IndiaNEWS

ശൈലേന്ദ്ര ബാബു എന്ന മലയാളി മന്നൻ അഥവാ തമിഴ്നാട് ഡിജിപി ഡോ. സി ശൈലേന്ദ്ര ബാബു ഐപിഎസ്സിന്റെ വിജയ കഥ

തിരുവനന്തപുരം പാലോടുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിലെ പഴയ  ഓഫിസറാണ്.പക്ഷെ അന്നത്തെ പരിചയക്കാർക്ക് അദ്ദേഹത്തെ ഒന്നു കാണണമെങ്കിൽ ഇപ്പോൾ ചെന്നൈ മൈലാപ്പൂരുള്ള തമിഴ്നാട് പൊലീസ് മേധാവിയുടെ ഓഫിസിൽ എത്തിച്ചേരണം. ഡോ. സി.ശൈലേന്ദ്ര ബാബു ഐപിഎസ് ശുദ്ധ മലയാളത്തിൽ അവരെ സ്വാഗതം ചെയ്യും. എന്നിട്ടു പറയും.‘‘കേരളവും തിരുവനന്തപുരവും എനിക്ക് ഏറ്റവും ഭാഗ്യമുള്ള ഇടമാണ്’’.
തിരുവനന്തപുരത്തു നിന്ന് നാൽപതു കിലോമീറ്റർ യാത്ര ചെയ്താൽ അദ്ദേഹത്തിന്റെ നാടായ കുഴിത്തുറയായി.പിതാവ് ചെല്ലപ്പൻ കെഎസ്ആർടിസി ജീവനക്കാരനായിരുന്നു.
അതിസാധാരണ ചുറ്റുപാടിൽനിന്നു കഠിനാധ്വാനം കൊണ്ട് ഉയരങ്ങൾ കീഴടക്കിയ കഥയാണ് ശൈലേന്ദ്ര ബാബുവിന്റേത്.
സംസ്ഥാന രൂപീകരണത്തിനു മുൻപു തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന കുഴിത്തുറയിൽ സ്വാതി തിരുനാൾ സ്ഥാപിച്ച സർക്കാർ സ്കൂളിലാണ് അദ്ദേഹം പഠിച്ചത്.ആദ്യം കൊച്ചിയിൽ നേവി ജീവനക്കാരനായിരുന്ന പിതാവ് ചെല്ലപ്പൻ, ശൈലേന്ദ്ര ബാബു ജനിച്ച സമയത്തു കെഎസ്ആർടിസിയിൽ ചെക്കിങ് ഇൻസ്പെക്ടറാണ്. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്യുമ്പോൾ ഭാര്യ രത്നമ്മാളും എട്ടു മക്കളും കുഴിത്തുറയിൽ തുടർന്നു. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ ആയിട്ടാണു ചെല്ലപ്പൻ വിരമിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മധുര അഗ്രിക്കൾച്ചറൽ കോളജിൽ നിന്നു ബിരുദവും കോയമ്പത്തൂർ കാർഷിക വാഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം തിരുവനന്തപുരത്ത് ഐഒബിയിൽ ശൈലേന്ദ്ര ബാബു ഓഫിസറായി.പാലോട് കൂടാതെ ഭരതന്നൂർ, കല്ലിയൂർ ബാങ്ക് ബ്രാഞ്ചുകളിലെ അഗ്രിക്കൾച്ചറൽ ഓഫിസറിന്റെ ചുമതലയും ബാബുവിന് ആയിരുന്നു.
‘‘വൈകിട്ട് ഏഴുമണി വരെ ബാങ്ക് ജോലി ഉണ്ടാകും. രാത്രി രണ്ടു മൂന്നു മണി വരെ സിവിൽ സർവീസ് പഠനം. ബാങ്കിലെ എല്ലാവരും എനിക്ക് എല്ലാ പിന്തുണയും നൽകി’’ പാലോട് ഒരു വീടിനോടു ചേർന്നായിരുന്നു താമസം. കൃഷ്ണൻകുട്ടി നായർ എന്ന അന്നത്തെ ബാങ്ക് മാനേജരുമായി ഉള്ള സ്നേഹബന്ധം ഇന്നും തുടരുന്നു. ‘ഹൗ ടു ബിക്കം ആൻ ഐപിഎസ് ഓഫിസർ’ എന്ന ശൈലേന്ദ്ര ബാബുവിന്റെ പുസ്തകം ‘എങ്ങനെ ഒരു ഐപിഎസ് ഓഫിസർ ആകാം’ എന്നു മലയാളത്തിൽ മൊഴിമാറ്റം നടത്തിയതു കൃഷ്ണൻകുട്ടി നായരാണ്.‘‘ ആ പുസ്തകം കേരളത്തിൽ നല്ലതുപോലെ സ്വീകരിക്കപ്പെട്ടെന്നാണ് മനസ്സിലാക്കുന്നത്.അങ്ങനെ മലയാളത്തിൽ ഗ്രന്ഥകർത്താവുമായി’’ ശൈലേന്ദ്ര ബാബുവിന്റെ വാക്കുകളിൽ ആഹ്ലാദവും അഭിമാനവും.
 1985ൽ ഐഒബി ഓഫിസറായ ശൈലേന്ദ്ര ബാബു രണ്ടാം വർഷം, തന്റെ രണ്ടാം ഊഴത്തിൽ ഐപിഎസിൽ എത്തി.സിവിൽ സർ‍വീസ് പരീക്ഷ എഴുതിയത് തിരുവനന്തപുരത്തെ കേന്ദ്രത്തിൽ.
‘എനിക്ക് കേരളമെന്നും ഭാഗ്യമായിരുന്നു”.
 പരിശീലനത്തിനുശേഷം ഗോപി ചെട്ടിപാളയത്ത് അസിസ്റ്റന്റ് സൂപ്രണ്ട് ആയുള്ള ആദ്യ നിയമനം വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു.ചന്ദന രാജാവ് വീരപ്പനെ നേരിടാൻ നിയോഗിച്ച 5 ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ശൈലേന്ദ്ര ബാബു. നിർഭാഗ്യമെന്നു പറയട്ടെ, എസ്പി ഹരികൃഷ്ണ അടക്കം ബാക്കി നാലുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ‘‘എങ്ങനെയോ ഞാൻ‍ രക്ഷപ്പെട്ടു.”
ശൈലേന്ദ്ര ബാബുവിന്റെ വാക്കുകൾക്കുള്ളിൽ കുസൃതി ചിരി.
ധീരതയ്ക്കുള്ള സ്പെഷൽ ടാസ്ക്ഫോഴ്സ് മെഡൽ ആ ദൗത്യത്തിന്റെ പേരിൽ ശൈലേന്ദ്ര ബാബുവിന് ലഭിച്ചു.പിന്നീട് രാഷ്ട്രപതിയുടെ മെഡൽ വരെ. തമിഴ്നാട് പൊലീസിൽ വിവിധ താക്കോൽ പദവികളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ക്രിമിനോളജിയിലാണു ഡോക്ടറേറ്റ്.ഭാര്യയും രണ്ടുമക്കളും അടങ്ങുന്നതാണു കുടുംബം. നാഷനൽ പൊലീസ് അക്കാദമിയിൽ കേരള കേഡറിലെ ടോമിൻ തച്ചങ്കരിയും ആർ.ശ്രീലേഖയും സുദേഷ് കുമാറും ശൈലേന്ദ്ര ബാബുവിന്റെ ബാച്ച് മേറ്റുകൾ ആയിരുന്നു.തുടരുന്ന ഒരു മലയാളി രക്തബന്ധം തന്നെ അദ്ദേഹത്തിനുണ്ട്. ബിഎസ്എൻഎ‍ൽ ഉദ്യോഗസ്ഥനായ ജ്യേഷ്ഠൻ പ്രേം കുമാറും കുടുംബവും കൊല്ലത്താണ് താമസം.
അഗ്രികൾച്ചറിൽ എംഎസ്.സിയും എംഎ, പിഎച്ച്ഡി, സൈബർക്രൈമിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കിയ ഉദ്യോഗസ്ഥനാണ് ശൈലേന്ദ്ര ബാബു. തമിഴ് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷയ്ക്ക് പുറമെ ഫ്രഞ്ച് ഭാഷയും അദ്ദേഹത്തിന് വഴങ്ങും. വിവിധ വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ചെറുപ്പക്കാർക്കിയിൽ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണ് ശൈലേന്ദ്ര ബാബു. നിരവധി പേരെ സേനയിലേക്ക് ആകർഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ശൈലേന്ദ്ര ബാബു വാർത്തകളിൽ നിറഞ്ഞു നിന്ന ഏറെ പ്രമാദമായ കേസായിരുന്നു ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവം.2010 ലായിരുന്നു ഇത്.ശൈലേന്ദ്ര ബാബു അന്ന് കോയമ്പത്തൂർ മുനിസിപ്പൽ പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചുവരികെയായിരുന്നു.കുട്ടികളെ ജീവനോടെ രക്ഷിക്കാനായില്ലെങ്കിലും പ്രതികളിൽ ഒരാളെ വധിക്കാനും കൂട്ടാളിയെ പിടികൂടാനും ശൈലേന്ദ്ര ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കഴിഞ്ഞിരുന്നു. 2010 ഒക്ടോബറിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിയെയും എട്ടു വയസ്സുള്ള ആൺകുട്ടിയെയും പൊള്ളാച്ചിയിൽ നിന്ന് ടാക്സി ഡ്രൈവർ മോഹനകൃഷ്ണൻ തട്ടിക്കൊണ്ടുപോയി. കോയമ്പത്തൂരിലെ ടെക്സ്റ്റൈൽ ഉടമയുടെ മക്കളായിരുന്നു ഈ കുട്ടികൾ. പൊള്ളാച്ചിക്കടുത്ത് വെച്ച് സ്കൂളിലേക്കു പോകുകയായിരുന്നു കുട്ടികളെ മോഹനകൃഷ്ണനും കൂട്ടാളി മനോഹരനും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ.കുട്ടികളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ ഉദുമൽപേട്ടയിലെ കനാലിൽനിന്ന് കണ്ടെത്തി. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. വിഷം നൽകി കുട്ടികളെ കൊലപ്പെടുത്തിയശേഷം കനാലിൽ എറിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മോഹന കൃഷ്ണനെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. മനോഹരനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹരനെ 2014ൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ പിന്നീട് ജീവപര്യന്തരമായി ഇളവ് ചെയ്തു. മനോഹരൻ ഇപ്പോഴും ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്.

Back to top button
error: