തിരുവനന്തപുരം: പട്ടാപ്പകല്‍ സുധീഷ് എന്ന യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ 3പേര്‍ കൂടി പിടിയില്‍. വിഷ്ണു, അരുണ്‍, സച്ചിന്‍ എന്നിവരാണ് പിടിയിലായത്. വെട്ടിയെടുത്ത കാലുമായി ബൈക്കില്‍ പോയ മൂന്നു പേരില്‍ ഒരാളാണ് അരുണ്‍. ഇതോടെ പിടിയിലായവരുടെ എണ്ണം ആറ് ആയി. മൂന്ന് പേരെ ഇന്ന് റിമാന്‍ഡ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ച് പ്രതികള്‍ ആക്രമിച്ചത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകള്‍ എത്തുന്നതിന്റെയും കാല്‍ റോഡിലെറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിന്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.