*മരിച്ചുവെന്ന് കരുതി 48 മണിക്കൂർ ശവങ്ങളുടെ കൂടെ
മോർച്ചറിയിൽ…ഒടുവിൽ ജീവിച്ചിരിക്കെ തന്നെ മഹാവീരചക്ര..! ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കുന്നത്.മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്*
രാജ്യം കണ്ട ഏറ്റവും ധീരനായ ഒരു പട്ടാളക്കാരനായിരുന്നു പത്തനംതിട്ട കോഴഞ്ചേരിയ്ക്ക് അടുത്തുള്ള ഇടയാറൻമുള സ്വദേശിയായ ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്.1971 ലെ ഇന്തോ- പാക് യുദ്ധത്തിൽ ലാഹോ റിലെ പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുത്തതിലൂടെയാണ് ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് ശ്രദ്ധേയനാകുന്നത്.യുദ്ധത്തിൽ ഇന്ത്യക്ക് അനുകൂലമായ ഏറ്റവും നിർണായകമായ നീക്കമായിരുന്നു ഇത്. ഈ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകളെ മാനിച്ചാണ് ജീവിച്ചിരിക്കത്തന്നെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ മഹാവീര ചക്ര നൽകി രാജ്യം അദേഹത്തെ ആദരിച്ചതും. (ജീവിച്ചിരിക്കുന്ന സൈനികർക്ക് അപൂർവമായി മാത്രമാണ് മഹാവീര ചക്ര ലഭിക്കുന്നത്) മഹാവീര ചക്ര ലഭിച്ച ഏക മലയാളിയും അദ്ദേഹമാണ്.
1971 ഡിസംബർ 16 ന് രാത്രി ബസന്തറിൽ പാക്സൈന്യത്തോട് നേർക്കുനേർ പൊരുതിയ ഇന്ത്യൻ സൈന്യത്തിൽ മദ്രാസ് റജിമെന്റിലെ ഒരു ബറ്റാലിയനിലെ പ്ലാറ്റൂൺ കമാൻഡർ ആയിരുന്നു ഹവിൽദാർ ടി.ഫിലിപ്പോസ്.പാക്കിസ്ഥാൻ സൈനിക പോസ്റ്റ് പിടിക്കുന്നതിന് വേണ്ടി നടത്തിയ കടുത്ത പോരാട്ടത്തിൽ ഇന്ത്യൻ സൈന്യത്തിൽ നിരവധി ആളുകൾ മരിക്കുകയും പരുക്കേൽക്കുകയും ചെയ്തു.എന്നിട്ടും ഹവിൽദാർ തോമസ് ഫിലിപ്പോസ് പിൻമാറിയില്ല.അവരുടെ പോസ്റ്റ് പിടിച്ചെടുക്കുന്നതുവരെ അദ്ദേഹം മുന്നണിപ്പോരാളിയായി നിന്ന് യുദ്ധം ചെയ്തു.
പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തതിന് പിന്നാലെ കടുത്ത തിരിച്ചടി അവരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവശേഷിച്ച ആളുകളുമായി ഫിലിപ്പോസിന്റെ നേതൃത്വത്തിൽ വീണ്ടും യുദ്ധം തുടർന്നു. ഇതിനിടെ വെടിയേറ്റ് ഫിലിപ്പോസിന് ഗുരുതരമായി പരുക്കേറ്റു.എന്നിട്ടും അദ്ദേഹം പിന്മാറിയില്ല.ഫിലിപ്പോസിന്റെ പോരാട്ടവീര്യം അവശേഷിച്ച വിരലിൽ എണ്ണാവുന്ന സൈനികരെയും ഉത്തേജിപ്പിച്ചു.അവർ സംഘടിതമായി തിരിച്ചടിച്ച് പിടിച്ചു നിന്നു.ഒടുവിൽ പാക്കിസ്ഥാൻ പട്ടാളത്തിന് ജീവനും കൊണ്ട് അവിടെ നിന്ന് തിരിഞ്ഞോടേണ്ടിയും വന്നു.
ലാഹോറിലെ പാകിസ്ഥാൻ സൈനിക പോസ്റ്റ് പിടിച്ചെടുക്കുന്നതിന് വേണ്ടി നടത്തിയ യുദ്ധത്തിൽ വെറും മുപ്പത്തിയാറ് സൈനികർ മാത്രമായിരുന്നു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. അതിൽ പതിനഞ്ച് പേർ പാക് സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ടു. എന്നാൽ പിൻമാറാതെ അവശേഷിച്ച സൈനികരുമായി അദ്ദേഹം പോരാട്ടം തുടരുകയായിരുന്നു.അതിനിടയിൽ അദ്ദേഹത്തിന്റെ നെഞ്ചിന്റെ ഇരുവശത്തും വെടിയേറ്റു.നെഞ്ചിൽ വെടിയേറ്റാൽ പിന്നെ ജീവിച്ചിരിക്കില്ലെന്നാണ്.അങ് ങനെയാണ് രക്തം വാർന്നൊഴുകി കുഴഞ്ഞുവീണ അദ്ദേഹത്തെ മരിച്ചു എന്ന് കരുതി മറ്റു ശവശരീരങ്ങൾക്കൊപ്പം മോർച്ചറിയിലേക്ക് മാറ്റുന്നത്.
എന്നാൽ മരണം പോലും തൊടാൻ ശങ്കിച്ച വ്യക്തിയായിരുന്നു തോമസ് ഫിലിപ്പോസ് എന്ന് വേണം കരുതാൻ.മോർച്ചറിക്ക് മുന്നിലൂടെ നടന്നുപോയൊരാൾ അകത്ത് നിന്ന് വെള്ളം ഒഴുകുന്നതായി കണ്ട് തുറന്ന് നോക്കിയപ്പോൾ മൃതദേഹങ്ങൾക്കൊപ്പമുള്ള ഒരു ശരീരത്തിൽ നിന്നും മൂത്രം വരുന്നു. അടുത്തു ചെന്ന് നോക്കിയപ്പോൾ നേരിയ ശ്വാസമുണ്ട്.രക്തം മുഴുവൻ വാർന്ന് അവശനിലയിലായിരുന്ന അദ്ദേഹത്തെ അപ്പോൾത്തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
1962 ലെ ചൈന യുദ്ധം, 1965 ലെ പാകിസ്താൻ യുദ്ധം, 1967 ലെ നാഗാ ഓപ്പറേഷൻ, 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം, 1983 ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം, 1983 ലെ മിസോറം ഓപ്പറേഷൻ, 1984 ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ, 1987 ൽ വാഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ എന്നിവയിൽ പങ്കെടുത്ത ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് 1992 ൽ സൈന്യത്തിൽനിന്ന് വിരമിച്ചു.
1971 ൽ പാകിസ്ഥാന്റെ വെടിയേറ്റ് മരിച്ചെന്ന് കരുതി രണ്ട് ദിവസ൦ മോ൪ച്ചറിയിൽ കിടന്ന തോമസ് ഫിലിപ്പോസ് മരിക്കുന്നത് പിന്നീട് 47 വ൪ഷങ്ങൾക്ക് ശേഷ൦, 2018 ജൂൺ 8 ന്!
തോമസ് ഫിലിപ്പോസിനോടുള്ള ആദരവ് പ്രകടിപ്പിച്ച് നീലഗിരി വെല്ലിങ്ടൺ സെന്ററിലെ ജവാൻസ് ഫാമിലി ക്വാർട്ടേഴ്‌സ്, കായിക പരിശീലനത്തിനുള്ള ജിംനേഷ്യം എന്നിവയ്ക്ക് ഇദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്. നീലഗിരിയിലെ മ്യൂസിയത്തിൽ ഇദ്ദേഹത്തിന്റെ വെങ്കലപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. തോമസ് ഫിലിപ്പോസ് എൻക്ലേവ് എന്ന മറ്റൊരു കെട്ടിടസമുച്ചയവും ഇവിടെ അദ്ദേഹത്തിന്റെ പേരിലായി നിർമ്മിച്ചിട്ടുണ്ട്.മദ്ധ്യപ് രദേശിലെ മോവിലുള്ള ഇൻഫൻട്രി സ്‌കൂളിലും 12 അടി ഉയരത്തിൽ ഇദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.ജമ്മു കശ്മീരിൽ തോമസ് ഫിലിപ്പോസ് റോഡ്, ജമ്മുവിലെ ആർ.എസ്.പുരയിലെ ഓഡിറ്റോറിയത്തിൽ പ്രതിമ എന്നിവയും അദ്ദേഹത്തിനുള്ള രാജ്യത്തിന്റെ ആദരമാണ്.
കേരളത്തിൽ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ സ്റ്റേഡിയത്തിനും ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിട്ടുള്ളത്.പല സ൦സ്ഥാനങ്ങളിലെയും സ്കൂൾ പാഠപുസ്തകങ്ങളിൽ ക്യാപ്റ്റ൯ ഫിലിപ്പോസിന്റെ വീരകഥ പഠിക്കാനുണ്ടെന്നറിയുമ്പോഴാണ് ആ പട്ടാളക്കാരന്റെ പോരാട്ടവീര്യം നാം മനസ്സിലാക്കേണ്ടത്.
സിയാച്ചിനിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച ധീരസൈനികർക്ക് സ്വന്തം സ്ഥലത്ത് സ്മാരകമൊരുക്കി ആദരവ് നൽകിയ സൈനികൻ കൂടിയായിരുന്നു ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്. കൊല്ലം മൺറോതുരുത്ത് സ്വദേശി സുധീഷുൾപ്പെടെ ഇരുപതുപേരുടെ പേരുകൾ സ്മാരകത്തിൽ കൊത്തിവച്ചിട്ടുണ്ട്.സുധീഷിനോട് കേരള സർക്കാർ കാണിച്ച അനാദരവിനോടുള്ള ഒരു സൈനികന്റെ പ്രതിഷേധം കൂടിയായിരുന്നു അത്.ഇടയാറൻമുള എരുമക്കാട്ടെ വീടിനോട് ചേർന്നുള്ള മൂന്ന് സെന്റ് സ്ഥലത്ത് ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് അദ്ദേഹം വീരജവാൻ സ്മാരകം ഉയർത്തിയത്. ഇവിടെ മാത്രമല്ല, ആറൻമുളയിലെ വാർ മെമ്മോറിയലും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.
അതെ, ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്ന മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് എല്ലാ അർത്ഥത്തിലും ഒരു ധീരജവാൻ തന്നെയായിരുന്നു!