തിരുവനന്തപുരം: പൈശാചികത്വത്തിന്‍റെ പുതിയ രൂപം, ഗുണ്ടാ പകയിൽ കൂട്ടാളിയെ കാലുവെട്ടിയെടുത്ത് കൊലപ്പെടുത്തിയ ഒട്ടകം രാജേഷ് തിരുവനന്തപുരം ജില്ലയിലെ ലഹരി മാഫിയയുടെ നിയന്ത്രകരിലൊരാളാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലെ അനധികൃത മണൽ, മണ്ണ് മാഫിയയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ബാറുകളുമായി ബന്ധപ്പെട്ടും ഗുണ്ടാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ബാറുകൾ പൂട്ടിയതോടെ അനധികൃത പാറമട ഉടമകളുമായി ചങ്ങാത്തത്തിലായി. കാപ്പാ നിയമപ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ടുള്ള ഒട്ടകം രാജേഷ് ചിറയിൻകീഴ് അഴൂർ സ്വദേശിയാണ്. ലഹരി, തലസ്ഥാനത്തെ ചില്ലറ കച്ചവടക്കാർക്ക് എത്തിച്ച് കൊടുക്കുകയും അത് നിയന്ത്രിക്കുകയും ചെയ്തിരുന്നതിൽ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് കഥകള്‍.
വധശ്രമക്കേസിലെ പ്രതിയായിരുന്ന സുധീഷിനെ കൊലപ്പെടുത്തുകയും കാലുവെട്ടി റോഡിലെറിയുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഒട്ടകം രാജേഷ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 11 പേരെ സംഘടിപ്പിച്ചതും, അക്രമം ആസൂത്രണം ചെയ്തും രാജേഷാണ്. മംഗലപുരം ചെമ്പകമംഗലം കോളനിയിലെ സുധീഷ് ഒട്ടകം രാജേഷും സംഘവും വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട് വീട്ടിൽ ഒളിക്കുകയായിരുന്നു.എന്നാൽ വീടിൻ്റെ കതകും, ജനലും പൊളിച്ചാണ് സംഘം ഉള്ളിൽ കടന്നത്. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം, വടിവാൾ കാട്ടി നാട്ടുകാരെ വിരട്ടി ഓടിച്ചു. മക്കളുടെ കൺമുമ്പിലിട്ടാണ് സുധീഷിനെ വെട്ടിയതും, കാൽ മുറിച്ചെടുത്തതും.
ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോലീസിന് പത്ത് ദിവസം കാത്തിരിക്കേണ്ടി വന്നു. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട ഒട്ടകം രാജേഷ് പഴനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ വരുമ്പോഴാണ് പിടിയിലായത്. കൊല്ലം ബസ് സ്റ്റന്‍ഡില്‍ വെച്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടന്ന് പത്താം ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്. എന്നാൽ ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടി കൂടിയതെന്നും വാർത്തകൾ ഉണ്ട്.
ഒട്ടകം രാജേഷിനെ പിടികൂടാനുള്ള ശ്രമത്തിനിടെ യുവ പോലീസുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. സിവിൽ പോലീസ് ഓഫീസർ പുന്നപ്ര ആലിശ്ശേരിയിൽ ബാലു (27) ആണ് അഞ്ചുതെങ്ങ് കായലിൽ മുങ്ങിമരിച്ചത്. ഇവിടെത്തെ പൊന്നും തുരുത്തിൽ, രാജേഷ് ഒളിച്ചിരിപ്പുണ്ടന്ന് വിവരം കിട്ടിയതിനെ തുടർന്ന് അന്വേഷണത്തിന് പോയ സംഘാഗമായിരുന്നു മരിച്ച സിവിൽ പോലീസ് ഉദ്യോഗസ്ഥൻ. പിന്നീട് ഇത് വ്യാജമായിരുന്നു എന്ന് തെളിഞ്ഞു. അറസ്റ്റിന് പിന്നാലെ രാജേഷുമായി പോലീസ് തെളിവെടുപ്പു തുടങ്ങി.
കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി തെളിവെടുപ്പില്‍ പോലീസ് കണ്ടെത്തിയിരുന്നു. ചിറയന്‍കീഴ് ശാസ്തവട്ടത്ത് നിന്നാണ് ഇത് കണ്ടെത്തിയത്.