Lead NewsMovieNEWS

‘അമ്മ’യിലെ അംഗങ്ങള്‍ക്ക് കത്തെഴുതി മോഹന്‍ലാലും സിദ്ധിക്കും; മത്സരം കടുക്കുമെന്ന് സൂചന

അമ്മയുടെ ജനറല്‍ ബോഡിയും 2021-24 ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പും നടക്കാന്‍ രണ്ട് ദിവസംമാത്രം ശേഷിക്കേ മത്സരം കനക്കുന്നതിന്റെ വ്യക്തമായ സൂചനകളും കണ്ടുതുടങ്ങിയിട്ടുണ്ട്. നിലവില്‍ മോഹന്‍ലാലും (പ്രസിഡന്റ്) ഇടവേളബാബുവും (ജനറല്‍ സെക്രട്ടറി) ജയസൂര്യയും (ജോയിന്റ് സെക്രട്ടറി) സിദ്ധിക്കും (ട്രഷറര്‍) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കുമാണ് ഇലക്ഷന്‍ നടക്കുന്നത്. മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും ആശാശരത്തുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഔദ്യോഗികപക്ഷം അവതരിപ്പിച്ച 11 പേരെ കൂടാതെ ലാലും വിജയ് ബാബുവും നാസര്‍ ലത്തീഫും മത്സരരംഗത്തുണ്ട്.

Signature-ad

സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് മോഹന്‍ലാലും സിദ്ധിക്കും അമ്മയിലെ അംഗങ്ങള്‍ക്ക് ഇതിനോടകം കത്തെഴുതിയിട്ടുണ്ട്.

‘മുന്‍ കാലങ്ങളിലുണ്ടായിരുന്ന കമ്മിറ്റിയില്‍നിന്ന് വ്യത്യസ്തമായി രണ്ട് വൈസ് പ്രസിഡന്റുമാരും അഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ത്രീകളായിരിക്കണമെന്നത് പൊതുവിലുണ്ടായ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് വരുത്തിയ മാറ്റങ്ങളാണ്. ഇതനുസരിച്ച് മുകേഷും ഗണേഷ്‌കുമാറും ജഗദീഷും സ്വയം പിന്മാറുകയും പകരം പുതിയ ചില അംഗങ്ങള്‍ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്. ഇവരെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ലിസ്റ്റ് ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. തീരുമാനം എടുക്കേണ്ടത് നിങ്ങളാണ്.’ എന്ന അഭ്യര്‍ത്ഥനയോടെയാണ് മോഹന്‍ലാല്‍ കത്ത് അവസാനിപ്പിക്കുന്നത്.

‘അമ്മ ഉണ്ടാക്കിയത് ഞാനാണെന്ന് അവകാശവാദം മുഴക്കിയവരോ, അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരോ, അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരോ, ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നല്‍കാമെന്ന മോഹന വാഗ്ദാനം നല്‍കി അമ്മയെ കബളിപ്പിച്ചവരോ അല്ല ഇത്തവണ മത്സരരംഗത്തുള്ളവരെന്നാണ് സിദ്ധിക്കിന്റെ കത്തിലുള്ളത്. മറിച്ച് ഏറ്റെടുത്ത ജോലി ഭംഗിയായി നിര്‍വ്വഹിച്ച് പരിചയമുള്ളവര്‍. മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍. ഞങ്ങള്‍ ഒരുമിച്ച് കൈകോര്‍ത്താല്‍ അമ്മയുടെ ഓരോ അംഗങ്ങള്‍ക്കുവേണ്ടി ഇനിയും ഒരുപാട് നന്മകള്‍ ചെയ്യാനാകും.’ സിദ്ധിക്ക് കത്തില്‍ പറയുന്നു.

ഇതിനു പുറമെ മത്സരരംഗത്തുള്ള പലരും അംഗങ്ങളെ നേരില്‍ ഫോണില്‍ വിളിച്ചും കത്തിലൂടെയും വോട്ടഭ്യര്‍ത്ഥന നടത്തുന്നുണ്ട്. മണിയന്‍പിള്ള രാജു അംഗങ്ങള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത് അമ്മയുടെ കെട്ടുറപ്പിനുവേണ്ടിയുള്ളതാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നാണ്. മത്സരം കടുക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ തന്നെയാണ് ഇത് നല്‍കുന്നത്. 19-ാം തീയതി ഞായറാഴ്ച രാവിലെ 11 മുതല്‍ ഒരു മണിവരെയാണ് വോട്ടിംഗ്‌സമയം.

Back to top button
error: