തെയും ഇവർ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്. ഇവരുടെ മയക്കുമരുന്നു ബന്ധങ്ങൾ പരിശോധിക്കുമെന്ന് എസ്.പി, കെ. കാർത്തിക്ക് പറഞ്ഞു.
ക്രിസ്‌മസ്- ന്യൂ ഇയര്‍ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം ആനാട് മഠത്തില്‍ചിറ ജങ്‌ഷന് സമീപം അജിത്ത് ഭവനില്‍ അനന്തു കൃഷ്‌ണനെ കഞ്ചാവുമായി അറസ്‌റ്റ് ചെയ്‌തു കേസെടുത്തു.
തുടര്‍ന്ന് ചോദ്യംചെയ്‌തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കരകുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കരകുളം പാലം ജങ്‌ഷന് സമീപം ഹോണ്ട ആക്‌ടിവ സ്‌കൂട്ടറില്‍ 3 കിലോ കഞ്ചാവ് കടത്തിക്കൊണ്ടു വന്നതിന് കരകുളം പമ്മത്തല പള്ളിച്ചല്‍ ഗോകുലം വീട്ടില്‍ ബിജു എന്നുവിളിക്കുന്ന കമല്‍രാജിനെയും അരുവിക്കര ഇരുമ്പ മരുതംകോട് ചിറത്തലക്കല്‍ വീട്ടില്‍ ഷാജി കുമാറിനെയും അറസ്‌റ്റ് ചെയ്‌തു.
പേരൂര്‍ക്കട, ഏണിക്കര, കരകുളം, അഴീക്കോട്, അരുവിക്കര, ഇരുമ്പ എന്നീ സ്‌ഥലങ്ങളിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും അന്യസംസ്‌ഥാനത്ത് നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തിയിട്ടുള്ളതായി ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് അറിഞ്ഞു.
ഇന്നലെ കോട്ടയം ഈരാറ്റുപേട്ടയിലും വൻ കഞ്ചാവ് വേട്ട നടന്നു. ന്യൂഇയർ പാർട്ടിക്കായി തമിഴ് നാട്ടിൽ നിന്നും കൊണ്ട് വന്ന 5 കിലോയോളം കഞ്ചാവുമായി എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിന്റെ പിടിയിൽ ആയത് ഈരാറ്റുപേട്ട നടക്കൽ സ്വാദേശി ആലയ്ക്കൽ വീട്ടിൽ ജാസിം ജലീൽ (21), പിണ്ണാക്കനാട് ചേറ്റു തോട് സ്വാദേശി മണ്ണി പറമ്പ് വീട്ടിൽ രാഹുൽ ഷാജി (21) എന്നിവർ ആണ്.ന്യൂ ഇയർ പാർട്ടി നടത്തുവാനായി തമിഴ് നാട്ടിൽ കൊണ്ട് വന്ന കഞ്ചാവ് ബൈക്കിൽ എത്തിക്കവേ എക്‌സൈസ് സംഘം സഹസികമായി പിടികൂടുകയായിരുന്നു.