കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ടതെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍. വടകര ടൗണില്‍ താമസമാക്കിയ ആന്ധ്ര സ്വദേശി സതീഷാണ് പിടിയിലായത്. താലൂക്ക് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഇയാള്‍ തീയിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഇയാള്‍ക്ക് താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ചോദ്യംചെയ്യും.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിന് തീപിടിച്ചത്. രാവിലെ അഞ്ചരയോടെ സമീപത്തെ ജയില്‍ ജീവനക്കാരാണു തീ കണ്ടത്. അതിനു മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ കെട്ടിടത്തിനുള്ളില്‍ തീ പടര്‍ന്നിരിക്കാമെന്ന് കരുതുന്നു. ഭൂരിഭാഗം ഫയലുകളും 45 കംപ്യൂട്ടറുകളും നശിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. അഗ്‌നിരക്ഷാസേനയുടെ 10 യൂണിറ്റ് എത്തിയാണു തീയണച്ചത്. 1885ല്‍ സ്ഥാപിച്ചെന്നു കരുതുന്ന താലൂക്ക് ഓഫിസില്‍ 100 വര്‍ഷത്തിലധികം പഴക്കമുള്ള ഒട്ടേറെ ഫയലുകളുണ്ടായിരുന്നു. അവയില്‍ പലതും കത്തിനശിച്ചു. തൊട്ടടുത്തുള്ള പഴയ ട്രഷറി, സബ് റജിസ്ട്രാര്‍ ഓഫിസ്, ജയില്‍ എന്നിവയിലേക്കു തീ പടരാത്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.