അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ റിലീസ് ഡിസംബര്‍ 17നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതും പുഷ്പയുടെ ഹൈപ്പ് വര്‍ദ്ധിപ്പിച്ചിരുന്നു. തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ മലയാളം പതിപ്പ് തീയേറ്ററുകളിലെത്താന്‍ ഒരു ദിവസം വൈകും. പകരം തമിഴ് പതിപ്പാണ് പ്രദര്‍ശിപ്പിക്കുക.
E4 എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടതിനൊപ്പമാണ് വിതരണക്കാര്‍ ഈ വിവരവും അറിയിച്ചത്.
‘എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടും, ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്റെ ചിത്രം പുഷ്പ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക. മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു. 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പിന്റെ പ്രദര്‍ശനം ആരംഭിക്കും. ഈ ചിത്രം നിങ്ങള്‍ ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’ E4 എന്റര്‍ടെയ്ന്‍മെന്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
കേരളത്തില്‍ 254 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനില്‍, അനസൂയ ഭരദ്വാജ്, ഹരീഷ് ഉത്തമന്‍ തുടങ്ങി താരങ്ങള്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തുന്നു. രശ്മിക മന്ദാനയാണ് നായിക. അതേസമയം കര്‍ണ്ണാടകത്തില്‍ ചിത്രത്തിന്റെ കന്നഡ പതിപ്പിന് പ്രദര്‍ശനം കുറവാണെന്ന് ചൂണ്ടിക്കാട്ടി അവിടുത്തെ സിനിമാപ്രേമികള്‍ ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.