IndiaNEWS

നല്ല ഫ്രഷ് മീൻ ചൂടോടെ കഴിക്കാം, ഷോളയാർ-വാൽപ്പാറ കാഴ്ചകളും കാണാം

ചേതോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടുകൊണ്ടുള്ള ഒരു യാത്രയാണ് ഷോളയാർ -വാൽപ്പാറ യാത്ര.പ്രത്യേകിച്ച് ചാലക്കുടി-മലക്കപ്പാറ-ഷോളയാർ-വാൽപ്പാറ റൂട്ടാകുമ്പോൾ.
അപ്പര്‍ ഷോളയാര്‍ ഡാം വഴി പ്രശസ്തമായ സ്ഥലമാണ് ഷോളയാര്‍.വാല്‍പ്പാറയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണിത്. ഏഷ്യയിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ ഡാമാണിത്.വര്‍ഷം മുഴുവനും സഞ്ചാരികള്‍ ഇവിടെയെത്തുന്നു.വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

മലക്കപ്പാറക്കു സമീപമായി ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറില്‍ ഷോളയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച അണക്കെട്ടാണ് ഷോളയാര്‍ അണക്കെട്ട് (ലോവര്‍ ഷോളയാര്‍ അണക്കെട്ട്).ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റര്‍ അകലെ മലക്കപ്പാറയിലേക്ക് പോകുന്ന സംസ്ഥാനപാത 21ന് സമീപമാണ് ലോവര്‍ ഷോളയാര്‍ ഡാം സ്ഥിതിചെയ്യുന്നത്.തോട്ടങ്ങള്‍ക്കും, വനത്തിനും, ഹരിതാഭയാര്‍ന്ന മലനിരകള്‍ക്കും ഇടയിലാണ് ഇതിന്‍റെ സ്ഥാനം.നഗരത്തിരക്കുകളില്‍ നിന്ന് വരുന്നവര്‍ക്ക് ശാന്തതയും, സ്വച്ഛതയും ലഭിക്കുന്ന ഒരിടമാണിത്.

 

Signature-ad

ചാലക്കുടിയിൽ നിന്ന് വരുമ്പോൾ മലക്കപ്പാറ ചെക്പോസ്റ്റിൽ തീരുന്നു കേരളം.പിന്നീട് തമിഴ്മൊഴിയാണ്. കഷ്ടിച്ചൊരു ആറ് കിലോമീറ്റർ പോയാൽ ഷോളയാർ ഡാം സിറ്റി- എന്ന തിരക്കുപിടിച്ചൊരു ‘ഠ’ വട്ടം കാണാം.
അവിടെനിന്ന് മുകളിലേക്ക് കയറുമ്പോഴാണ് തമിഴ്നാടിന്റെ അപ്പർ ഷോളയാർ ഡാം. ഇനിയങ്ങോട്ട് തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വാൽപ്പാറയിലേക്കുള്ള ഹെയർപിൻ വളവുകളാണ്.ദക്ഷിണേന്ത്യയിലെ തന്നെ മനോഹരമായ 40 മുടിപ്പിൻ വളവുകൾ. തിരിഞ്ഞും വളഞ്ഞും കയറ്റം കയറി ഒമ്പതാം വളവിലെത്തിയാൽ ‘ലോംസ് വ്യൂപോയിന്റാ’യി. ഇവിടെ നിന്ന് നോക്കിയാൽ പൊള്ളാച്ചിയുടെയും ആളിയാറിന്റെയും വിശാലമായ കാഴ്ച കാണാം.വീണ്ടും മുൻപോട്ടു കയറ്റം കയറി പോയാൽ വാൽപ്പാറയായി.

 

വാൽപ്പാറയിലെ കാഴ്ചകൾ കണ്ട് ആസ്വദിച്ച ശേഷം വഴിയോരക്കടകളിലെ തിരക്കുകളിലേക്ക് കയറാം.മുളകരച്ചുപുരട്ടിയ, മൊരുമൊരാന്നിരിക്കുന്ന പല വലുപ്പത്തിലുള്ള മീനുകൾ മാടിവിളിക്കും. പിന്നെയും ഉണ്ട് നാടൻ വിഭവങ്ങൾ, ഉപ്പിലിട്ടതും ഉപ്പിലിടാത്തതുമെല്ലാമായി.ലൈവായി പൊരിച്ചു തരുന്ന മീനുകളാണ് വാൽപ്പാറയിലെയും ഷോളയാറിലെയും ഹൈലൈറ്റ്.

 

ഉത്സവപ്പറമ്പുകളിലെ വളക്കടകൾ പോലെ മുളക് പുരട്ടി മീൻ വച്ചിരിക്കുന്ന ചുവപ്പൻ കാഴ്ചകൾ വഴി നീളെ. ഫിഷ് ഫ്രൈ റെഡി എന്ന് ഇംഗ്ലിഷിലും തമിഴിലും എഴുതിയ ബോർഡുകൾ.നൂറു രൂപയ്ക്ക് നാലു തിലോപ്പിയ പൊരിച്ചത്.ഇരുപത് രൂപയ്ക്ക് നാല് മത്തി വറുത്തത്.അയല ഒരു പീസ് മുപ്പതു രൂപ. വലിയ കട്‌ലയുടെയും രോഹുവിന്റെയും വളയൻ പീസുകൾ. നീളൻ ആരൽ, വരാൽ.നെയ്മീൻ ചില്ലി-40 രൂപ (ചെറുതായി നുറുക്കിയത്.ഇരുപത് പീസെങ്കിലും ഉണ്ടാവും) അങ്ങനെ മീനുകളുടെ പല വെറൈറ്റികൾ.സവാളയും നാരങ്ങയും ഒപ്പം കിട്ടും.മസാലദോശയ്ക്കൊപ്പമുള്ള വട പോലെ.
വഴിയരികിൽ മീൻ പാചകം ചെയ്യുന്ന ധാരാളം സ്ത്രീകളെ കാണാം.അവർ പാചകം ചെയ്തത് വാങ്ങി കഴിക്കാം അല്ലെങ്കിൽ മീൻ വാങ്ങി പാചകം ചെയ്യിച്ചെടുക്കാം. ഫ്രൈ ചെയ്ത മീൻ തുക്കിയും വാങ്ങാം… എല്ലാം ലൈവായാണ് പൊരിക്കുന്നത്.ആ ഗുണം ഫ്രൈയിൽ കാണാനുമുണ്ട്..നാവിൽ രുചിയുടെ കപ്പലോടും. അപ്പോ എങ്ങനെ, പുറപ്പെടുകയല്ലേ…
ഫോട്ടോ:
പാര മീൻ  വറക്കുന്ന ആനമല ആളിയാർ ഡാമിനു മുന്നിലുള്ള ഹംസവേണി അമ്മ
റൊമ്പ പ്രമാദം….! അത്രയേ പറയാനുള്ളൂ !!

Back to top button
error: